'തെങ്ങിനും കമുങ്ങിനും ഒരേ തളപ്പിടരുത്' എന്ന ചൊല്ലുണ്ടല്ലോ. ഡെസ്‌ക്‌ടോപ്പുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വിന്‍ഡോസ് 8 എന്ന ഒറ്റ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് പുറത്തിറക്കിയപ്പോള്‍ ചിലരെങ്കിലും ഈ ചൊല്ല് ഓര്‍ത്തിരിക്കണം!
ഒടുവില്‍ മൈക്രോസോഫ്റ്റും അംഗീകരിക്കുന്നു - 'ഒരേ തളപ്പ് പറ്റില്ല'; ചില വ്യത്യാസങ്ങള്‍ കൂടിയേ തീരൂ. ടാബ്‌ലറ്റുകളുടെ ടച്ച്‌സ്‌ക്രീന്‍ പോലെയല്ല, ഡെക്‌സ്‌ടോപ്പുകളിലെ കീബോര്‍ഡും മൗസും. മൈക്രോസോഫ്റ്റിനുണ്ടായ ഈ തിരിച്ചറിവിന്റെ സൂചനയാണ്, വിന്‍ഡോസ് 8 ലേക്ക്
'start' ബട്ടണ്‍ (ആ പേരിലല്ലെങ്കിലും) തിരിച്ചെന്നുന്നു എന്നത്.
വിന്‍ഡോസ് 8 ന്റെ പുതിയ അപ്‌ഡേറ്റായ വിന്‍ഡോസ് 8.1 ലാണ് സ്റ്റാര്‍ട്ട് ബട്ടണ്‍, വിന്‍ഡോസ് ലോഗോയുടെ രൂപത്തില്‍ ഹോംസ്‌ക്രീനിന്റെ ഇടത്തേയറ്റത്ത് താഴെ എത്തുന്നത്. വിന്‍ഡോസ് 95 ന് ശേഷം എല്ലാ വിന്‍ഡോസ് പതിപ്പിലുമുണ്ടായിരുന്ന സ്റ്റാര്‍ട്ട് ബട്ടണ്‍, വിന്‍ഡോസ് 8 ല്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ആ തീരുമാനം ശരിയായില്ല എന്ന് ഇപ്പോള്‍ മൈക്രോസോഫ്റ്റ് അംഗീകരിക്കുകയാണ്.
വിപണിയില്‍ പ്രതീക്ഷിച്ചതുപോലെ വലിയ ഓളമുണ്ടാക്കാന്‍ വിന്‍ഡോസ് 8 ന് കഴിഞ്ഞില്ല. ഇതാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചത്. വര്‍ഷങ്ങള്‍ കൂടുമ്പോഴുള്ള വലിയ റിലീസുകള്‍ക്ക് കാക്കാതെ, ഇടയ്ക്കിടെ വിന്‍ഡോസ് 8 ന് അപ്‌ഡേറ്റുകള്‍ പുറത്തിറക്കാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചു.
2012 ഒക്ടോബറില്‍ വിപണിയിലെത്തിയ ശേഷം പത്തുകോടി വിന്‍ഡോസ് 8 ലൈസന്‍സുകള്‍ വില്‍ക്കാന്‍ മൈക്രോസോഫ്റ്റിന് കഴിഞ്ഞു എന്നത് ശരിതന്നെ. എന്നാല്‍, ടാബ്‌ലറ്റുകളുടെ വരവോടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ മേഖല ശോഷിക്കാനാരംഭിച്ചത് വിന്‍ഡോസിനെയും ബാധിച്ചിരിക്കുകയാണ്. ടാബ്‌ലറ്റ് മേഖലയില്‍ വിന്‍ഡോസ് 8 ന് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടുമില്ല.
പരമ്പരാഗത പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വില്‍പ്പന, ഈ വര്‍ഷം ഏതാണ്ട് എട്ടു ശതമാനം കുറയുമെന്നാണ് കണക്കുകള്‍. അത് ഏറെ ബാധിക്കുക വിന്‍ഡോസ് വില്‍പ്പനയെ ആയിരിക്കും.
വലിയ ചതുര ഐക്കണുകള്‍ ('tile') ആയി ആപ്ലിക്കേഷനുകള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോസ് 8 ന്റെ ഹോംപേജ് ടച്ച്‌സ്‌ക്രീനിന് അനുയോജ്യമാണെങ്കിലും, മൗസും കീബോര്‍ഡും ഉപയോഗിക്കുമ്പോള്‍ അത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.
ആ പരാതി കണക്കിലെടുത്താണ് വിന്‍ഡോസ് 8.1 അപ്‌ഡേറ്റില്‍ 'സ്റ്റാര്‍ട്ട്' ബട്ടണ്‍ പ്രത്യക്ഷപ്പെടുന്നത്. പരിചിതമായ വിന്‍ഡോസ് ലോഗോ സ്റ്റാര്‍ട്ട് ആയി ഉപയോഗിക്കാന്‍ പാകത്തില്‍ ഹോംപേജ് തങ്ങള്‍ പരിഷ്‌ക്കരിക്കുന്നതായി, മൈക്രോസോഫ്റ്റ് ഒരു
ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.
മുമ്പ് 'ബ്ലൂ' ( Blue ) എന്ന കോഡുനാമത്തില്‍ അറിയപ്പെട്ട അപ്‌ഡേറ്റാണ് ഇപ്പോള്‍ വിന്‍ഡോസ് 8.1 ആയി രംഗത്തെത്തുന്നത്. വിന്‍ഡോസ് 8 ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേറ്റ് ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകും. ഇതിന്റെ ടെസ്റ്റ് പതിപ്പ് ജൂണ്‍ 26 ന് മൈക്രോസോഫ്റ്റിന്റെ ഡെവലപ്പര്‍ സമ്മേളനത്തില്‍ പുറത്തിറക്കും.
കൂടുതല്‍ മെച്ചപ്പെടുത്തിയ സെര്‍ച്ച് നിര്‍വ്വഹണമായിരിക്കും വിന്‍ഡോസ് 8.1 അപ്‌ഡേറ്റിന്റെ മറ്റൊരു പ്രത്യേകത. ഡോക്യുമെന്റുകള്‍, ആപ്‌സ്, ഇന്റര്‍നെറ്റിലെ എന്തെങ്കിലും സംഗതികളൊക്കെ ഒറ്റ സെര്‍ച്ച് ബാര്‍ ഉപയോഗിച്ച് തെരയാനുള്ള അവസരമാണ് ഇതൊരുക്കുന്നത്.
ആപ് ഐക്കണ്‍ 'ടൈലുകളു'ടെ വലിപ്പം വ്യത്യാസപ്പെടുത്തി സ്റ്റാര്‍ട്ട് സ്‌ക്രീന്‍ കസ്റ്റമറൈസ് ചെയ്യാനും പുതിയ അപ്‌ഡേറ്റ് വഴി സാധിക്കും. ഏതൊക്കെ ആപ്‌സ് ഹോംസ്‌ക്രീനില്‍ കാണണം എന്നും തീരുമാനിക്കാം. രണ്ട് വിന്‍ഡോകള്‍ ഒരേ സമയം തുറക്കാനും കഴിയും.
മൈക്രോസോഫ്റ്റ് ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ആണ് വിന്‍ഡോസ് 8.1 ലുണ്ടാവുക.