ബാങ്ക് കവര്‍ച്ച നടത്തി വിവരം യൂട്യൂബിലിട്ടു; യുവതി അറസ്റ്റില്‍
Posted on: 05 Dec 2012
വാഷിങ്ടണ്‍: യുട്യൂബ് പ്രേമികള്‍ക്ക് ഒരു ഉപദേശം. നിങ്ങള്‍ ബാങ്ക് കവര്‍ച്ചയോ കാര്‍ മോഷണമോ നടത്തിയാല്‍, അതിനെപ്പറ്റി വീഡിയോ പിടിച്ച് യുട്യൂബിലിടരുത്!
അങ്ങനെ ചെയ്താല്‍ എന്താണ് സംഭവിക്കുകയെന്ന്, അമേരിക്കയില്‍ അറസ്റ്റിലായ ഹന്ന സബാറ്റയെന്ന പത്തൊന്‍പതുകാരിയുടെ അനുഭവം വ്യക്തമാക്കുന്നു.
ബാങ്ക് കവര്‍ച്ച നടത്തിയതിന്റെയും കാര്‍ മോഷ്ടിച്ചതിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോയാണ് യുവതി പോസ്റ്റു ചെയ്തത്.
മോഷ്ടിച്ച കാറിന്റെ താക്കോലും ബാങ്കില്‍നിന്ന് അപഹരിച്ച പണവും യുവതി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. കാര്‍ മോഷ്ടിച്ചയുടന്‍ നമ്പര്‍പ്ലേറ്റ് ഇളക്കി വലിച്ചെറിഞ്ഞുവെന്നും വെളിപ്പെടുത്തിയിരുന്നു.
ജില്ലീ ബീനീ എന്ന പേരിലുള്ള യൂസറാണ് ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. ജില്ലീ ബീനീയും സബാറ്റയും ഓരാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
നെബ്രാസ്‌കയിലെ കോര്‍ണര്‍സ്റ്റണ്‍ ബാങ്ക് ശാഖയില്‍ നിന്നാണ് സബാറ്റ 6000 ഡോളര്‍ കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്തിരുന്നു.
അറസ്റ്റിലായപ്പോള്‍ യുവതി ധരിച്ചിരുന്ന വസ്ത്രവും ബാങ്കിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ള അവരുടെ വസ്ത്രവും ഒന്നുതന്നെ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോഷ്ടിച്ച കാറും പണവും യുവതിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
യുട്യൂബ് വീഡിയോ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ട സമയത്ത് തന്നെ യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നാട്ടുകാര്‍ ഈ വീഡിയോ കണ്ടതോടെ അവര്‍ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
'ചിക്ക് ബാങ്ക് റോബര്‍' ('Chick Bank robber') എന്ന പേരിലാണ് സബാറ്റ ആ മോഷണവീഡിയോ യുട്യൂബിലിട്ടത്. സ്വന്തം വീട്ടില്‍നിന്നാണ് അവളത് പോസ്റ്റ് ചെയ്തതെന്നും അറിവായിട്ടുണ്ട്.