തിരുവനന്തപുരം: പകല്‍ സൂര്യപ്രകാശത്തില്‍ നിന്നും രാത്രിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി. ഈ വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന് തിയേറ്റര്‍, നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് കാറ്റും വെളിച്ചവും ഊര്‍ജമായി മാറുന്നത്.
ഊര്‍ജം സംഭരിച്ചു നിര്‍ത്താതെ സൗരോര്‍ജ പാനലില്‍ നിന്നും കാറ്റാടിയില്‍ നിന്നും ശസ്ത്രക്രിയാമുറിയിലേക്ക് നേരിട്ടെത്തുന്നു എന്നതാണ് നിംസിലെ പ്രത്യേകത. ഊര്‍ജം സംഭരിക്കേണ്ട ബാറ്ററികള്‍ കാലാകാലങ്ങളില്‍ മാറ്റുമ്പോഴുള്ള ചെലവ് ലാഭിക്കാനാകും. ഉയര്‍ന്ന അളവ് വൈദ്യുതി വേണ്ട ഉപകരണങ്ങളെയും പ്രവര്‍ത്തിപ്പിക്കാം. സൗരോര്‍ജത്തെയും കാറ്റില്‍ നിന്നുള്ള വൈദ്യുതിയെയും ഒരിടത്ത് യോജിപ്പിക്കുന്ന പുതുമയും നിംസിലെ ഹൈബ്രിഡ് റിസീവ്ഡ് എനര്‍ജി കാര്‍ഡിയാക് കതീറ്ററൈസേഷന് ലബോറട്ടറിയില്‍ കാണാം.
നിംസ് മാനേജിങ് ഡയറക്ടര്‍ എം.എസ്.ഫൈസല്‍ഖാന്റെ ആശയമാണ് യാഥാര്‍ഥ്യമായത്. പദ്ധതിക്ക് ഒന്നരക്കോടി രൂപയോളം ചെലവായി.
ഐ.എസ്.ആര്.ഒ. മുന്‍ ചെയര്മാന് ജി.മാധവന് നായരുടെ സാങ്കേതിക ഉപദേശം അദ്ദേഹം തേടിയിരുന്നു. നിംസ് മെഡിസിറ്റിക്ക് മുകളില്‍ 22,000 ചതുരശ്രയടിയില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകളിലാണ് ഊര്‍ജം ശേഖരിക്കുന്നത്. സമീപത്ത് കാറ്റാടിയുമുണ്ട്. ജര്‍മനി, ചൈന എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇരുവിഭാഗം വൈദ്യുതിയെ യോജിപ്പിക്കുന്നത്. നിംസിലെ എനര്‍ജി മാനേജ്മെന്റ് വിഭാഗമായ മിത്രസംയോഗയാണ് പദ്ധതി നടപ്പാക്കിയത്. 130 കിലോവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ വൈദ്യുതി 100 ലേറെ വീടുകള്‍ക്ക് ഉപയോഗിക്കാന്‍ പോന്നതാണ്.
ആശുപത്രിയിലെ കതീറ്റര്‍ ലാബിന് ഇപ്പോള്‍ കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ഉപയോഗിക്കുന്നില്ല. ആശുപത്രിയുടെ വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കാനും കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. നിംസിലെ ഊര്‍ജ സംരക്ഷണ പദ്ധതി ഐക്യരാഷ്ട്ര സംഘടനയുടെ മാതൃകാ സംരംഭങ്ങളിലും സ്ഥാനം പിടിച്ചു. യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറല്‍ കാന്ഡിയുകെല ആശുപത്രിയിലെത്തി പദ്ധതി വിലയിരുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ക്ഷണപ്രകാരം യു.എന്‍. ജനറല്‍ അസംബ്ലൂ ഹാളില്‍ പാരമ്പര്യേതര ഊര്ജസ്രോതസ്സിനെകുറിച്ച് എം.എസ്.ഫൈസല്ഖാന് പ്രബന്ധം അവതരിപ്പിച്ചിരുന്നു.