അരുവിപ്പുറത്തും കന്യാകുമാരിയിലും സൗകര്യം; ബലിതര്‍പ്പണത്തിന് ഒരുങ്ങി സ്നാനഘട്ടങ്ങള്‍
Posted on: 13 Aug 2015
നെയ്യാറ്റിന്‍കര: കര്‍ക്കടക വാവുബലിക്ക് അരുവിപ്പുറത്തും കന്യാകുമാരിയിലും വിപുലമായ ഒരുക്കങ്ങളായി. ക്ഷേത്രങ്ങളിലെ സ്നാനഘട്ടങ്ങള്‍ ബലിതര്‍പ്പണത്തിനായി ഒരുങ്ങി.
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തില്‍ കര്‍ക്കടക ബലിദിവസമായ 14ന് പുലര്‍ച്ചെ മുതല്‍ തര്‍പ്പണത്തിന് സൗകര്യം ഉണ്ടാകും. ക്ഷേത്ര കോമ്പൗണ്ടിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് നെയ്യാറില്‍ തര്‍പ്പണം ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കും.
കര്‍ക്കടക ബലിതര്‍പ്പണം പ്രമാണിച്ച് അരുവിപ്പുറത്തേയ്ക്ക് കെ.എസ്.ആര്.ടി.സി. പ്രത്യേകം ബസ് സര്‍വീസ് നടത്തും. ക്ഷേത്രത്തിന് സമീപം പോലീസിന്റെയും അഗ്നിശമന സേനയുടെയും എയ്ഡ്പോസ്റ്റ് പ്രവര്‍ത്തിക്കും. അരുവിപ്പുറം മഠത്തിലെ പുരോഹിതരാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവിടെ തിലഹോമവും ഉണ്ടായിരിക്കും.
കന്യാകുമാരിയിലെ സാഗരസംഗമത്തിലും കര്‍ക്കടക വാവുബലിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇവിടെ ബലിതര്‍പ്പണത്തിന് പുരോഹിതന്മാരുടെ സേവനവും ഉണ്ടായിരിക്കും. കുഴിത്തുറയിലെ താമ്രപര്‍ണി നദിക്കരയിലെ വാവുബലി കടവിലും ബലിതര്‍പ്പണത്തിന് സൗകര്യം ഉണ്ടായിരിക്കും.
പാലയ്ക്കാപറമ്പ് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യം ഉണ്ട്. 14ന് പുലര്‍ച്ചെ 5 മുതല്‍ ബലിതര്‍പ്പണത്തിന് സൗകര്യം ഉണ്ടായിരിക്കും. തര്‍പ്പണത്തിനാവശ്യമായ വസ്തുക്കള്‍ ക്ഷേത്രത്തില്‍ നിന്നും ലഭിക്കും.
തണ്ടളം നാഗരാജ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6ന് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ആയില്യ പൂജയും ഉണ്ടായിരിക്കും.
പരശുവയ്ക്കല്‍ തെക്കുംകര മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 6 ന് ബലിതര്‍പ്പണം ആരംഭിക്കും. ഇവിടെ തിലഹോമവും ഉണ്ടായിരിക്കും. രാമേശ്വരം, കൂട്ടപ്പന ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിന് സൗകര്യം ഉണ്ടായിരിക്കും.