വിന്‍ഡോസ് മൊബൈലിന്റെ പുതിയ വകഭേദം വരുന്നു ?

Posted on: 28 Dec 2010


-സ്വന്തം ലേഖകന്‍



മൊബൈല്‍ രംഗത്ത് സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ മൈക്രോസോഫ്ട് ശക്തിപ്പെടുത്തുന്നു. ഭാവി എന്നത് മൊബൈല്‍ ഉപകരണങ്ങളിലാണെന്ന തിരിച്ചറിവാണ് മൈക്രോസോഫ്ടിനെ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രേരിപ്പിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വര്‍ത്തമാനം, ടാബ്‌ലറ്റ് പോലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ക്കായി വിന്‍ഡോസ് മൊബൈലിന്റെ പുതിയ വകഭേദം മൈക്രോസോഫ്ടിന്റെ ആവനാഴിയില്‍ ഒരുങ്ങുന്നു എന്നതാണ്. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പടെയുള്ള പ്രശസ്ത പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത മാസം ആറ് മുതല്‍ ലോസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ മൈക്രോസോഫ്ട് തങ്ങളുടെ പുതിയ പദ്ധതി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ എആര്‍എം ചിപ്പുകള്‍ പോലെ, കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊസസറുകള്‍ക്ക് യോജിച്ച രൂപത്തിലാണത്രേ വിന്‍ഡോസ് മൊബൈലിന്റെ വകഭേദം മൈക്രോസോഫ്ട് അവതരിപ്പിക്കാന്‍ പോകുന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ചോദ്യം അവശേഷിക്കുന്നു. മൈക്രോസോഫ്ടിന് ഇപ്പോള്‍ തന്നെ സാമാന്യം ഭേദപ്പെട്ട ഒരു മൊബൈല്‍ ഒഎസ് ഉണ്ട്-കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ച
വിന്‍ഡോസ് ഫോണ്‍ 7. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനോടും ആപ്പിളിന്റെ ഐഒഎസിനോടും നേരിട്ട് മത്സരിക്കാന്‍ പാകത്തില്‍ അതെത്തിയിട്ടില്ലെങ്കിലും, കുഴപ്പമില്ലാത്ത തുടക്കമാണ് വിന്‍ഡോസ് ഫോണ്‍ 7 കാഴ്ച വെയ്ക്കുന്നത്. ഇതിനകം ആ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 15 ലക്ഷം ഫോണുകള്‍ വിറ്റു കഴിഞ്ഞു.

മൈക്രോസോഫ്ട് മുമ്പിറക്കിയിരുന്ന വിന്‍ഡോസ് മൊബൈലുമായി താരതമ്യം ചെയ്താല്‍, പ്രകാശവര്‍ഷങ്ങള്‍ മുന്നിലാണ് വിന്‍ഡോസ് ഫോണ്‍ 7. ടാബ്‌ലറ്റുകള്‍ക്കും ജോയിച്ച തരത്തിലാണ് ഈ മൊബൈല്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയിരിക്കുന്നത്. ആ നിലയ്ക്ക് എന്തിനാണ് വിന്‍ഡോസ് മൊബൈലിന്റെ പുതിയ വകഭേദം കാശുചെലവാക്കി മൈക്രോസോഫ്ട് പുറത്തിറക്കാനൊരുങ്ങുന്നത്. ആര്‍ക്കും വ്യക്തമായ ഉത്തരമില്ല, കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു.

TAGS:


Stories in this Section