പാറശ്ശാല ഡിപ്പോയില്‍ യാത്രാക്ലേശം രൂക്ഷം
Posted on: 12 Aug 2015
ദിവസവും റദ്ദാക്കുന്നത് ഇരുപതിലേറെ സര്‍വീസ്
നെയ്യാറ്റിന്‍കര: പാറശ്ശാല കെ.എസ്.ആര്.ടി.സി. !ഡിപ്പോയെ എ.ടി.ഒ. സ്റ്റേഷനായി തരംതാഴ്ത്തിയതിന് പിന്നാലെ ദിവസവും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് പതിവായത് കാരണം പാറശ്ശാലയില്‍ യാത്രാക്ലേശം അതിരൂക്ഷമായി. ദിവസവും ഇരുപതിലേറെ സര്‍വീസുകളാണ് ബസ്സില്ലാത്തതിന്റെ പേരില്‍ റദ്ദാക്കുന്നത്. ഇത് കാരണം ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ ജോലിയില്ലാതെ മടങ്ങിപ്പോകുകയാണ്.
നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ താലൂക്കിലെ പ്രധാന കെ.എസ്.ആര്.ടി.സി. ഡിപ്പോയാണ് പാറശ്ശാല. ഡി.ടി.ഒ.യുടെ കീഴിലായിരുന്ന ഡിപ്പോയെ എ.ടി.ഒ.ക്ക് കീഴിലാക്കി ആദ്യം തരംതാഴ്ത്തി. ഇതിനിടയിലാണ് ബസ്സില്ലാത്തതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കുന്നത്. 74 ഷെഡ്യൂള്‍ ഉണ്ടായിരുന്ന ഡിപ്പോയില്‍ ഇപ്പോള്‍ 54 ഷെഡ്യൂളുകള്‍ മാത്രമാണ് ഉള്ളത്.
പത്ത് മുതല്‍ പതിനഞ്ച് ബസ് വരെ ഇവിടെ ദിവസവും കട്ടപ്പുറത്താകുന്നു. അടിയന്തര അറ്റകുറ്റപ്പണികള്‍ ചെയ്യാത്തത് കാരണമാണ് ബസ്സുകള്‍ സ്ഥിരമായി കട്ടപ്പുറത്താകുന്നത്. സര്‍വീസ് നടത്താന്‍ ബസ്സുകള്‍ കിട്ടാതായതോടെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ അധികൃതരും നിര്‍ബന്ധിതരാകുകയാണ്. ചൊവ്വാഴ്ച മാത്രം 21 സര്‍വീസുകളാണ് റദ്ദാക്കിയത്.
കട്ടപ്പുറത്താകുന്ന ബസ്സുകളെല്ലാം ഓര്‍ഡിനറി സര്‍വീസ് നടത്തേണ്ടവയാണ്. രാവിലെയും വൈകീട്ടുമായി സര്‍വീസ് നടത്തേണ്ട ഓര്‍ഡിനറി ബസ്സുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കുന്നത് കാരണം ഏറ്റവും ദുരിതത്തിലാകുന്നത് വിദ്യാര്‍ഥികളാണ്. അടുത്തിടെ ഡിപ്പോയില്‍ എത്തിയ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രണ്ട് ബസ്സുകള്‍ അനുവദിച്ചതായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോയമ്പത്തൂര്‍ റൂട്ടില്‍ ഓടിയിരുന്ന എക്സ്പ്രസ് ബസ്സിനെ പെയിന്റടിച്ച് വേണാടാക്കിയാണ് പാറശ്ശാലയ്ക്ക് നല്‍കിയത്.
മറ്റൊരു പുതിയ ബസ് നല്‍കിയത് എടത്വാ റൂട്ടിലാണ് ഓടിക്കുന്നത്. മാത്രവുമല്ല മന്ത്രി എത്തി ഉദ്ഘാടനം നടത്തി മടങ്ങിയതിന് തൊട്ടടുത്ത ദിവസം ഡിപ്പോയില്‍ നിന്ന് 22 സര്‍വീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ എംപാനല്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഡിപ്പോയിലുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം ദിവസവും ജോലി ഇല്ലാത്ത സ്ഥിതിയാണ്.