പിതൃപുണ്യം തേടി ബലിതര്‍പ്പണം

Posted on: 14 Aug 2015



നെയ്യാറ്റിന്‍കര: പിതൃമോക്ഷം തേടിയുള്ള കര്‍ക്കടക വാവുബലി തര്‍പ്പണം വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങി. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവ ക്ഷേത്രത്തില്‍ തിലഹോമത്തിനും ക്ഷേത്രക്കടവില്‍ തര്‍പ്പണത്തിനും സൗകര്യം ഉണ്ട്. ക്ഷേത്ര കോമ്പൗണ്ടിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ഒരേസമയം ആയിരത്തിയഞ്ഞൂറ് പേര്‍ക്ക് ബലിതര്‍പ്പണം ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തിനോട് ചേര്‍ന്ന് നെയ്യാറില്‍ തര്‍പ്പണം ചെയ്യുന്നതിനും സൗകര്യം ഉണ്ട്.
ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് അരുവിപ്പുറം മഠത്തിലെ പുരോഹിതരാണ് നേതൃത്വം വഹിക്കുന്നതെന്ന് സ്വാമി സാന്ദ്രാനന്ദയും അരുവിപ്പുറം പ്രചാരസഭ ചീഫ് കോ -ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷും പറഞ്ഞു.
കര്‍ക്കടക ബലിതര്‍പ്പണം പ്രമാണിച്ച് അരുവിപ്പുറത്തേയ്ക്ക് കെ.എസ്.ആര്‍.ടി.സി വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് സമീപം പോലീസിന്റെയും അഗ്നിശമന സേനയുടെയും എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തിക്കും. ക്ഷേത്രപരിസരത്ത് പാര്‍ക്കിങ്ങിന് സൗകര്യം പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കന്യാകുമാരിയിലെ സാഗര സംഗമത്തിലും വാവുബലി കടവിലും ബലിതര്‍പ്പണത്തിന് സൗകര്യം ഉണ്ടായിരിക്കും. തിരുപുറം മഹാദേവര്‍ ക്ഷേത്രക്കടവിലും വിപുലമായ സൗകര്യങ്ങളാണ് പിതൃതര്‍പ്പണത്തിന് ഒരുക്കിയിട്ടുള്ളത്. പാലയ്ക്കാപറമ്പ് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തണ്ടളം നാഗരാജ ക്ഷേത്രം, പരശുവയ്ക്കല്‍ തെക്കുംകര മഹാവിഷ്ണു ക്ഷേത്രം, ഊറ്ററ ചിദംബരനാഥ ക്ഷേത്രം, അഴകിക്കോണം ഭദ്രകാളി ക്ഷേത്രം, തിരുപുറം ശിവക്ഷേത്രം, തിരുവട്ടാര്‍ മൂവാറ്റുമുഖം ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രം, രാമേശ്വരം, കൂട്ടപ്പന ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിന് സൗകര്യം ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram