4,999 രൂപക്ക് മള്‍ട്ടിമീഡിയ ഫോണ്‍

Posted on: 27 May 2010


-പി.എസ്.രാകേഷ്‌





ഏതു ഫോര്‍മാറ്റിലുള്ള ഓഡിയോ, വീഡിയോ ഫയലുകളും പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ്‌സെറ്റുകളെയാണ് മള്‍ട്ടിമീഡിയ ഫോണുകള്‍ എന്നു വിശേഷിപ്പിക്കാറ്. ഇതിനൊപ്പം രണ്ട് കാമറ കൂടിയുണ്ടെങ്കില്‍ വിശേഷമായി. നോക്കിയ വര്‍ഷങ്ങള്‍ക്കു മുമ്പ് അവതരിപ്പിച്ച എന്‍ സീരീസ് മൊബൈലുകളാണ് മള്‍ട്ടിമീഡിയ ശ്രേണിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. നോക്കിയയുടെ ചുവടു പിടിച്ച് സാംസങും എല്‍.ജി.യും മോട്ടറോളയുമെല്ലാം മള്‍ട്ടിമീഡിയ ഫോണുകളിറക്കി.

ഇപ്പോഴിതാ ഇന്ത്യന്‍ കമ്പനിയായ സെന്‍ മൊബൈല്‍ മികച്ചൊരു മള്‍ട്ടിമീഡിയ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നു. പ്ലാസറ്റിക്കല്ല, മെറ്റാലിക് ബോഡിയാണ് സെന്‍ എസ്-10 എന്നു പേരിട്ടിരിക്കുന്ന ഈ മോഡലിന്. മെറ്റാലിക് ബോഡിയോടു കൂടിയ രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ഫോണാണിതെന്ന് സെന്‍ മൊബൈല്‍ കമ്പനി അവകാശപ്പെടുന്നു. സ്‌ലൈഡര്‍ ടൈപ്പായ ഈ ഫോണിന് 4,999 രൂപയാണ് വില. 1,399 രൂപയ്ക്ക് ഡ്യൂവല്‍ സിം ഫോണിറക്കി വന്‍ കമ്പനികളെപോലും ഞെട്ടിച്ചവരാണ് സെന്‍ മൊബൈല്‍ എന്നോര്‍ക്കണം.

മിഴിവാര്‍ന്ന 2.2 ഇഞ്ച് ടി.എഫ്.ടി. സ്‌ക്രീന്‍, ഫ്ലഷോടു കൂടിയ രണ്ട് മെഗാപിക്‌സല്‍ കാമറ, എം.പി ത്രി, എം.പി. ഫോര്‍ ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മീഡിയ പ്ലെയര്‍, ഡ്യുവല്‍ സിം, എഫ്.എം., ബ്ലൂടുത്ത് എന്നീ സൗകര്യങ്ങളും എസ്-10 ലുണ്ട്. നാല് ജി.ബി. വരെ എക്‌സപാന്‍ഡബിള്‍ മെമ്മറിയുള്ള ഈ മോഡലിനൊപ്പം രണ്ട് ജി.ബി. കാര്‍ഡ് സൗജന്യമായും ലഭിക്കും.

മള്‍ട്ടിമീഡിയ ഫോണുകളുടെ പ്രധാന പ്രശ്‌നം കുറഞ്ഞ ബാറ്ററി ആയുസാണ്. ഈ ഫോണിന്റെ ബാറ്ററി ക്ഷമതയെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ക്കൊന്നും സെന്‍ മൊബൈല്‍ മുതിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
4,999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങുകയെന്നത് നഷ്ടക്കച്ചവടമാണെന്നു പറയുന്നവരുണ്ടാകാം. സെന്‍ മൊബൈലിന്റെ തന്നെ വില കുറഞ്ഞ മറ്റുമോഡലുകളില്‍ ഉള്ളത്ര സൗകര്യങ്ങളേ എസ്-10ലുമുള്ളൂ എന്നത് സത്യം. പക്ഷേ സ്ലീക്ക് ഡിസൈന്‍, രണ്ട് മെഗാപിക്‌സല്‍ കാമറ വിത്ത് ഫ്‌ളാഷ്... ഈ രണ്ടു കാര്യങ്ങള്‍ കൊണ്ടുതന്നെ മുടക്കുന്ന തുകയ്ക്കുള്ള ഗുണം എസ്-10 നല്‍കുമെന്ന് പറയാതെ വയ്യ.
TAGS:
zen s10  |  zen  |  dual sim  |  indian mobile phones 


Stories in this Section