ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം: ആറ്റിങ്ങല്‍ ഗവ. കോളേജിലെ വനിതാ ഹോസ്റ്റല്‍ കാട് കയറുന്നു
Posted on: 12 Aug 2015
ആറ്റിങ്ങല്‍: ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ആറ്റിങ്ങല്‍ ഗവ. കോളേജിലെ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയില്ല. ഹോസ്റ്റല്‍ പരിസരം ഇപ്പോള്‍ കാടുമൂടിയ നിലയിലാണ്. കോളേജില്‍ പ്രവേശനം ലഭിച്ചെത്തുന്ന പല കുട്ടികളും ഹോസ്റ്റലില്ലാത്തതിനാല് മറ്റ് കോളേജുകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു.
യു.ജി.സി. സഹായവും സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ചാണ് 1.16 കോടി രൂപ ചെലവില്‍ ഹോസ്റ്റല്‍ നിര്‍മിച്ചത്. ഇതില്‍ 80 ലക്ഷം യു.ജി.സി. സഹായവും 36 ലക്ഷം സംസ്ഥാന ഫണ്ടുമാണ്. യു.ജി.സി. സഹായത്തില്‍ നിന്ന് 72 ലക്ഷം കിട്ടിക്കഴിഞ്ഞു. ഇതുപയോഗിച്ചാണ് മന്ദിരം പണിതത്. ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങിയാലേ ബാക്കി എട്ട് ലക്ഷം രൂപ ലഭിക്കൂ. സംസ്ഥാന സര്‍ക്കാരിന്റെ 36 ലക്ഷം ലഭിക്കാനുള്ള നടപടികളൊന്നുമായിട്ടില്ല.
2011 നവംബര്‍ 16ന് മന്ത്രി പി.കെ.അബ്ദുറബ്ബാണ് മന്ദിരത്തിന് തറക്കല്ലിട്ടത്. 2013 ഡിസംബര്‍ 5ന് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞാണ് ഉദ്ഘാടനം ചെയ്തത്.
ഹോസ്റ്റലിനാവശ്യമായ ജീവനക്കാരെ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ഒരു വാര്ഡന്, ഒരു കാവല്ക്കാരന്, രണ്ട് പാചകക്കാര്‍, ഒരു ക്ലര്‍ക്ക് എന്നീ തസ്തികകളാണ് അനുവദിക്കേണ്ടത്. ഇതിനായി കോളേജധികൃതര്‍ പലതവണ സര്ക്കാരിലേക്കെഴുതിയെങ്കിലും നടപടികളുണ്ടായില്ല. !
കെട്ടിടം കെട്ടിയിട്ടതല്ലാതെ അടുക്കള നിര്‍മിച്ചിട്ടില്ല. കട്ടിലുകളും മേശകളും കസേരകളും ഉള്‍പ്പെടെ ഒരുപകരണങ്ങളും നല്‍കിയിട്ടില്ല. ഹോസ്റ്റലിന് മതില് നിര്‍മിക്കേണ്ടതുണ്ട്. റോഡില്‍ നിന്ന് പ്രവേശിക്കാന്‍ വഴിയും തുറക്കണം. ഇത്തരം പണികളെല്ലാം ഇനി ചെയ്ത് തീര്‍ത്താലേ ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കാനാകൂ. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.