പവര്‍ കേബിളുകളുടെ സഹായമില്ലാതെ വയര്‍ലെസ്സായി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വഴിയൊരുങ്ങുന്നു. അമേരിക്കയിലെ വൈട്രിസിറ്റി കോര്‍പ്പറേഷനാണ് ഇത്തരത്തില്‍ മൊബൈല്‍, ടാബ്‌ലറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സങ്കേതം നിര്‍മിച്ചത്.
വയര്‍ലെസ് ചാര്‍ജിങ് എന്നത് ഒരു പുതിയ സങ്കേതമല്ല. എന്നാല്‍, നിലവിലുള്ള മറ്റ് വയര്‍ലെസ് ചാര്‍ജറുകളില്‍ നിന്നും വിത്യസ്തമായി നാലടിയോ ചിലപ്പോള്‍ അതിലധികമോ അകലത്തുവെച്ച് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വൈട്രിസിറ്റി ചാര്‍ജറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇന്‍ഡന്‍ഷന്‍ കുക്കറിലെ മാഗ്‌നറ്റിക് ഇന്‍ഡന്‍ഷന്‍ സാങ്കേതം പോലെയുള്ള ഒന്നാണ് ഈ ഉപകരണത്തിലും ഉപയോഗിക്കുന്നത്.
പുതിയ സങ്കേതത്തില്‍ ചാര്‍ജ് ചെയ്യാനായി ഒരു ബേസ് സ്റ്റേഷന്‍ ആവശ്യമാണ്. ഈ സ്റ്റേഷന്‍ സാധാരണ പവര്‍പ്ലഗില്‍ ഘടിപ്പിക്കും. തുടര്‍ന്ന് പ്രത്യേക കാന്തികച്ചുരുളുകള്‍ ഘടിപ്പിച്ച ഉപകരണം ബെയ്‌സ് സ്റ്റേഷനിലോ അല്ലെങ്കില്‍ അകലെയോ വെയ്ക്കുക. ഉപകരണം ചാര്‍ജ് ചെയ്യപ്പെടും. ബേസ്‌സ്റ്റേഷന്‍ സൃഷ്ടിക്കുന്ന കാന്തികമണ്ഡലം, ചാര്‍ജ് ചെയ്യേണ്ട ഉപകരണത്തിലെ കാന്തികച്ചുരുളുകള്‍ പിടിച്ചെടുത്താണ് വൈദ്യുതി കൈമാറ്റം നടക്കുന്നത്.
ഇൗ ചാര്‍ജറിന്റെ പ്രധാന പോരായ്മ, എല്ലാതരം ഉപകരണങ്ങളും ഇപ്രകാരം ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ്. ചാര്‍ജിങിനാവശ്യമായ കാന്തികച്ചുരുളുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലെ ഒരുപകരണം ഇത്തരത്തില്‍ ചാര്‍ജ് ചെയ്യാനാകൂ. എന്നുവെച്ചാല്‍, ബേസ് സ്റ്റേഷനും ഉപകരണത്തിലെ കാന്തികച്ചുരുളുകളും ചേരുന്നതാണ് ചാര്‍ജര്‍. അതിനാല്‍, ഒരുപകരണം എന്ന നിലയില്‍ ഈ ചാര്‍ജര്‍ വാങ്ങാനാകില്ല. ഉപകരണ നിര്‍മാതാക്കള്‍ ഈ സങ്കേതത്തിനുയോജ്യമായ വിധത്തില്‍ തങ്ങളുടെ ഉത്പന്നത്തില്‍ മാറ്റം വരുത്തേണ്ടി വരും.
വാഹനങ്ങള്‍ വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാനുള്ള ഉപകരണത്തിന്റെ നിര്‍മാണത്തിലാണ് ഇപ്പോള്‍ വൈട്രിസിറ്റി. പ്രശസ്ത വാഹന നിര്‍മാതാക്കളായ ഓഡി, ടയോട്ട, മിസ്തുബിഷി എന്നിവര്‍ അടുത്ത മോഡലുകളില്‍ ഈ സങ്കേതം ഉള്‍പ്പെടുത്തും.
ഭാവിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇത്തരത്തില്‍ ചാര്‍ജ് ചെയ്യാനുള്ള ശ്രമം തുടങ്ങിയതായി വൈട്രിസിറ്റി സി.ഇ.ഒ. എറിക് ഗിലര്‍ അറിയിച്ചു. വയര്‍ലെസ് ചാര്‍ജിങ് സങ്കേതം കൂടുതല്‍ ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മീഡിയ ടെക് എന്ന തായ്‌വാന്‍ സെമികണ്ടക്ടര്‍ കമ്പനിയുമായി വൈട്രിസിറ്റി കരാറില്‍ ഏര്‍പ്പെട്ടാതായും അദ്ദേഹം പറഞ്ഞു.