പിതൃതര്‍പ്പണം തുടങ്ങി; വര്‍ക്കല പാപനാശത്തേക്ക് ഭക്തജനപ്രവാഹം
Posted on: 14 Aug 2015
വര്‍ക്കല: ദക്ഷിണകാശിയെന്നറിയപ്പെടുന്ന വര്‍ക്കല പാപനാശത്ത് കര്ക്കടകവാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വാവുബലി ആരംഭിച്ചു. രാത്രി 8 വരെ നീണ്ടുനില്‍ക്കും. ഒരു പകല്‍ മുഴുവന്‍ ബലിതര്‍പ്പണത്തിന് സൗകര്യമുണ്ട്. വ്യാഴാഴ്ച വൈകീട്ട് മുതല്‍തന്നെ വിവിധ ജില്ലകളില്‍നിന്നുള്ള ഭക്തര്‍ പാപനാശത്തെത്തി. രാത്രിയായതോടെ കടല്‍ത്തീരത്ത് ഭക്തര്‍ നിറഞ്ഞു.
ബലിപൂജകള്‍ നടത്തുന്നതിന് നൂറിലധികം പുരോഹിതര്‍ക്ക് ക്ഷേത്രം ഓഫീസില്‍നിന്ന് ലൈസന്‍സ് കാര്‍ഡ് നല്‍കിയിട്ടുണ്ട്. കടല്‍ത്തീരത്ത് 10 അടി നീളത്തിലും 15 അടി വീതിയിലും സ്ഥലം കയര്‍ കെട്ടിത്തിരിച്ചാണ് ബലിത്തറകള്‍ സജ്ജീകരിച്ചത്. ബലികര്മ്മികള്ക്കുള്ള സൗകര്യം വ്യാഴാഴ്ച ഉച്ചയോടെ ഒരുക്കി. പതിനായിരത്തോളം പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്താന്‍ കഴിയും. പാപനാശത്തെ ബലിമണ്ഡപം ആദ്യമായി കര്‍ക്കടകവാവുബലിക്ക് തുറന്നുകൊടുത്തു. ബലിമണ്ഡപത്തിനകത്തും പുറത്ത് തയ്യാറാക്കിയ പന്തലിലുമായി ഒരേസമയം 200 പേര്‍ക്ക് ബലിതര്‍പ്പണം നടത്താനാകും.
പിതൃമോക്ഷക്രിയയായ തിലഹവനം നടത്താന്‍ ക്ഷേത്രത്തിന് പുറത്തെ ഓഡിറ്റോറിയത്തില്‍ സൗകര്യമേര്‍പ്പെടുത്തി. പ്രസാദവിതരണത്തിനായി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കിയിട്ടുണ്ട്. പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ വഴിപാട് നടത്തുന്നതിനായി പാപനാശത്തും കൗണ്ടര്‍ തുറന്നു.
സന്നദ്ധസംഘടനാപ്രവര്‍ത്തകരും പിതൃതര്പ്പണത്തിനെത്തുന്നവരെ സഹായിക്കാനുണ്ട്. മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിന് പ്രധാന ഭാഗങ്ങളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. സ്ഥാപിച്ചു. വര്‍ക്കല ക്ഷേത്രക്കുളം നവീകരണത്തിന്റെ ഭാഗമായി വറ്റിച്ചതിനാല്‍ ബലിയിട്ട ശേഷം ഭക്തര്‍ക്ക് ദേഹശുദ്ധി വരുത്തുന്നതിന് സൗകര്യക്കുറവുണ്ടാകും. ചക്രതീര്ത്ഥത്ഥക്കുളത്തിന് സമീപമായി ടാങ്ക്, ഷവര്‍ എന്നിവ സ്ഥാപിച്ചും സമീപത്തെ പാത്രക്കുളം നവീകരിച്ചുമാണ് പകരം സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്. കടല്‍ത്തീരത്ത് കൂടുതല്‍ ലൈഫ്ഗാര്‍ഡുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഏത് അപകടസാഹചര്യത്തെയും നേരിടാന്‍ ഫയര്‍ഫോഴ്സും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വാവ് വിപണി ലക്ഷ്യമിട്ട് എല്ലാവിധ കച്ചവടക്കാരും പാപനാശത്ത് നിരന്നു. കര്‍ക്കടക വാവുബലിയുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ കണ്ട്രോള് റൂം തുടങ്ങി. ഫോണ്‍: 0470-2613222.
പാപനാശത്ത് മാതൃഭൂമി സ്റ്റാള്‍ തുടങ്ങി
31
വര്‍ക്കല: കര്‍ക്കടകവാവിനോടനുബന്ധിച്ച് വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിന് സമീപം മാതൃഭൂമി സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.ഷീല ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷ്ണതീരം ആയുര്ഹോളി ബീച്ച് റിസോര്‍ട്ട് ഓപ്പറേഷന് മാനേജര്‍ സുബിന് ജോര്‍ജ്, പര്‍ച്ചേസ് മാനേജര്‍ ഗോപകുമാര്‍, സെന്‍ ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ സെന്‍രാജ്, മാതൃഭൂമി പ്രതിനിധികളായ ബിജു വി.എസ്., പ്രതീഷ്, ഹൃദയനാഥ് എന്നിവര്‍ സംബന്ധിച്ചു. തീര്‍ത്ഥാടകര്‍ക്കായി മാതൃഭൂമിയും കൃഷ്ണതീരം ആയുര്ഹോളി ബീച്ച് റിസോര്‍ട്ടും ചേര്‍ന്ന് ഭക്തിവിജ്ഞാനസമീക്ഷ സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റാളില്‍നിന്ന് മാതൃഭൂമി പഞ്ചാംഗം, രാമായണം, മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭിക്കും.