ഓണ വിപണിക്കൊരുങ്ങി പുല്ലമ്പാറ മാതൃകാ പച്ചക്കറി തോട്ടം: 40 കര്‍ഷകരുടെ അധ്വാനത്തില്‍ വിളഞ്ഞത് ഒരുലക്ഷത്തിലധികം പച്ചക്കറി
Posted on: 11 Aug 2015
വെഞ്ഞാറമൂട്: പുല്ലമ്പാറക്കാര്ക്ക് ഇക്കുറിയും ഓണമുണ്ണാന്‍ തമിഴ്നാടിന്റെ വിഷംകലര്‍ന്ന പച്ചക്കറി വേണ്ട. പുല്ലമ്പാറ പോലെ നൂറുഗ്രാമങ്ങള്ക്ക് ഓണമുണ്ണാന്‍ ആവശ്യമായ പച്ചക്കറി ഇവിടത്തെ കൃഷിഭൂമിയില്‍ വിളയിപ്പിച്ചു കഴിഞ്ഞു.
തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് പുല്ലമ്പാറ ഗ്രാമത്തില്‍ പച്ചക്കറിയുടെ വിജയഗാഥ കുറിക്കുന്നത്. ഗ്രാമത്തിലെ നാല്‍പ്പത് പാരമ്പര്യ കര്‍ഷകരാണ് അമ്പതേക്കര്‍ സ്ഥലത്ത് പച്ചക്കറിയിറക്കിയത്.
പടവലം, പാവല്‍, പയര്‍, വെള്ളരി, ചീര തുടങ്ങി നിരവധി പച്ചക്കറികളാണ് കൃഷിയിറക്കിയത്. പ്രദേശത്തെ മൂന്ന് കാര്‍ഷിക ക്ലസ്റ്ററുകളാക്കിത്തിരിച്ചാണ് കൃഷിയിറക്കിയിരിക്കുന്നത്. കര്‍ഷക പുരസ്കാര ജേതാക്കളായ കുളപ്പുറം ബാബു, ശശിധരന്‍നായര്‍, രതീഷ് പുല്ലമ്പാറ എന്നീ കണ്വീനറന്മാരാണ് ഓരോ ക്ലസ്റ്ററുകള്‍ക്കും നേതൃത്വം കൊടുക്കുന്നത്. മൂന്നു ക്ലസ്റ്ററാണെങ്കിലും കീഴേപുല്ലമ്പാറ മുതല്‍ കുളപ്പുറം വരെ ഒറ്റകാര്ഷിക മേഖലയിലായിട്ടാണ് കൃഷിയിറക്കിയിരിക്കുന്നത്. എല്ലാ ദിവസവും എല്ലാ കര്‍ഷകരും രാവിലെയും വൈകീട്ടും പച്ചക്കറിതോട്ടം പരിപാലിക്കാനെത്തും. പാലക്കാട്ടുനിന്നാണ് കൃഷിക്കാവശ്യമായ പച്ചക്കറിവിത്ത് സംഘടിപ്പിച്ചത്.
ഒരുമാസം മുമ്പുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ കാര്‍ഷിക മേഖല വെള്ളത്തിനടിയിലായതാണ്. എന്നാല്‍ കര്‍ഷകരുടെ അര്‍പ്പണബോധവും കൃഷിയോടുള്ള താല്പര്യവും കൊണ്ട് അവര്‍ അതിനെ അതിജീവിച്ചു. മുഴുവന്‍ വെള്ളവും ഒരുരാത്രികൊണ്ടു തന്നെ ഒഴുക്കിവിട്ടു. ചെളി കെട്ടിക്കിടന്ന ഓരോ പച്ചക്കറി ചെടികളിലെയും ചെളി കൂട്ടായ പരിശ്രമത്തില്‍ കഴുകിയെടുത്തു. നശിച്ചുപോയ ചെടികളുടെ സ്ഥാനത്ത് വീണ്ടും കൃഷിയിറക്കി.
വിഷം ചേരാത്ത പച്ചക്കറി വിളയിപ്പിക്കുന്നതിന് ഇവിടത്തെ കര്‍ഷകര്‍ അനുഭവിക്കുന്ന ത്യാഗം ഇതുമാത്രമല്ല. പന്നിയുടെയും കുരങ്ങിന്റെയും ശല്യത്തില്‍നിന്ന് രക്ഷിക്കാന്‍ രാത്രി കര്‍ഷകര്‍ കൃഷിയിടത്തില്‍ മാടംകെട്ടി കാവലിരിക്കും. വിളവ് കാണാന്‍ പച്ചക്കറി തോട്ടത്തില്‍ കൃഷി വിദഗ്ദ്ധരും കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും കാര്‍ഷിക വിദ്യാര്‍ത്ഥികളും ഇവിടെയെത്തിയിരുന്നു. നാടിന്റെ കാര്‍ഷികസമൃദ്ധി കാണാന്‍ സമീപ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും എത്തിക്കൊണ്ടിരിക്കുകയാണ്.
ആദ്യവിളവെടുപ്പില്‍ തന്നെ ആയിരത്തിലധികം കിലോ പച്ചക്കറിയാണ് കിട്ടിയത്. മായമില്ലാത്ത പച്ചക്കറിക്ക് അന്യനാട്ടുകാരാണ് കൂടുതല്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
ഓണക്കാല പച്ചക്കറികൃഷി കഴിഞ്ഞാല്‍ ഇവിടത്തെ കര്‍ഷകര്‍ ഈ തോട്ടം വീണ്ടും നെല്‍കൃഷിക്ക് തയ്യാറാക്കുമെന്നതാണ് ഈ നാടിന്റെ ഏറ്റവും വലിയ സവിശേഷത.