മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ സ്വന്തമാക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ ടെക് ലോകത്താകെ ചര്‍ച്ച ഏപ്പോള്‍ 'ഗൂഗിള്‍ ഫോണ്‍' പുറത്തിറങ്ങും എന്നാണ്. എന്നാല്‍, 'മണ്ണുംചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി' എന്ന് പറയുന്ന മാതിരി അതിനിടെ കൗതുകമുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. സെര്‍ച്ച് രംഗത്ത് ഗൂഗിളിന്റെ പ്രതിയോഗികളായ യാഹൂ സ്വന്തമായി മൊബൈല്‍ ഫോണ്‍ രംഗത്തെത്തിക്കുന്നു എന്നതാണത്. അതും ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച്!
ജപ്പാനിലെ മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനിയായ 'സോഫ്ട്ബാങ്ക്' ആണ്
'യാഹൂ ഫോണ്‍' പ്രഖ്യാപിച്ചത്. ജപ്പാനില്‍ പുറത്തിറക്കുന്ന യാഹൂ ഫോണിനെപ്പറ്റി യഥാര്‍ഥത്തില്‍ ഗൂഗിള്‍ സന്തോഷിക്കുകയാണ് വേണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രെഡ്) പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന യാഹൂ ഫോണ്‍ ഗൂഗിളിനാണ് ഒരര്‍ഥത്തില്‍ മുതല്‍ക്കൂട്ടാവുക.
നാലിഞ്ച് (960 ഗുണം 540) ക്യുഎച്ച്ഡി ഡിസ്‌പ്ലെ, 8 മെഗാപിക്‌സല്‍ ക്യാമറ, ബ്ലൂടൂത്ത്, മൈക്രോ എസ്ഡി സ്ലോട്ട്, സിഡിഎംഎ, ജിഎസ്എം കണക്ടിവിറ്റിയൊക്കെയുള്ള യാഹൂ ഫോണ്‍ ശരിക്കുള്ള ഒരു ആന്‍ഡ്രോയിഡ് മോഡലായിരിക്കുമെന്ന് ഉറപ്പിക്കാം. യാഹൂവിലെത്താന്‍ എളുപ്പത്തില്‍ കഴിയുമെന്നത് മാത്രമാണ് മറ്റ് ഫോണുകളില്‍ കാണാത്ത സവിശേഷത. യാഹൂവിനായി ഹാര്‍ഡ്‌വേര്‍ നിര്‍മിക്കുന്നത് 'ഷാര്‍പ്പ്' ആണ്. അടുത്ത മാസം അവസാനത്തോടെ ഈ സ്മാര്‍ട്ട്‌ഫോണ്‍ ജാപ്പനീസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെക് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ വിപ്ലവത്തില്‍ നിന്ന് ആര്‍ക്കും മാറി നില്‍ക്കാനാവില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യാഹൂ ഫോണ്‍. ഇന്റര്‍നെറ്റ് സെര്‍ച്ച് കമ്പനിയെന്ന് പേരുകേട്ട ഗൂഗിളും, ഡെസ്‌ക് ടോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആശാന്‍മാരായ മൈക്രോസോഫ്ടിനുമൊന്നും മൊബൈല്‍ രംഗത്തുനിന്ന് മാറി നില്‍ക്കാനാകുന്നില്ല.
ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് വന്‍വിജയം കൈവരിച്ചു കഴിഞ്ഞു. അതുകൂടാതെ ഗൂഗിളിന്റെ രണ്ട് ബ്രാന്‍ഡഡ് ഫോണുകളും ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്-എച്ച്ടിസി നിര്‍മിച്ച
'നെക്‌സസ് വണ്‍', സാംസങ് നിര്‍മിച്ച
'നെക്‌സസ് എസ്'. പക്ഷേ, ആ ഫോണുകള്‍ക്ക് ഉപഭോക്താക്കളുടെ പക്കല്‍നിന്ന് അത്ര ആവേശകരമായ പ്രതികരണമല്ല ലഭിച്ചത്.
മൈക്രോസോഫ്ട് തങ്ങളുടെ പുതിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ
വിന്‍ഡോസ് ഫോണ്‍ 7 നുമായാണ് രംഗം കൈയടക്കാന്‍ ഇറങ്ങിയിട്ടുള്ളത്. നോക്കിയയുമായി കമ്പനിയുണ്ടാക്കിയ കരാര്‍ വിന്‍ഡോസ് ഫോണ്‍ 7 ന് മികച്ച അടിത്തറ നല്‍കുമെന്നാണ് പ്രതീക്ഷ. അതേസമയം, മൈക്രോസോഫ്ട് കഴിഞ്ഞ വര്‍ഷമിറക്കിയ സ്മാര്‍ട്ട്‌ഫോണായ
'കിന്‍' പച്ച തൊട്ടില്ല.
യാഹൂ സ്വന്തം ബ്രാന്‍ഡഡ് ഫോണുമായി രംഗത്തെത്തുമ്പോള്‍ ഈ ചരിത്രമാണ് തിരുത്തി കുറിക്കേണ്ടി വരുന്നത്. അതിന് കഴിയുമോ, കാത്തിരുന്നു കാണാം.