കലാഭവന്‍ മണി സേവന സമിതിയുടെ സ്നേഹത്തണലില്‍ മൂന്ന് യുവതികള്‍ മിന്നണിഞ്ഞു
Posted on: 12 Aug 2015
ആറ്റിങ്ങല്‍: കലാഭവന്‍ മണി സേവന സമിതിയുടെ സ്നേഹത്തണലില്‍ ആയിരങ്ങളെ സാക്ഷികളാക്കി അശ്വതിയും സുജയും ആര്യയും മിന്നണിഞ്ഞു. ആറ്റിങ്ങലില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമിതിയുടെ മാതൃകാപ്രവര്‍ത്തനം കൂടിയായി ഇത്.
പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ് ചൊവ്വാഴ്ച വിവാഹിതരായ അശ്വതിയും ആര്യയും സുജയും. തങ്ങള്‍ക്ക് ലഭിച്ച നാല്പത് അപേക്ഷകളില്‍ നിന്നാണ് ഇവരെ മൂന്ന് പേരെ തിരഞ്ഞെടുത്തതെന്ന് സേവനസമിതി സെക്രട്ടറി വിജയന് പറഞ്ഞു.
വഞ്ചിയൂര്‍ പട്ട്ലൂസ്വദേശിയായ അശ്വതിയെ വഞ്ചിയൂര്‍ സ്വദേശിയായ സജനും അഴൂര്‍ സ്വദേശിയായ സുജയെ മുടപുരം സ്വദേശിയായ അജേഷും ആറ്റിങ്ങല്‍ ഊരുപൊയ്ക സ്വദേശിയായ ആര്യയെ കോരാണി സ്വദേശി രാജേഷും മിന്ന് ചാര്‍ത്തി. വരന്മാരെ വധുവിന്റെ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. വിവാഹ സമ്മാനമായി ഒരു പവന് സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും സേവന സമിതി നല്കി. വിവാഹ സത്കാരവും വധൂവരന്മാര്ക്കും ബന്ധക്കള്ക്കുമുള്ള യാത്രാസൗകര്യവും സമിതി ഒരുക്കി.
എം.എല്‍.എ.മാരായ ബി.സത്യന്, വി.ശശി, ഡിവൈ. എസ്.പി. ആര്.പ്രതാപന് നായര്‍, കലാഭവന്‍ മണി സേവന സമിതി സ്ഥാപക പ്രസിഡന്റ് അജില്‍ മണിമുത്ത്, ഉഷ തെങ്ങുംതൊടി, സുധാകരന് ശിവാര്‍ത്ഥി, അരുണ്‍ ബാബു, രാധാകൃഷ്ണന് കുന്നുംപുറം, തോട്ടയ്ക്കാട് ശശി, വക്കം ജി.അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.