ഷിയോമി മി-ടു : 'ഏറ്റവും വേഗമേറിയ ആന്‍ഡ്രോയിഡ് 4.1' ഫോണ്‍

Posted on: 20 Aug 2012


-സ്വന്തം ലേഖകന്‍




ലോകത്തെ 'ഏറ്റവും വേഗമേറിയ ആന്‍ഡ്രോയിഡ് 4.1 ഫോണ്‍' ഏതെന്ന ചോദ്യത്തിന് വരുന്ന ഓക്ടോബറോടെ വ്യക്തമായ ഉത്തരം ലഭിക്കുമെന്ന്, ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ 'ഷിയോമി' (Xiaomi). കമ്പനിയുടെ 'മി-ടു' (Mi-Two) എന്ന സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെത്തുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകുമത്രേ!

ചൈനീസ് കമ്പനി അമിത അവകാശവാദം ഉന്നയിക്കുകയല്ലേ എന്ന് തോന്നിയേക്കാം. ശരിയാണ്, എല്‍.ജി.ഓപ്ടിമസ് 4എക്‌സ് എച്ച്.ഡി, എച്ച്.ഡി.സി. വണ്‍ എക്‌സ്, സാംസങ് ഗാലക്‌സി എസ് 3 മുതലായ ആന്‍ഡ്രോയിഡ് രാജാക്കന്‍മാരെ ഒരു ചൈനീസ് ഫോണ്‍ കടത്തിവെട്ടുമോ എന്ന സംശയം ന്യായം.

ഇതിന് ഉത്തരമായി ഷിയോമി കമ്പനി നിരത്തുന്നത്, മി-ടു ഫോണിന്റെ കരുത്തുറ്റ ഹാര്‍ഡ്‌വേര്‍, സോഫ്ട്‌വേര്‍ ഫീച്ചറുകളാണ്. ഏറെ വാര്‍ത്താപ്രാധാന്യം നേടിയ 'സ്‌നാപ്പ്ഡ്രാഗണ്‍ എസ് 4 ചിപ്പ്‌സെറ്റ്' (Snapdragon S4 chipset) ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായാണ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുന്നത്.

1.5 GHz കരുത്തുള്ള ഈ ചിപ്പിസെറ്റിന് പുറമെ, എട്ടു മെഗാപിക്‌സല്‍ ക്യാമറയും മി-ടുവിലുണ്ട്, വീഡിയോ കോളിങിനായി രണ്ടു മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ വേറയും. ക്വാഡ്‌കോര്‍ ചിപ്പിന്റെ കരുത്തിനൊപ്പം രണ്ടു ജിബി റാം കൂടിയാകുമ്പോള്‍, ഈ സ്മാര്‍ട്ട്‌ഫോണിന്റെ വേഗം വര്‍ധിക്കും.

16 ജിബി ഇന്റേണല്‍ സ്റ്റോറേജും മൈക്രോ എസ്ഡി സ്ലോട്ട് സൗകര്യവുമുണ്ട്. 2000 mAh ബാറ്ററി, ആവശ്യമെങ്കില്‍ 3000 mAh ആയി അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയും.

ആന്‍ഡ്രോയിഡ് 4.1 (ജെല്ലി ബീന്‍) ന്റെ കസ്റ്റമറൈസ്ഡ് വേര്‍ഷനായ എം.ഐ.യു.ഐ (ങകഡക) ആണ് മി-ടുവിലുള്ളത്. ഫോണിലെ 4.3 ഇഞ്ച് ഐ.പി.എസ് (In-Plane Switching) സ്‌ക്രീനിന്റെ റിസല്യൂഷന്‍ 1280 X 720 ആണ്. കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത്, ജിപിസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം മി-ടുവിലുണ്ട്.

ഒക്ടോബറില്‍ ചൈനീസ് വിപണിയിലെത്തുന്ന ഈ ഫോണിന് ഏതാണ്ട് 15000 രൂപ വില വരും. സാംസങിന്റെ ഗാലക്‌സി എസ് 3 യുടെ വില ഏതാണ്ട് 38000 ആയിരിക്കുമ്പോള്‍, അതിലും വേഗമേറിയ ഫോണിന് 15000 രൂപ എന്നത് പ്രലോഭനീയം തന്നെയാണ്. എന്നാല്‍, ഇന്ത്യയില്‍ മി-ടു വില്‍പ്പനെയ്‌ക്കെത്തുമോ എന്നകാര്യം വ്യക്തമല്ല.
TAGS:
xiaomi mi-two  |  smartphone  |  android phones  |  android 4.1  |  china 


Stories in this Section