യുട്യൂബ് മുഖംമിനുക്കിയപ്പോള്‍

Posted on: 04 Dec 2011


-സ്വന്തം ലേഖകന്‍




ഗൂഗിളിന്റെ ഹോംപേജിന് പുതിയ ലുക്ക് വരുത്തിയതുപോലെ, ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സൈറ്റായ യുട്യൂബും കഴിഞ്ഞ ദിവസം മുഖംമിനുക്കി. 'യുട്യൂബിലെ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍' പുതിയ പരിഷ്‌ക്കാരം സഹായിക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.

പക്ഷേ, യുട്യൂബ് പ്രേക്ഷകര്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ടോ എന്ന് നിരീക്ഷകര്‍ സംശയിക്കുന്നു. കാരണം, Get More Into YouTube എന്ന പേരില്‍ യുട്യൂബിന്റെ മുഖംമിനുക്കലിനെപ്പറ്റി കമ്പനി പോസ്റ്റുചെയ്ത വീഡിയോ ഇഷ്ടപ്പെടാത്തവരാണ് കൂടുതല്‍. ഇതെഴുതുന്ന വേളയില്‍ 3759 പേര്‍ അത് Like ചെയ്തപ്പോള്‍, dislike ചെയ്തവരുടെ സംഖ്യ അതിന്റെ മൂന്നിരട്ടിയിലേറെയാണ്-12445.

യുട്യൂബ് സര്‍വീസില്‍ ചാനലുകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് പുതിയ പരിഷ്‌ക്കാരം വരുത്തിയിരിക്കുന്നത്. ഏതെങ്കിലും പ്രത്യേക യുട്യൂബ് അംഗമോ, സെലിബ്രറ്റിയോ തിരിഞ്ഞെടുത്ത വീഡിയോ ക്ലിപ്പുകളുടെ പട്ടികയ്ക്കാണ് യുട്യൂബ് ചാനല്‍ എന്ന് പറയുന്നത്.

യുട്യൂബ് ഹോംപേജിന് മധ്യേയുള്ള കോളത്തിലാണ് ചാനലുകള്‍ കാണിക്കുന്നത്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ന്യൂസ് ഫീഡുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ഏര്‍പ്പാട്.

കൂടുതല്‍ സമയം പ്രേക്ഷകരെ യുട്യൂബില്‍ ചെലവിടാന്‍ ഉദ്ദേശിച്ചാകണം പുതിയ മാറ്റമെന്ന് വിദഗ്ധര്‍ കരുതുന്നു. എന്നാല്‍, യൂസര്‍മാരില്‍ വലിയൊരു പങ്ക് ആ മാറ്റം ഇഷ്ടപ്പെടുന്നില്ല എന്നാണ് മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ പറയുന്നത്.

യഥാര്‍ഥത്തില്‍ ഗൂഗിള്‍ പ്ലസ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുമായി യുട്യൂബ് ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചിരിക്കുകയാണ് പുതിയ ഡിസൈന്‍ വഴി. യുട്യൂബ് വിടാതെ തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ എന്താണ് പങ്കിടുന്നതെന്ന് അറിയാന്‍ സാധിക്കും.

പുതിയ മാറ്റത്തിന്റെ ഭാഗമായി ബിബിസി, ചാനല്‍ 4 തുടങ്ങിയ മാധ്യമചാനലുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് യുട്യൂബ്. പ്രശസ്തരായ വ്യക്തികളുടെ ഇഷ്ട വീഡിയോകളുടെ പട്ടികയുള്ള 100 ചാനലുകള്‍ യുട്യൂബിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. അതിനായി കമ്പനി വന്‍തോതില്‍ പണം മുടക്കുന്നുമുണ്ട്. മഡോണ, ആഷ്റ്റണ്‍ കുച്ചര്‍, സിഎസ്‌ഐ ടിവി ഷോ നിര്‍മാതാവ് ആന്റണി സുയ്കര്‍ തുടങ്ങിയവരുടെ ചാനലുകളും ഇതില്‍ ഉള്‍പ്പെടുന്നു.


TAGS:
youtube  |  video sharing  |  google 


Stories in this Section