ബലിതര്‍പ്പണത്തിന് ഒരുക്കങ്ങളായി
Posted on: 11 Aug 2015
വെള്ളനാട്: പഴയവീട്ടുമൂഴി ഭഗവതിക്ഷേത്രക്കടവില് ഇക്കൊല്ലത്തെ വാവുബലിക്ക് ബലിതര്‍പ്പണം നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കരമനയാറിന്റെ തീരത്ത് ക്ഷേത്രക്കടവില്‍ ആധുനികരീതിയില്‍ നിര്‍മ്മിച്ച കടവിലാണ് ബലിതര്‍പ്പണം നടത്തുന്നത്. ആചാരാനുഷ്ഠാനത്തോടുകൂടി ബലിതര്‍പ്പണം നടത്തുന്നതിനും അതിനുശേഷം ക്ഷേത്രദര്‍ശനം നടത്തുന്നതിനുമുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് എന്‍.ജ്യോതിഷ്കുമാര്‍, സെക്രട്ടറി വിജയകുമാരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
ചേരപ്പള്ളി: അണയ്ക്കര ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ആഗസ്ത് 14ന് രാവിലെ 6 മുതല്‍ പിതൃക്കള്‍ക്ക് ബലിയിടുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രകാര്യദര്‍ശി അണയ്ക്കര സുരേന്ദ്രന് ആശാരി അറിയിച്ചു. ചേരപ്പള്ളി ശിവശക്തിക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ 14ന് പുലര്‍ച്ചെ 5.30 മുതല്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടാകും.
കോട്ടയ്ക്കകം തേക്കിന്‍കാല മഹാവിഷ്ണുക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണവും തിലഹോമവും 14ന് 5.30 മുതല്‍ ക്ഷേത്ര മേല്‍ശാന്തി അജിന് ഹരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്നു.
വിനായക ചതുര്‍ഥി
പരുത്തിപ്പള്ളി: കുറ്റിച്ചല്‍ പരുത്തിപ്പള്ളി ശിവക്ഷേത്രത്തില്‍ 18ന് വിനായകചതുര്‍ഥി ഉത്സവം ആഘോഷിക്കും. രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6ന് കൂട്ടപ്പനിവേദ്യം, 8.30ന് വിശേഷാല്‍ പൂജ. മഹാഗണപതിഹോമത്തില്‍ പങ്കെടുക്കുന്നവര്‍ 17ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് ജി. ബിജുവും സെക്രട്ടറി ശ്രീനാഥ് വി.ആറും അറിയിച്ചു.