കണ്ണട ഉപയോഗിച്ച് ഹൈഡെഫിനിഷന്‍ വീഡിയോ പിടിക്കുകയും ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മകളില്‍ അത് പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന കാര്യം ചിന്തിച്ചു നോക്കൂ. 'തത്സമയ വീഡിയോ സ്ട്രീമിങ്' സാധ്യമാക്കുന്ന ഇത്തരമൊരു മുന്നേറ്റത്തിന് കളമൊരുക്കുകയാണ് 'സിയോണ്‍ഐസ്' എന്ന കമ്പനി.
ചുറ്റിനും നടക്കുന്ന സംഗതികളെ കണ്ണടയുപയോഗിച്ച് റിക്കോര്‍ഡ് ചെയ്ത്, ബ്ലൂടൂത്തിന്റെ സഹായത്തോടെ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി ഫെയ്‌സ്ബുക്കിലിടാനുള്ള സാധ്യതയാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നത്.
കമ്പനിയിറക്കിയ 'റെയ്ബാന്‍' മോഡലിലുള്ള കണ്ണടയിലെ ക്യാമറയുപയോഗിച്ച് 720 പി വീഡിയോ (1280 ഗുണം 720 റസല്യൂഷനിലുള്ള ഹൈഡെഫിനിഷന്‍ വീഡിയോ) റിക്കോര്‍ഡ് ചെയ്യാനാകും. കണ്ണടയുടെ ഫ്രെയിമിനുള്ളില്‍ ക്യാമറയ്ക്ക് പുറമേ 8 ജിബി മെമ്മറിയും സന്നിവേശിപ്പിച്ചിരിക്കുന്നു.
കണ്ണടയുടെ മുകളില്‍ വലതുഭാഗത്തായാണ് ക്യാമറ ഫിറ്റ് ചെയ്തിരിക്കുന്നത്. ആപ്പിളിനുവേണ്ടി ക്യാമറ നിര്‍മിക്കുന്ന ഓംമ്‌നിവിഷന്‍ കമ്പനിയുടെ ക്യാമറയാണ് ഈ കണ്ണടയിലും ഉപയോഗിച്ചിരിക്കുന്നത്. കണ്ണടയുടെ കാലുകള്‍ക്കിടയില്‍ ഘടിപ്പിച്ച മൈക്രോഫോണ്‍ എംപിത്രീ ഫോര്‍മാറ്റില്‍ ശബ്ദവും റിക്കോര്‍ഡ് ചെയ്യും. മെമ്മറി കാര്‍ഡ്, ബാറ്ററി തുടങ്ങിയ ഇടതുഭാഗത്തായാണ് ഘടിപ്പിച്ചിരിക്കുന്നത്.
കണ്ണടയില്‍ ഘടിപ്പിച്ച സ്വിച്ച് ഓണ്‍ ചെയ്താല്‍ മാത്രമേ ക്യാമറ പ്രവര്‍ത്തിക്കൂ. കൂടാതെ മൂന്നുമണിക്കൂറോളം തുടര്‍ച്ചയായി റെക്കോര്‍ഡിങ് സാധ്യമാവുന്ന കരുത്തുറ്റ 350mAH ലിഥിയം ബാറ്ററിയും കണ്ണടയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യുഎസ്ബി വഴി കമ്പ്യൂട്ടറുമായി കണ്ണട ഘടിപ്പിക്കുകയും ചെയ്യാം. ചാര്‍ജിങും ഡാറ്റാകൈമാറ്റവും അങ്ങനെ സാധ്യമാകും.
കമ്പനി നല്‍കുന്ന പ്രത്യേക സോഫ്ട്‌വേര്‍ (Eyez App) വഴി കേബിളുകളുടെ സഹായമില്ലാതെ തന്നെ ദൃശ്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളിലേക്കോ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്കോ ട്രാന്‍സ്ഫര്‍ ചെയ്യാം. ഈ മാര്‍ഗത്തിലൂടെ ദൃശ്യങ്ങള്‍ ലൈവായിത്തന്നെ വെബ്‌സൈറ്റുകളിലേക്ക് നല്‍കാമെന്നുള്ളതും പ്രത്യേകതയാണ്.
ഗ്ലാസ്സുകള്‍ മാറ്റിയിടാവുന്ന രീതിയിലുള്ള കണ്ണടയാണിത്. അതിനാല്‍ നിങ്ങളുടെ കണ്ണിന്റെ പവറിനനുസരിച്ചുള്ള ഗ്ലാസ് ഘടിപ്പിക്കാനാകും. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റി ഉപയോഗിക്കാനായി ഒരുസെറ്റ് UVA/UVB ഗ്ലാസ്സും കണ്ണടയ്‌ക്കൊപ്പം കമ്പനി നല്‍കുന്നുണ്ട്.
യാത്രയിലാകട്ടെ, ക്ലാസ് റൂമുകളിലോ ക്ലബുകളിലോ ആവട്ടെ നാം എന്തുകാണുന്നുവോ അതേ രീതിയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഈ ക്യാമറ സഹായിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉടന്‍ പുറത്തിറങ്ങുന്ന ഈ കണ്ണടയുടെ വില 199 ഡോളറാണെങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, കണ്ണടവെച്ച് വീഡിയോ പടിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ കുറവല്ല. ഒളിക്യാമറ പോലെ ഇതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു.