പിറന്നാള്‍ ആശംസകള്‍; വെബ്ബിന് 20

Posted on: 06 Aug 2011



സ്വന്തം ലേഖകന്‍




നവലോകസൃഷ്ടിക്ക് തുടക്കം കുറിച്ചുകൊണ്ട്, വേള്‍ഡ് വൈഡ് വെബ്ബ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ട് ഇന്ന് ഇരുപത് വര്‍ഷം തികയുന്നു.

ടിം ബേണേഴ്‌സി ലീ എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തയ്യാറാക്കിയ വേള്‍ഡ് വൈഡ് വെബ്ബ് പ്രോഗ്രാം ഇന്റര്‍നെറ്റില്‍ പൊതുജനങ്ങള്‍ക്കുള്ള ഒരു സര്‍വീസ് എന്ന നിലയ്ക്ക് ലഭ്യമാക്കുന്നത് 1991 ആഗസ്ത് ആറിനാണ്. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ല്‍ വെച്ചാണ് ബേണേഴ്‌സി ലീ വെബ്ബ് കണ്ടുപിടിച്ചത്.

alt.hypertext എന്ന ന്യൂസ്ഗ്രൂപ്പില്‍ വേള്‍ഡ് വൈഡ് വെബ്ബ് പ്രോജക്ടിന്റെ ഒരു ലഘുസംഗ്രഹം ബേണേഴ്‌സ് ലീ പോസ്റ്റു ചെയ്യുകയാണ് 20 വര്‍ഷം മുമ്പ് ഇതേ ദിവസം ചെയ്തത്.

ബേണേഴ്‌സ് ലീ പോസ്റ്റ് ചെയ്ത ആ സന്ദേശത്തില്‍ ഇങ്ങനെ പറഞ്ഞു : 'എവിടെയുമുള്ള ഏത് വിവരവുമായും ലിങ്കുകള്‍ സ്ഥാപിക്കാന്‍ ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു.പ്രോജക്ട് ലക്ഷ്യമിടുന്നു'.

ആ സന്ദേശം പോസ്റ്റുചെയ്യുമ്പോള്‍, തന്റെ കണ്ടുപിടിത്തം ലോകത്തെ എത്രമാത്രം മാറ്റിമറിക്കാന്‍ പോകുന്നുവെന്ന് ബേണേഴ്‌സ് ലീ സങ്കല്‍പ്പിച്ചിട്ട് പോലുമുണ്ടാകില്ല.

പക്ഷേ, അതാണ് സംഭവിച്ചത്. ലോകത്തെവിടെയുമുള്ള ഏത് വിവരവും വേള്‍ഡ് വൈഡ് വെബ്ബ് (The Web - www) വഴി നൊടിയിടയില്‍ ഇന്ന് നമ്മുടെ കണ്‍മുന്നില്‍ എത്തുന്നു. ഇന്റര്‍നെറ്റിലെ ഒട്ടേറെ സര്‍വീസുകളില്‍ ഒന്ന് മാത്രമാണ് വെബ്ബ് എങ്കിലും, അത് ഇന്റര്‍നെറ്റിന്റെ പര്യായമായി മാറുന്നതിനാണ് വളരെ വേഗം ലോകം സാക്ഷ്യം വഹിച്ചത്.

അതുവരെ അക്കാദമക് വൃത്തങ്ങളിലും സാങ്കേതിക ജ്ഞാനമുള്ളവര്‍ക്കും മാത്രമായി ഒതുങ്ങിയിരുന്ന ഇന്റര്‍നെറ്റ് എന്ന വിവരവിനിമയ ശൃംഖല, ഒറ്റയടിക്ക് സാധാരണക്കാരന് കൂടി പ്രയോജനപ്പെടുത്താമെന്ന സ്ഥിതിയായി. ലോകം പിന്നീട് ഒരിക്കലും പഴയതുപോലെ ആയില്ല.

പോയ 20 വര്‍ഷത്തിനിടെ ലോകത്താകെ വെബ്ബ് വരുത്തിയ സ്വാധീനവും മാറ്റവും എത്രയെന്ന് വിലയിരുത്തുക അസാധ്യം. ആധുനിക ജീവിതത്തിന്റെ അഭിഭാജ്യഘടകമാണിന്ന് വെബ്ബ്. ലോകസമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലും.

മനുഷ്യബന്ധങ്ങളെ വരെ വെബ്ബ് പുനര്‍നിര്‍വചിച്ചിരിക്കുന്നു. ഫെയ്‌സ്ബുക്ക് യുഗത്തിലേക്ക് ലോകമെത്തിയത് വെബ്ബിലൂടെയാണ്.

കമ്പ്യൂട്ടറുകളില്‍ നിന്ന് മൊബൈല്‍ ഫോണിലെക്കും വയര്‍ലെസ്സ് ഉപകരണങ്ങളിലേക്കും വെബ്ബ് വിജയകരമായി കുടിയേറുന്ന കാഴ്ച്ചയ്ക്കാണ് ഇന്ന് ലോകം സാക്ഷിയാകുന്നത്.

വെബ്ബിന്റെ ഭാവി മൊബൈല്‍ ഉപകരണങ്ങളിലായിരിക്കുമെന്ന് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.ജോണ്‍ ഡൊമിങ്യു 'സ്‌കൈ ന്യൂസി'നോട് സംസാരിക്കുമ്പോള്‍ പ്രവചിച്ചത് സത്യമാണ്.


Stories in this Section