ആറ്റിങ്ങല്‍ റോഡ് വികസനം: പുനരധിവാസമുറപ്പാക്കണമെന്ന് കളക്ടര്‍

Posted on: 11 Aug 2015



ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ദേശീയപാതയുടെ വീതി കൂട്ടുമ്പോള്‍ ഉപജീവനമാര്‍ഗ്ഗം നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍. റോഡ് വികസനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ നഗരസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. കച്ചവടക്കാര്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുെവച്ചപ്പോഴാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.
റോഡ് വികസനം സംബന്ധിച്ച പരാതികള്‍ തിങ്കളാഴ്ചയ്ക്ക് മുമ്പ് രേഖാമൂലം സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദേശീയപാതയില്‍ പൂവമ്പാറമുതല്‍ മൂന്നുമുക്ക് വരെയുള്ള ഭാഗമാണ് 20 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്. നിലവിലുള്ള റോഡിന്റെ ഇരുവശത്തു നിന്നും ഭൂമിയെടുത്തുകൊണ്ടാണ് റോഡ് വികസിപ്പിക്കുന്നത്. ഭൂമി ഏറ്റെടുത്തു നല്‍കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കാണ്. ഭൂവുടമകള്‍ സൗജന്യമായി വിട്ടുനല്‍കുന്ന ഭൂമിയിലാണ് റോഡ് നിര്‍മ്മിക്കുക. നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ല. റോഡിനായി ഏറ്റെടുക്കേണ്ട ഭൂമി സര്‍വേവിഭാഗം അളന്ന് അടയാളപ്പെടുത്തിക്കഴിഞ്ഞു. ഭൂവുടമകളുടെ സമ്മതപത്രം ലഭിച്ചു കഴിഞ്ഞാലേ അടുത്ത നടപടികളിലേക്ക് പോകാന്‍ കഴിയൂ. ഇതിന്റെ ഭാഗമായിട്ടായിരുന്നു തിങ്കളാഴ്ചത്തെ യോഗം.
യോഗത്തില്‍ പങ്കെടുത്ത കച്ചവടക്കാരും സംഘടനാ പ്രതിനിധികളും ഭൂമി വിട്ടുകൊടുക്കുമ്പോള്‍ നഷ്ടപരിഹാരവും പുനരധിവാസവും വേണമെന്ന് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുമ്പോള്‍ പൂര്‍ണമായും ഭൂമി നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാമെന്നും ഭാഗികമായി ഭൂമി നഷ്ടമാകുന്നവര്‍ പദ്ധതിയോട് സഹകരിക്കാന്‍ തയ്യാറാകണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
റോഡ് വികസിപ്പിച്ചശേഷം വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യാനനുവദിക്കുകയാണെങ്കില്‍ റോഡ് വികസനം നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. റോഡ് വികസിച്ചില്ലെങ്കില്‍ നഗരത്തിന്റെ പ്രസക്തിതന്നെ നഷ്ടമാകും. മറ്റ് നഗരങ്ങളില്‍ ചെയ്തതുപോലുള്ള പദ്ധതികള്‍ ആറ്റിങ്ങലിലും നടപ്പാക്കാന്‍ തയ്യാറാകണം. റോഡ് വികസിപ്പിക്കുമ്പോള്‍ സ്ഥലം നഷ്ടമാകുന്നവര്‍ക്ക് വേണ്ടി പാര്‍ക്കിങ്ങിനുള്‍പ്പെടെ സൗകര്യമൊരുക്കിയാണ് വലിയ നഗരങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. കടയുടമക്ക് നിലവിലെ കടയുടെ അത്രയും സ്ഥലവും വാടകക്കാരന് പകുതി സ്ഥലവും ഇരുവരും ഒരുമിച്ചാണെങ്കില്‍ 150 ശതമാനം സ്ഥലവും പുതിയ കെട്ടിടങ്ങളില്‍ നല്‍കുന്ന പാക്കേജാണ് വലിയ നഗരങ്ങളില്‍ ആസൂത്രണം ചെയ്യുന്നത്. ഇത് ആറ്റിങ്ങലിലും നടപ്പാക്കി പുനരധിവാസം ഉറപ്പാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. വായ്പകളെടുത്ത് കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കളക്ടര്‍ പറഞ്ഞു.
നഗരത്തിലെ പുറമ്പോക്ക് പൂര്‍ണമായി ഏറ്റെടുത്ത് റോഡ് വികസനം നടപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പദ്ധതിക്ക് അനുകൂലമായ നിലപാടാണ് പൊതുവിലുയര്‍ന്നത്. ഇത് സംബന്ധിച്ച പരാതികള്‍ പരിശോധിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.


04


റോഡ് വികസനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ നഗരസഭയില്‍ തിങ്കളാഴ്ച നടന്ന യോഗം.

More Citizen News - Thiruvananthapuram