കുഴല്‍വഴി പുഴയൊഴുകുന്നതും കാത്ത്
Posted on: 11 Aug 2015
സജേഷ് പുലരി
കിളിമാനൂരിന് ദാഹിക്കുന്നു പരമ്പര-4
മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകളിലൊന്നാണ് 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു'. ഇതില്‍ ശ്രീനിവാസന് അവതരിപ്പിക്കുന്ന കഥാപാത്രം കോളനിക്കാരെയൊന്നാകെ പറ്റിക്കുന്ന സീനുണ്ട്. കോളനിയിലെ കുടിവെള്ളപ്രശ്നത്തിന് താന്‍ പരിഹാരമുണ്ടാക്കുമെന്ന് പറയുകയും കുറേ കുഴലുകള്‍ കൊണ്ടിറക്കിയിടുകയും ചെയ്യുന്നു. അതോടെ അയാള്‍ കോളനിക്കാര്‍ക്ക് ഹീറോയായി. അതുപോലാണ് കിളിമാനൂര്‍ കുടിവെള്ള പദ്ധതിയുടെ കാര്യവും. തൊട്ടവരെല്ലാം ഹീറോകള്‍. പക്ഷേ കുടിവെള്ളമിന്നും സീറോയില്‍ തന്നെ. കുഴല്‍വഴി പുഴയൊഴുകി വീട്ടിലെത്തുന്നതും കാത്തിരിക്കുന്നവര്‍ക്ക് കണ്ണീരില്‍ കലം കഴുകാനാണ് വിധി.
കല്ലുകള്‍ മാറിമാറി വീണെങ്കിലും കിളിമാനൂര്‍ കുടിവെള്ള പദ്ധതി ഇന്നും വഴിയിലാണ്. 2010 ലെ നിര്‍മ്മാണോദ്ഘാടനത്തിന് ശേഷം ചില പണികളെങ്കിലും നടന്നുവെന്നത് ഏറെ പ്രതീക്ഷ നല്കുന്നു. 21 കോടി രൂപയുടെ പണികള്‍ നടത്തിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ജലവിഭവ വകുപ്പിന്റെ പദ്ധതിവിഭാഗമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ അറ്റകുറ്റപ്പണി വിഭാഗത്തിന് കൈമാറും. മൂന്ന് പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നതിനുള്ള വെള്ളം വാമനപുരം ആറ്റില്‍ നിന്നാണെടുക്കുന്നത്. ഇതിനായി വാമനപുരം പാലത്തിന് കിഴക്കുവശത്തായി 9 മീറ്റര്‍ വ്യാസമുള്ള കിണര്‍ നിര്‍മ്മിച്ചു. പമ്പ് ഹൗസിന്റെ പണി നടക്കുന്നു.
ശുദ്ധീകരണ പ്ലാന്റ് കുതിരത്തടത്തിലാണ്. ഇവിടെ നിര്‍മ്മാണജോലികള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇവിടെ നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ കാട് മൂടികിടക്കുകയാണ്. ചെറിയ കടലുകാണിയില് നാലരലക്ഷത്തിന്റെ ഒരു ഉപരിതല സംഭരണി നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ പണികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. തട്ടത്തുമലയില്‍ പമ്പ് ഹൗസിന്റെ പണികള്‍ എങ്ങുമെത്തിയിട്ടില്ല.
കൈലാസം കുന്നിലെ ഗണപതിപ്പാറയില് നിര്‍മ്മിച്ച ഉപരിതലജല സംഭരണിയും പമ്പ്ഹൗസും നിര്‍മ്മാണശേഷം അടച്ചിട്ടിരിക്കുന്നു, ഇതിനോട് ചേര്‍ന്ന് ഇതേ പദ്ധതിക്കായി നിര്‍മ്മിച്ച മറ്റൊരു സംഭരണി നാശത്തിന്റെ വക്കിലെത്തി.
കാരേറ്റ് മുതല്‍ തട്ടത്തുമല വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തില്‍ കുഴലുകള്‍ സ്ഥാപിക്കണം. ഇതിനായി പദ്ധതി വിഹിതത്തില്‍ നിന്ന് ആറ് കോടി രൂപ കെ.എസ്.ടി.പി. ക്ക് അടയ്ക്കേണ്ടിയിരുന്നു. കുഴലിടാന്‍ വെട്ടിപ്പൊളിക്കുന്ന റോഡ് റീടാര്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഈ തുക അടയ്ക്കുന്നത്. കുഴലിടാന്‍ വെട്ടിപ്പൊളിച്ച റോഡ് യഥാസമയം നന്നാക്കാനായില്ല. പൊടിയും ചെളിക്കെട്ടുമായതോടെ ജനം പ്രക്ഷോഭത്തിനിറങ്ങി. പണികള്‍ നടത്തിയെങ്കിലും സംസ്ഥാനപാതയിലൂടെയുള്ള കുഴലിടല് ഇനിയും പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. റോഡിന് കുറുകേ സ്ഥാപിക്കേണ്ട കുഴലുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കരാറുകാരന്റെ അനാസ്ഥയാണ് കുഴലിടല് നീളുന്നതിനിടയാക്കുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
വെള്ളം സംഭരണികളിലെത്തിക്കാനുള്ള കുഴല്‍ സ്ഥാപിക്കുന്ന നടപടികള്‍ ഇങ്ങനെയാണ്. വിതരണം ചെയ്യുന്നതിനുള്ള കുഴലുകള്‍ ഒരിഞ്ചുപോലും സ്ഥാപിച്ചിട്ടില്ല. സംഭരണികളില്‍ വെള്ളമെത്തിച്ച് രണ്ട് മാസത്തെ പരിശോധനകള്‍ക്ക് ശേഷമാകും ജലവിതരണം തുടങ്ങുക. എന്നാല്‍ വെള്ളം സംഭരണിയിലെത്താന് ഇനിയെത്രനാള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ല.
ഓരോ മഴക്കാലം പോകുമ്പോഴും കിളിമാനൂരിലെ വീട്ടമ്മമാരുടെ മനസ്സെരിയും. കുട്ടികളും വൃദ്ധരുമുള്ള വീടുകളില്‍ കൂടുതല്‍ വെള്ളം വേണം. ഇതിനത്രയും ചുമട്ടുവെള്ളമാണ് ആശ്രയം. വെള്ളമുള്ള കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് വേണം. രാത്രി ഉറക്കം പോലുമില്ലാതെയാണ് വെള്ളത്തിനായി കിണറ്റിന് മുന്നില്‍ തപസ്സിരിക്കുന്നത്. അധികൃതര്‍ ഇത്തരം ദുരിതങ്ങള്‍ കാണാറില്ല. പദ്ധതിയുടെ ഗണം കിട്ടേണ്ട പഞ്ചായത്തുകളിലെ ഭരണസമിതികളൊന്നും ഈ പദ്ധതിക്കുവേണ്ടി ചെറുവിരല്പോലുമനക്കിയിട്ടില്ലെന്നതാണ് വാസ്തവം. പദ്ധതി സര്‍ക്കാരിന്റേതല്ലേ എന്നാണവരുടെ ചോദ്യം.
പദ്ധതികള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ വീഴ്ചകളും ഏറെയാണ്. പരസ്പരം പഴിചാരാനാണ് എല്ലാവരുടെയും ശ്രമം. പദ്ധതി വന്നുകഴിഞ്ഞുവെന്ന് ജനപ്രതിനിധികള്‍ വീമ്പ് പറയും. ഉദ്യോഗസ്ഥരാണ് ചെയ്യാത്തതെന്ന കുറ്റപ്പെടുത്തലും. ഉദ്യോഗസ്ഥന് കരാറുകാരനെയും അയാള്‍ തൊഴിലാളികളെയും കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നതാണ് നാളുകളായി ഇവിടെ നടക്കുന്നത്.
കുറ്റപ്പെടുത്തലുകളും വീമ്പുപറച്ചിലുകളുമല്ല ജനത്തിന് വേണ്ടത്. കുടിവെള്ളമാണ്. ജനത്തിന്റെ നികുതിപ്പണമാണ് ചെലവിടുന്നത്. പദ്ധതി നീണ്ടുപോയാല്‍ വകയിരുത്തിയ തുക തികയാതെ വരും. അപ്പോള്‍ വീണ്ടും ഖജനാവ് ചൂഷണം ചെയ്യേണ്ടിവരും. ഇതിന് പരിഹാരമുണ്ടായേ മതിയാകൂ. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കരാറുകാരുടെയും കൂട്ടായ്മയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമമുണ്ടാകണം. പണികള്‍ ഇടയ്ക്കിടെയെങ്കിലും ജനപ്രതിനിധികള്‍ വിലയിരുത്താന്‍ തയ്യാറാകണം. ഗണഭോക്താക്കളായ പഞ്ചായത്തധികൃതര്‍ ഇതിനായി ഒറ്റക്കൊറ്റയ്ക്കും കൂട്ടായും ശ്രമിക്കാന്‍ തയ്യാറായി മുന്നോട്ട് വരണം. എം.എല്‍.എ. യും എം.പി.യും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാട്ടണം. അമ്മമാരുടെ സങ്കടത്തിന് വില കല്പിക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും പ്രഥമ പരിഗണന തന്നെ നല്കേണ്ടിയിരിക്കുന്നു. അധികൃതര്‍ തങ്ങളുടെ ഉത്തരവാദിത്വം ശരിയായി നിറവേറ്റിയാല്‍ അധികം താമസിയാതെ പ്രദേശത്ത് കുടിവെള്ളം ലഭ്യമാകും.