ജനകീയ പ്രതിരോധം: ജില്ലയില്‍ രണ്ടുലക്ഷം പേര് അണിനിരന്നു
Posted on: 12 Aug 2015
തിരുവനന്തപുരം: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധത്തില്‍ ജില്ലയില്‍ രണ്ടുലക്ഷം പേര് അണിനിരന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മുതല്‍ അഞ്ച് മണിവരെ കൊല്ലം ദേശീയപാതയിലും എം.സി. റോഡിലുമാണ് ജനകീയ പ്രതിരോധത്തിന് പ്രവര്‍ത്തകരെത്തിയത്.
ദേശീയപാതയില്‍ രാജ്ഭവന് മുതല്‍ ജില്ലാതിര്‍ത്തിയായ കടമ്പാട്ടുകോണം വരെയും എം.സി.റോഡില്‍ കേശവദാസപുരം മുതല്‍ തട്ടത്തുമല വരെയും 80 കിലോമീറ്റര്‍ ദൂരത്താണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. എല്ലായിടത്തും റോഡില്‍ മറ്റ് യാത്രക്കാര്‍ക്ക് കടന്നുപോകാനുള്ള സൗകര്യം ഉണ്ടാക്കിയിരുന്നു. പ്രധാന കേന്ദ്രങ്ങളില്‍ നേതാക്കള്‍ പങ്കെടുത്ത പൊതുയോഗങ്ങളും ഉണ്ടായിരുന്നു. എം.സി. റോഡില്‍ കിളിമാനൂര്‍, പുളിമാത്ത്, കാരേറ്റ്, വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, വേറ്റിനാട്, വട്ടപ്പാറ, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം എന്നിവിടങ്ങളിലും ദേശീയപാതയില്‍ കല്ലമ്പലം, ആലങ്കോട്, ആറ്റിങ്ങല്‍, ബസ് സ്റ്റാന്‍ഡ് കവല, മാമം, കോരാണി, മംഗലപുരം, കണിയാപുരം, കഴക്കൂട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, പി.എം.ജി. എന്നിവിടങ്ങളിലുമാണ് യോഗങ്ങള്‍ നടന്നത്.