പൊട്ടിയ പൈപ്പ് മാറ്റിയില്ല; വ്ലൂങ്ങാമുറിയില് 15 ദിവസമായി കുടിവെള്ളമില്ല
Posted on: 13 Aug 2015
നെയ്യാറ്റിന്‍കര: കാളിപ്പാറ പദ്ധതിക്കായി കുഴി എടുക്കുമ്പോള്‍ പൊട്ടിയ പൈപ്പ് മാറ്റിസ്ഥാപിച്ചില്ല. ഇത് കാരണം വ്ലൂങ്ങാമുറി പ്രദേശത്ത് പതിനഞ്ച് ദിവസമായി കുടിവെള്ള വിതരണം തടസ്സപ്പെട്ടു.
വ്ലൂങ്ങാമുറി വാര്‍ഡിലെ തുണ്ട് വ്ലൂങ്ങാമുറി പ്രദേശത്താണ് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നത്. പതിനഞ്ച് ദിവസത്തിലേറെയായി കുടിവെള്ളം മുടങ്ങിയിട്ടും പുനഃസ്ഥാപിക്കുന്നതിന് യാതൊരു നടപടിയും ജല അതോറിട്ടിക്കാര് കൈക്കൊണ്ടില്ല.
കുടിവെള്ളം മുടങ്ങിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഗ്രാമം പ്രവീണിന്റെ നേതൃത്വത്തില്‍ ജല അതോറിട്ടി വകുപ്പിന് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്.വി. സന്തോഷ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു.
കാളിപ്പാറ കുടിവെള്ള പദ്ധതിക്കായി കുഴി എടുത്തപ്പോഴാണ് നിലവിലെ പൈപ്പ് പൊട്ടിയത്. എന്നാല്‍ പൊട്ടിയ ഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ളം തുടര്‍ച്ചയായി മുടങ്ങുന്നതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ജല അതോറിട്ടി ജീവനക്കാരുമായി നാട്ടുകാരുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
സി.എസ്.ഐ. പള്ളി വികാരി ജെ.എല്‍. ജസ്റ്റിന് രാജ്, ഗ്രാമം പ്രവീണ്‍, ബാബു, സുരേഷ്, പനങ്ങാട്ടുകരി സാബു എന്നിവര്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കാന്‍ തീരുമാനമായി. കുടിവെള്ളക്ഷാമം എത്രയുംവേഗം പരിഹരിക്കണമെന്ന് നെയ്യാര്‍ റസിഡന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.