എലിയാവൂര്‍ പാലം ഉദ്ഘാടനം നാളെ
Posted on: 12 Aug 2015
ആര്യനാട്: ഉഴമലയ്ക്കല്‍, വെള്ളനാട് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കരമനയാറിന് കുറുകെ എലിയാവൂരില്‍ പാലം യാഥാര്‍ഥ്യമായി. വ്യാഴാഴ്ച വൈകീട്ട് 5ന് എലിയാവൂര്‍ ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനാവുന്ന യോഗത്തില്‍ എ.സമ്പത്ത് എം.പി.,എം.എല്‍.എ.മാരായ കെ.എസ്.ശബരീനാഥന്, പാലോട് രവി, മാങ്കോട് രാധാകൃഷ്ണന് എക്സ്. എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.
2000 ജൂലായ്യോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പാലം കമ്മിറ്റി രൂപവത്കരിച്ച് എലിയാവൂരില്‍ പാലത്തിനായി ശ്രമങ്ങള്‍ തുടങ്ങിയത്. എം.എല്‍.എ.മാരായിരുന്ന ജി.കാര്ത്തികേയന്, മാങ്കോട് രാധാകൃഷ്ണന്, പാലോട് രവി തുടങ്ങിയവരുടെ നിരന്തര ഇടപെടലുകളും പാലം യാഥാര്‍ഥ്യമാകുന്നതിന് പിന്നിലുണ്ടായിരുന്നു. ഇടത് സര്‍ക്കാരിന്റെ കാലത്ത്
2007 ഡിസംബറിലാണ് പൊതുമരാമത്ത് മന്ത്രിയായിരുന്ന മോന്‍സ് ജോസഫ് പാലത്തിന് തറക്കല്ലിട്ടത്. തുടര്‍ന്ന് പാലം പണിയാരംഭിച്ചെങ്കിലും കരാറേറ്റെടുത്ത പ്രസന്നകുമാര്‍ മരണമടഞ്ഞതോടെ നിര്‍മാണം നിലയ്ക്കുന്ന അവസ്ഥ സംജാതമായി. എന്നാല്‍ അദ്ദേഹത്തിന്റെ മകന് പണി പുനരാരംഭിക്കാനായി എത്തിയതോടെ എലിയാവൂര്‍ പാലം യാഥാര്‍ഥ്യമാകുകയായിരുന്നു. പാലത്തിനും അനുബന്ധ റോഡിനുമായി 67 പേര് സ്ഥലം വിട്ടുകൊടുത്തു. മൂന്ന് വീടുകള്‍ പൊളിക്കേണ്ടി വന്നു.
പിന്നീട് ഇവര്‍ക്ക് പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് വീട് െവച്ച് നല്കി. 67.5 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് 5 കോടിയാണ് നിര്‍മാണച്ചെലവ്. 800 മീറ്റര്‍ അപ്രോച്ച് റോഡും നിര്‍മിച്ചിട്ടുണ്ട്.