ബലിമണ്ഡപങ്ങള്‍ ഒരുങ്ങി: കര്‍ക്കടകവാവ് നാളെ
Posted on: 13 Aug 2015
തിരുവനന്തപുരം: ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ പിതൃതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വര്‍ക്കല, അരുവിപ്പുറം, കഴക്കൂട്ടം, കോവളം, വേളി, ശംഖുംമുഖം, തിരുവല്ലം എന്നിവിടങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം എന്നിവിടങ്ങളിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 നും വര്‍ക്കല ശിവഗിരിയില്‍ രാവിലെ 6.30 നും പാപനാശത്ത് പുലര്‍ച്ചെ മൂന്നിനുമാണ് ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിക്കുക. കര്‍ക്കടക വാവിനോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡ്, നഗരസഭ, പോലീസ്, കെ.എസ്.ആര്.ടി.സി., ടൂറിസം, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങളും യാത്രാസൗകര്യങ്ങളും ഏര്‍പ്പെടുത്തിട്ടുണ്ട്.
തലസ്ഥാനത്തെ പ്രമുഖ ബലിതര്പ്പണകേന്ദ്രങ്ങളായ തിരുവല്ലത്ത് ഒരേസമയം 3500 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്.
ഭക്തര്‍ക്ക് ബലിതര്‍പ്പണത്തിനായി വേണ്ട പൂജാദ്രവ്യങ്ങള്‍ വിതരണം ചെയ്യാനായി ദേവസ്വം ബോര്‍ഡ് 400 താത്കാലിക ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട് എ.സി. ആര്. സുധാകരന് പിള്ളയുടെ നേതൃത്വത്തിലാണ് തിരുവല്ലത്തെ സുരക്ഷാക്രമീകരണങ്ങള്‍ നടത്തുക.
ശംഖുംമുഖത്ത് എ.സി. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മുന്നൂറോളം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ബലിയിടാനെത്തുന്നവര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുന്നതിനായി വ്യാഴാഴ്ച വൈകീട്ട് മുതല്‍ പോലീസ് കണ്ട്രോള് റും പ്രവര്‍ത്തിക്കും. കടല്‍ക്ഷോഭമുള്ളതിനാല്‍ 20 ലൈഫ് ഗാര്‍ഡുകളെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവല്ലത്തും ശംഖുംമുഖത്തും അഗ്നിശമനസേനയുടെ മൂന്ന് യുണിറ്റുകളുടെ സേവനവും ഏര്‍പ്പെടുത്തി.
ശംഖുംമുഖത്തും തിരുവല്ലത്തും
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: തിരുവല്ലം, ശംഖുംമുഖം ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ചാക്കഭാഗത്തുനിന്ന് ആഭ്യന്തര ടെര്‍മിനലിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ ചാക്കവഴി ഈഞ്ചക്കല്‍, കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ വഴി പോകണം. ശംഖുംമുഖത്ത് ബലിതര്‍പ്പണത്തിനായി എത്തുന്നവര്‍ അവരുടെ വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് മെന്റ് വക ഗ്രൗണ്ട്, കാര്‍ഗോ മുതല്‍ പഴയ ആഭ്യന്തര വിമാനത്താവളത്തിലെ റോഡിന്റെ ഒരുവശം, ശംഖുംമുഖം- വെട്ടുകാട് റോഡിന്റെ ഒരു വശം, വേളി ഗ്രൗണ്ട്, ശംഖുംമുഖ ദേവീക്ഷേത്രപരിസരം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ചാക്ക ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഈഞ്ചക്കലില്‍ നിന്ന് അട്ടക്കുളങ്ങര വഴി കിള്ളിപ്പാലം, പാപ്പനംകോട് വഴിയാണ് പോകേണ്ടത്. കരുമം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തിരുവല്ലം ജങ്ഷനിലെത്തി അവിടെ നിന്നും തിരിഞ്ഞ് പാച്ചല്ലൂര്‍ വഴി പോകേണ്ടതാണ്. കുമരി ചന്ത മുതല്‍ തിരുവല്ലം, അമ്പലത്തറവരെയും തിരുവല്ലം പാച്ചല്ലൂര്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ബലിതര്‍പ്പണത്തിന് എത്തുന്ന വാഹനങ്ങള്‍ ബി.എന്‍.വി. സ്കൂള്‍ പാര്‍ക്കിങ് ഗ്രൗണ്ടിലും തിരുവല്ലം വാഴമുട്ടം ബൈപ്പാസ് റോഡിലെ പാര്‍ക്കിങ് ഗ്രൗണ്ടിലുമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്.
പരാതികളും നിര്‍ദ്ദേശങ്ങളും 9497987001, 9497987002, 0471-2558727, 0471-2558731 എന്ന നമ്പറുകളില്‍ അറിയിക്കണമെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു.