വിന്‍ഡോസ് 8 ടച്ച്‌സ്‌ക്രീനിനും

Posted on: 03 Jun 2011


-സ്വന്തം ലേഖകന്‍




ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടാണ് വിന്‍ഡോസിന്റെ പുതിയ പതിപ്പ് എത്തുന്നത്. കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച 'വിന്‍ഡോസ് 8' ന്റെ ആദ്യരൂപം അതാണ് വ്യക്തമാക്കുന്നത്. ഡെസ്‌ക്ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും മാത്രമല്ല, ടച്ച്‌സ്‌ക്രീനിന്റെ ലോകമായ മൊബൈല്‍ ഫോണുകളിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലും പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് മൈക്രോസോഫ്ടിന്റെ ഓപ്പറേറ്റിങ് സിസ്റ്റ(ഒഎസ്) ത്തിന്റെ പുതിയ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നത് (ആ പുതിയ പതിപ്പിന്റെ കോഡുനാമമാണ് 'വിന്‍ഡോസ് 8').

പരമ്പരാഗത രീതിയില്‍ കീബോര്‍ഡിന്റെയും മൗസിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്നത് കൂടാതെ ടച്ച്‌സ്‌ക്രീനിലും വിന്‍ഡോസ് 8 പ്രവര്‍ത്തിക്കും. മൈക്രോസോഫ്ടിന്റെ പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 നോട് ഏറെ സാമ്യം വിന്‍ഡോസ് 8 നുണ്ടെന്നാണ് അതിന്റെ ആദ്യരൂപം വെളിവാക്കുന്നത്.



കാലിഫോര്‍ണിയയില്‍ നടന്ന D9 സമ്മേളനത്തിലും തായ്‌പേയില്‍ നടന്ന കമ്പ്യൂട്ടെക്‌സിലും വിന്‍ഡോസ് 8 ന്റെ ആദ്യരൂപം പ്രദര്‍ശിപ്പിച്ചു. കൂടുതല്‍ ഉപഭോക്താക്കള്‍ വിന്‍ഡോസ് ഉപയോഗിക്കണമെങ്കില്‍, ടാബ്‌ലറ്റുകളില്‍ക്കൂടി വിന്‍ഡോസ് പ്രവര്‍ത്തിച്ചേ തീരൂ എന്ന് മൈക്രോസോഫ്ടിന് നിശ്ചയമുണ്ട്. ആപ്പിളിന്റെ ഐപാഡിന്റെ വിജയവും മൈക്രോസോഫ്ടിന്റെ കണ്ണു തുറപ്പിച്ചു എന്നുവേണം അനുമാനിക്കാന്‍. അതിന്റെ പ്രതിഫലനം വിന്‍ഡോസ് 8 ല്‍ കാണാനുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

കഴിഞ്ഞ 25 വര്‍ഷമായി ഉപഭോക്താക്കള്‍ക്ക് പരിചയമുള്ള വിന്‍ഡോസ് ആയിരിക്കില്ല വിന്‍ഡോസ് 8 എന്ന് സാരം. വലിയൊരു വഴിത്തിരിവിനാണ് മൈക്രോസോഫ്ട് ഒരുങ്ങുന്നതെന്ന് സാരം. ടച്ച്‌സ്‌ക്രീനിന് പാകത്തില്‍ വിന്‍ഡോസ് രൂപപ്പെടുക എന്നുപറഞ്ഞാല്‍ അതാണര്‍ഥം.

വിന്‍ഡോസ് 8 ന്റെ പുറത്തുവന്ന പ്രത്യേകതകള്‍-



1. പിസികളിലും ടാബ്‌ലറ്റുകളിലും ഒരുപോലെ പ്രവര്‍ത്തിക്കും. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഹോംസ്‌ക്രീന്‍ നിറയെ വലിയ സ്പര്‍ശനീയമായ പാനലുകളാകും കാണപ്പെടുക. വിന്‍ഡോസ് ഫോണ്‍ 7 ലെ ലൈവ് ടൈല്‍സിനോട് സാമ്യമുള്ളതാണ് ഇത്. ടച്ച് അടിസ്ഥാനമായ ആപ്ലിക്കേഷനുകളിലേക്ക് ഹോംസ്‌ക്രീനില്‍ നിന്ന് പോകാന്‍ ഇത് സഹായിക്കും. പക്ഷേ, അതിന് താഴെ വിന്‍ഡോസിലെ പഴയ ടാസ്‌ക് ബാറും ഫയല്‍ മാനേജരും ആപ്പ് ഐക്കണുകളുമെല്ലാം സ്ഥിതി ചെയ്യുന്നു.

2. സ്റ്റാര്‍ട്ട് മെനുവില്‍ സമയം, വായിക്കാനുള്ള ഈമെയിലുകള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഉണ്ട്. യൂസര്‍ക്ക് സ്റ്റാര്‍ട്ട് മെനുവില്‍ സ്വെയ്പ്പ് ചെയ്ത് ഹോംസ്‌ക്രീനിലേക്കും ടൈല്‍സുകളിലേക്കും എത്താം.


3. വിന്‍ഡോസ് ഫോണ്‍ 7 ലെ പോലെ, ആപ്ലിക്കേഷനുകളിലെ ചില വിവരങ്ങള്‍ ഹോംസ്‌ക്രീന്‍ ടൈല്‍സില്‍ തന്നെ കാണാം. ഉദാഹരണം, കാലാവസ്ഥാ ആപ്ലിക്കേഷന്‍ ക്ലിക്ക് ചെയ്യേണ്ട കാര്യമില്ല അപ്പോഴത്തെ താപനില അറിയാന്‍.

4. മള്‍ട്ടിടാസ്‌കാണ് വിന്‍ഡോസ് 8 ന്റെ ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത. ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ ഒരേ സമയം സ്‌ക്രീനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.


5. വിന്‍ഡോസ് 8 നായി എച്ച്ടിഎംഎല്‍5, ജാവസ്‌ക്രിപ്റ്റ് എന്നിവ ഉപയോഗിച്ചുള്ള പുതിയ തരം ആപ്ലിക്കേഷനുകളാണ് മൈക്രോസോഫ്ട് വികസിപ്പിക്കുന്നത്. ടാബ്‌ലറ്റില്‍ ഒരാള്‍ പ്രതീക്ഷിക്കുന്ന തരം ആപ്ലിക്കേഷനുകള്‍ തന്നെയായിരിക്കുമിത്.

6. ടച്ച്‌സ്‌ക്രീനിന് പാകത്തില്‍ ഓപ്ടിമൈസ് ചെയ്ത ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 (IE 10) ന്റെ ആദ്യരൂപവും മൈക്രോസോഫ്ട് പ്രദര്‍ശിപ്പിക്കുകയുണ്ടായി.


7. സ്വന്തം ആപ്ലിക്കേഷന്‍ സ്റ്റോര്‍ വഴിയാകും വിന്‍ഡോസ് 8 ന് ആവശ്യമായ ആപ്ലിക്കേഷനുകള്‍ മുഴുവന്‍ ലഭ്യമാക്കുക. ഹോംപേജില്‍ 'സ്റ്റോര്‍' എന്നൊരു ടൈലും വിന്‍ഡോസ് 8 ലുണ്ട്. ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ മൈക്രോസോഫ്ട് വെളിപ്പെടുത്തിയില്ല.

എപ്പോഴാണ് വിന്‍ഡോസ് 8 വിപണിയില്‍ ലഭ്യമാകുകയെന്ന് വ്യക്തമല്ല. 2012 ഒക്ടോബറിന് മുമ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

TAGS:
windows 8  |  microsoft  |  operating systems  |  os  |  tablet computers 


Stories in this Section