മെലഡിയെ അംഗീകരിച്ചതില്‍ സന്തോഷം- രമേശ് നാരായണന്
Posted on: 11 Aug 2015
തിരുവനന്തപുരം: മെലഡിയെ വീണ്ടും അംഗീകരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് നേടിയ രമേശ് നാരായണന് പറഞ്ഞു.
മലയാളത്തില്‍ അത്രയേറെ ഉപയോഗിച്ചിട്ടില്ലാത്ത 'ഗുഞ്ചി കാനഡ' എന്ന രാഗത്തിലാണ് 'വൈറ്റ് ബോയ്സി'ലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചിട്ടപ്പെടുത്താന്‍ വളരെ വിഷമംപിടിച്ച രാഗമാണിത്. ജനം ഇതെങ്ങനെ ഏറ്റെടുക്കുമെന്ന് പാട്ടുപാടിയ ദാസേട്ടനും ആശങ്കയുണ്ടായിരുന്നു. റെക്കോഡിങ്ങിന് ഒരു മുഴുനീള ദിവസം വേണ്ടിവന്നു. ഇത്തരമൊരു അപൂര്‍വരാഗം ഉപയോഗിച്ച ഗാനം കണ്ടെത്തിയതില്‍ ജൂറിയെ അഭിനന്ദിക്കുന്നുവെന്നും രമേശ് നാരായണന് കൂട്ടിച്ചേര്‍ത്തു.
മേലില രാജശേഖരന് സംവിധാനംചെയ്ത 'വൈറ്റ് ബോയ്സി'ലെ 'ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും' എന്ന ഗാനത്തിനാണ് രമേശ് നാരായണന് അവാര്‍ഡിനര്‍ഹനായത്. ഈ ഗാനം പാടിയ യേശുദാസ് മികച്ച ഗായകനുള്ള അവാര്‍ഡും നേടി. എസ്.രമേശന് നായരുടേതാണ് വരികള്‍. 'ഹൗ ഓള്‍ഡ് ആര് യു'വിലെ 'വിജനതയില്‍ പാതിവഴി തീരുന്നൂ' എന്ന ഗാനത്തിലൂടെ ശ്രേയാ ഘോഷാല്‍ മികച്ച ഗായികയായി.