നൂറ്റിയമ്പതിന്റെ നിറവില്‍ കുളത്തൂര്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
Posted on: 11 Aug 2015
ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം
നെയ്യാറ്റിന്‍കര: കുളത്തൂര്‍ തീരദേശ ഗ്രാമത്തിലെ ആദ്യ പള്ളിക്കൂടം നൂറ്റിയമ്പതാം വാര്‍ഷികത്തിന്റെ നിറവില്‍. മലയാളം മിഡില്‍ സ്കൂളായി തുടങ്ങിയ കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് 12ന് തുടക്കമാവും.
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സ്കൂളിന്റെ നൂറ്റിയമ്പതാം വാര്‍ഷികം 12ന് ഉച്ചയ്ക്ക് 2ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 1.5 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ആര്.സെല്‍വരാജ് എം.എല്‍.എ. അധ്യക്ഷനാവും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സംഗമം, ഗുരുവന്ദനം, രക്ഷകര്‍തൃ സംഗമം, കുടുംബ സംഗമം, മെഡിക്കല്‍ ക്യാമ്പ്, സാഹിത്യ സമ്മേളനം, സെമിനാറുകള്‍ എന്നിവ നടത്തും.
1865-ല്‍ സ്ഥാപിച്ച മലയാളം മിഡില്‍ സ്കൂളാണ് പിന്നീട് കുളത്തൂര്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളായി മാറിയത്. മലയാളം മിഡില്‍ സ്കൂളായി തുടങ്ങി, നൂറ്റിയമ്പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഈ കലാലയം പ്രീ-പ്രൈമറി, എല്‍.പി., യു.പി., എച്ച്.എസ്., വി.എച്ച്.സി., എച്ച്.സി., ടെക്നിക്കല്‍ എച്ച്.എസ്., ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് വരെയായി വളര്‍ന്നു. ഇന്ന് കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഈ കലാലയം എഡ്യൂക്കേഷണല്‍ കോംപ്ലക്സായി മാറിയിരിക്കുകയാണ്.
1947-ല്‍ ഇംഗ്ലീഷ് മീഡിയവും തുടങ്ങി. 1950-51 അധ്യയന വര്‍ഷത്തില്‍ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 1953-ല്‍ ആദ്യ പത്താം ക്ലാസ് ബാച്ച് പുറത്തിറങ്ങി. 1983-ല്‍ വി.എച്ച്.സി.യും, 2000-ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. 17 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ കാമ്പസില്‍ പതിനഞ്ച് വര്‍ഷം മുമ്പ് ടെക്നിക്കല്‍ ഹൈസ്കൂളും പ്രവര്‍ത്തനമാരംഭിച്ചു. 2013-ല്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജും തുടങ്ങി.
മലയാളം, ഇംഗ്ലീഷ് മീഡിയത്തിലാണ് ഇവിടെ പഠനം. പാഠ്യേതര വിഷയങ്ങളിലും സ്കൂള്‍ മികവ് പുലര്‍ത്തുകയാണ്. തുടര്‍ച്ചയായി 11 വര്‍ഷം പാറശ്ശാല ഉപജില്ലയിലെ ചാമ്പ്യന്മാരാണ് . 2013-14 വര്‍ഷത്തെ പി.ടി.എ. കമ്മിറ്റി സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ് സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
എച്ച്.എസ്. വിഭാഗത്തില്‍ പി.എസ്.സുജയകുമാരിയാണ് പ്രഥമാധ്യാപിക. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ എ.കെ.സുരേഷ് കുമാറാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെയും കെ.എം.ബാലമുരളി കൃഷ്ണ വൊക്കേഷണല്‍ വിഭാഗത്തിന്റെയും പ്രിന്‍സിപ്പല്‍മാരായി പ്രവര്‍ത്തിക്കുന്നു. നൂറ്റിയമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സപ്തംബര്‍ 3ന് ഗുരുവന്ദനം നടക്കും.
55
നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍