വേഡ്പ്രസ്സ് ആക്രമിക്കപ്പെട്ടു; ഒരുലക്ഷത്തോളം ബ്ലോഗുകളെ ബാധിച്ചു

Posted on: 16 Apr 2013




ലോകത്തെ ഏറ്റവും ജനപ്രിയ ബ്ലോഗ് പ്ലാറ്റ്‌ഫോമിലൊന്നായ വേഡ്പ്രസ്സിന് നേരെ ബോട്ട്‌നെറ്റ് ആക്രമണം. കഴിഞ്ഞയാഴ്ച ആരംഭിച്ച ആക്രമണത്തില്‍ ഇതിനകം ഒരുലക്ഷത്തോളം ബ്ലോഗുകള്‍ ഇരയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൈബര്‍ ക്രിമിനലുകള്‍ ദുഷ്ടപ്രോഗ്രാമുകള്‍ (മാള്‍വെയര്‍) വഴി വരുതിയിലാക്കിയ പതിനായിരക്കണക്കിന് കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് 'ബോട്ട്‌നെറ്റ്' ( botnet ) എന്നറിയപ്പെടുന്നത്.

വേഡ്പ്രസ്സ് ( Wordpress ) അതിന്റെ സുരക്ഷാ ക്രമീകരണം വര്‍ധിപ്പിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചതെന്ന്, സെര്‍വര്‍ ഹോസ്റ്റിങ് സ്ഥാപനങ്ങളായ ക്ലൗഡ്ഫ് ളെയറും, ഹോസ്റ്റ്ഗറ്ററും അറിയിച്ചു.

യൂസര്‍നാമമായി 'admin' എന്ന വാക്ക് ഉപയോഗിക്കുന്ന വേഡ്പ്രസ്സ് ബ്ലോഗര്‍മാരെയും വെബ്ബ്‌സൈറ്റ് ഉടമകളെയുമാണ് സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യംവെച്ചത്. വേഡ്പ്രസ്സ് യൂസര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ആയിരക്കണക്കിന് പാസ്‌വേഡുകള്‍, ബോട്ട്‌നെറ്റിന്റെ സഹായത്തോടെ പ്രയോഗിച്ച് യഥാര്‍ഥ പാസ്‌വേഡുകള്‍ കണ്ടെത്തി അക്കൗണ്ടില്‍ കടക്കുകയായിരുന്നു.

'നിങ്ങള്‍ 'admin' എന്ന യൂസര്‍നാമമാണ് ബ്ലോഗില്‍ ഉപയോഗിക്കുന്നതെങ്കില്‍, അത് മാറ്റുക. ഒപ്പം ശക്തമായ ഒരു പാസ്‌വേഡും ഉപയോഗിക്കുക. ഇതാണ് എനിക്ക് ശുപാര്‍ശ ചെയ്യാനുള്ളത്' -വേഡ്പ്രസ്സ് സ്ഥാപകന്‍ മാറ്റ് മുല്ലെന്‍വെഗ് തന്റെ ബ്ലോഗില്‍ പറഞ്ഞു.

കൂടുതല്‍ ശക്തമായ ഒരു ബോട്ട്‌നെറ്റ് സൃഷ്ടിക്കലാകാം ഈ ആക്രമണത്തിന്റെ ഉദ്ദേശമെന്ന് ക്ലൗഡ്ഫ് ളെയര്‍ മേധാവി മാത്യു പ്രിന്‍സ് മുന്നറിയിപ്പ് നല്‍കി.

ലോകത്താകമാനം 640 ലക്ഷം വെബ്‌സൈറ്റുകള്‍ വേഡ്പ്രസ്സ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്ക്. പ്രതിമാസം 37.1 കോടി വായനക്കാരുണ്ട് അവയ്‌ക്കെല്ലാം കൂടി. ഡബ്ല്യു3ടെക്‌സിന്റെ ( W3Techs ) കണക്ക് പ്രകാരം, ലോകത്ത് ആകെയുള്ളതില്‍ 17 ശതമാനം വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നത് വേഡ്പ്രസ്സിലാണ്.
TAGS:
wordpress  |  blog platform  |  botnet  |  cyber crime  |  online security 


Stories in this Section