ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ പത്തുവര്‍ഷങ്ങള്‍

Posted on: 13 Jan 2011


-ജോസഫ് ആന്റണി




2001 ജനവരിയിലെ അടുത്തടുത്ത ആഴ്ച്ചകളില്‍ ടെക്‌നോളജി രംഗത്ത് ശ്രദ്ധേയമായ രണ്ട് സംഭവങ്ങള്‍ അരങ്ങേറി. ആപ്പിള്‍ ഐട്യൂണ്‍സ് ആപ്ലിക്കേഷന്റെ തുടക്കമായിരുന്നു ഒന്ന്, വിക്കിപീഡിയ എന്ന സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശത്തിന്റെ ആവിര്‍ഭാവം രണ്ടാമത്തേതും. സ്റ്റീവ് ജോബ്‌സ് ഐട്യൂണ്‍സ് രംഗത്തെത്തിക്കുമ്പോഴും ജിമ്മി വെയ്ല്‍സും ലാറി സേഞ്ചരും ചേര്‍ന്ന് വിക്കിപീഡിയ അവതരിപ്പിക്കുമ്പോഴും, അത് ഡിജിറ്റല്‍ ലോകത്തെ യുഗപ്പിറവികളാണെന്ന് തിരിച്ചറിഞ്ഞവര്‍ അന്ന് ചുരുക്കം. ഓണ്‍ലൈനില്‍ കച്ചവടത്തിന്റെ അലകുംപിടിയുമാണ് ഐട്യൂണ്‍സ് മാറ്റിയതെങ്കില്‍, ഓണ്‍ലൈന്‍ കൂട്ടായ്മയുടെ രംഗത്ത് വിക്കിപീഡിയ ശരിക്കും വിപ്ലവം തന്നെ വരുത്തി. രംഗത്തെത്തി വെറും ഒന്‍പത് വര്‍ഷംകൊണ്ട് ഐട്യൂണ്‍സ് സ്റ്റോറില്‍ നിന്ന് ഐപോഡ് ഉടമകള്‍ ഡൗണ്‍ലോഡ് ചെയ്തത് ആയിരം കോടി ഗാനങ്ങളാണ്. പൈറസി എന്ന് ഇംഗ്ലീഷില്‍ പറയുന്ന ചോരണംകൊണ്ട് പൊറുതിമുട്ടിയിരുന്ന അമേരിക്കന്‍ മ്യൂസിക് രംഗത്തിന് ഐട്യൂണ്‍സ് നല്‍കിയത് ശരിക്കും ശാപമോക്ഷമായിരുന്നു. ഓണ്‍ലൈനില്‍ എല്ലാം അങ്ങനെ സൗജന്യമായി ലഭിക്കില്ല എന്നാണ് ഐട്യൂണ്‍സ് പ്രഖ്യാപിച്ചത്. അതേസമയം, ഓണ്‍ലൈന്‍ കൂട്ടായ്മ വഴി സൗജന്യമായി വിവരങ്ങളും വിജ്ഞാനവും എങ്ങനെ ലോകമെങ്ങുമുള്ളവരുടെ വിരല്‍ത്തുമ്പില്‍ എത്തും എന്ന് വിക്കിപീഡിയ കാട്ടിത്തന്നു. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ ഉദയമായി വിശേഷിപ്പിക്കാവുന്ന വിക്കിപീഡിയ ആവിര്‍ഭവിച്ചിട്ട് 2011 ജനവരി 15 ന് പത്തുവര്‍ഷം തികയുന്നു.

പരാജയപ്പെടാന്‍ വിധിക്കപ്പെട്ട 'ന്യൂപീഡിയ' (Nupedia) എന്ന സംരംഭത്തിന്റെ പോഷകപദ്ധതിയെന്ന നിലയ്ക്കാണ് വിക്കിപീഡിയ (Wikipedia) ഉടലെടുക്കുന്നത്. പക്ഷേ, ലോകംകണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി വിക്കിപീഡിയ മാറി. 'ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന', 'ആര്‍ക്കും തിരുത്താവുന്ന' ഈ ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന് ഇപ്പോള്‍ 270 ഭാഷകളില്‍ പതിപ്പുകളുണ്ട്. എല്ലാ ഭാഷകളിലും കൂടി 170 ലക്ഷം ലേഖനങ്ങളും (വിക്കിപീഡിയയുടെ ഏറ്റവും വലിയ പതിപ്പ് ഇംഗ്ലീഷിലേതാണ്. 35.2 ലക്ഷമാണ് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം). കോംകോര്‍ മീഡിയ മാട്രിക്‌സ് 2010 നവംബറില്‍ പുറത്തുവിട്ട കണക്ക് പ്രകാരം, വിക്കിപീഡിയ ഉള്‍പ്പടെയുള്ളവയുടെ മാതൃസംരംഭമായ വിക്കിമീഡിയ ഫൗണ്ടേഷന്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ച അഞ്ചാമത്തെ ഇടമാണ്, പ്രതിമാസം 41 കോടി സന്ദര്‍ശകരുണ്ട് അതിന്. അലക്‌സ എന്ന റേറ്റിങ് സ്ഥാപനം നല്‍കുന്ന വിവരം ഇതാണ്-വിക്കിപീഡിയ എന്നത് വെബ്ബിലെ എട്ടാമത്തെ വലിയ സൈറ്റാണ്. പ്രതിമാസം 36.5 കോടി വായനക്കാരുണ്ട് വിക്കിപീഡിയയ്ക്ക് മാത്രമായി. ഒരുപക്ഷേ, മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ വിവരശേഖരമാണ് ഇന്ന് വിക്കിപീഡിയ. അതില്ലാത്ത ഇന്റര്‍നെറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത നിലയില്‍ കാര്യങ്ങളെത്തിയിരിക്കുന്നു.

ഓണ്‍ലൈന്‍ കൂട്ടായ്മയുടെ മാത്രമല്ല, നവമാധ്യമ സാധ്യതകളുടെ ഭാഗമായി 'ഉപഭോക്താക്കള്‍ സൃഷ്ടിക്കുന്ന ഉള്ളടക്കത്തി'നും ('user generated content') ഏറ്റവും മികച്ച ഉദാഹരണമാണ് വിക്കിപീഡിയ. ഏതാണ്ട് 130 ലക്ഷം രജിസ്റ്റര്‍ ചെയ്ത 'എഡിറ്റര്‍മാരു'ണ്ട് വിക്കിപീഡിയയ്ക്ക്. വിവരങ്ങള്‍ ചേര്‍ക്കുന്നതും തിരുത്തുന്നതും വിക്കിപീഡിയയ്ക്ക് കാവല്‍നില്‍ക്കുന്നതും അവരാണ്. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ 'കൂട്ടായ്മയുടെ മഹത്വം' എന്തെന്ന് ലോകത്തിന് കാട്ടിത്തരുന്നു. വിക്കിപീഡിയ ആരുടെയും സ്വന്തമല്ല, അതേസമയം എല്ലാവരുടേതും ആണ് താനും! ഇത്രയും പേര്‍ സന്ദര്‍ശിക്കുന്ന ഒരു വെബ്ബ്‌സൈറ്റിനെ വാണിജ്യപരമായി ഉപയോഗിച്ചാല്‍ കോടികളുണ്ടാക്കാം. എന്നാല്‍, ഏതുവിധത്തിലുമുള്ള സ്വാധീനങ്ങളില്‍ നിന്നും മുക്തമായി, സ്വതന്ത്രമായി നിലനില്‍ക്കുന്നതിന്റെ ഭാഗമായി വിക്കിപീഡിയ പരസ്യങ്ങള്‍ സ്വീകരിക്കാറില്ല. ഉദാരമതികള്‍ നല്‍കുന്ന സംഭാവനയാണ് വിക്കിപീഡിയയുടെ പ്രവര്‍ത്തന മൂലധനം. വിക്കിമീഡിയ ഫൗണ്ടേഷനില്‍ ജോലിനോക്കുന്ന 50 പേര്‍ക്കുള്ള ശമ്പളവും സെര്‍വറുകളുടെ ചാര്‍ജുമാണ് പ്രധാന ചെലവ്. ഈ വര്‍ഷത്തെ വിക്കിപീഡിയയുടെ സംഭാവനാ സീസണ്‍ ഒരാഴ്ച മുമ്പ് അവസാനിച്ചതേയുള്ള. 50 ദിവസംകൊണ്ട് 16.55 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 76 കോടി രൂപ) സ്വരൂപിക്കാന്‍ വിക്കിപീഡിയ ഫൗണ്ടേഷന് കഴിഞ്ഞു. 140 രാജ്യങ്ങളില്‍ നിന്നായി അഞ്ച് ലക്ഷം സംഭാവനകളാണ് ലഭിച്ചത്. സംഭാവന ശരാശരി 22 ഡോളര്‍ വീതമാണെന്ന് വിക്കിമീഡിയ ഫൗണ്ടേഷനിലെ ജിമ്മി വെയ്ല്‍സ് അറിയിക്കുന്നു. 2009 ല്‍ ഏതാണ്ട് രണ്ടര ലക്ഷം സംഭാവനകളില്‍ നിന്നായി 8 മില്യണ്‍ ഡോളറാണ് ഫൗണ്ടേഷന്‍ സ്വരൂപിച്ചത്. ഇത്തവണ ലഭിച്ച സംഭാവന അതിന്റെ ഇരട്ടിയാണെന്ന് സാരം.


തുടക്കം


വിക്കിപീഡിയയ്ക്ക് ഒരു മേധാവിയില്ല. പക്ഷേ, ഈ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ വക്താവ് വിക്കിമീഡിയ ഫൗണ്ടേഷന്റെ മുന്‍ചെയര്‍മാന്‍ ജിമ്മി വെയ്ല്‍സ് ആണ്. ശരിക്കു പറഞ്ഞാല്‍ ജിമ്മി വെയ്ല്‍സില്‍ നിന്നു തന്നെയാണ് വിക്കിപീഡിയയുടെ കഥ ആരംഭിക്കേണ്ടതും. 1966 ആഗസ്ത് ഏഴിന് അമേരിക്കയില്‍ അലബാമയിലെ ഹണ്ട്‌സ്‌വില്ലിയില്‍ ജനിച്ച ജിമ്മി ഡൊണാല്‍ 'ജിമ്പോ' വെയ്ല്‍സ് ധനകാര്യത്തിലാണ് ബിരുദം നേടിയത്. 'ശരിയായ' ദിശയില്‍ പോയിരുന്നെങ്കില്‍ ഏതെങ്കിലും ബാങ്കിന്റെയോ ധനകാര്യസ്ഥാപനത്തിന്റെയോ തലപ്പത്ത് എത്തേണ്ടിയിരുന്ന വ്യക്തി. 1990 കളുടെ പകുതിയില്‍ ഫിനാഷ്യല്‍ മാത്തമാറ്റിക്‌സില്‍ പി.എച്ച്.ഡി.പ്രബന്ധം തയ്യാറാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓണ്‍ലൈനില്‍ ഗവേഷണം നടത്തുമ്പോള്‍, വിചിത്രമായ ഒരു സംഗതി വെയ്ല്‍സിന്റെ ശ്രദ്ധയില്‍ പെട്ടു. 'സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രസ്ഥാനത്തി'ന്റെ തുടക്കക്കാരന്‍ എന്ന നിലയ്ക്ക് പില്‍ക്കാലത്ത് പ്രശസ്തനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ രചിച്ച ഒരു 'സ്വതന്ത്ര സോഫ്ട്‌വേര്‍ മാനിഫെസ്റ്റോ'. ആര്‍ക്കും അതിന്റെ ചുമതലയില്ലായിരുന്നു. എന്നാല്‍, അപരിചിതരായ ആളുകള്‍ പ്രതിഫലേച്ഛയില്ലാതെ അതിനായി സഹകരിക്കുന്നു. 'കോപ്പിറൈറ്റി'ന് പകരം 'കോപ്പിലെഫ്ട്' (copyleft). ആര്‍ക്കും സഹകരിക്കാം, ആര്‍ക്കും ഉപയോഗിക്കാം, ആരും ഉടമസ്ഥരല്ല!

അതൊരു പ്രഹേളികയായിരുന്നു. വെയ്ല്‍സിനെ ബൗദ്ധികമായി കുടുക്കാന്‍ പോന്ന ഒന്ന്. പി.എച്ച്.ഡി.പ്രബന്ധം ആ യുവാവ് പൂര്‍ത്തിയാക്കിയില്ല. 'സ്വതന്ത്രമായ വിവരവിതരണ'മെന്ന ആശയം തലയ്ക്കു പിടിച്ചു. അത് പല വഴിക്കും നയിച്ചു. ഒടുവില്‍ വിക്കിപീഡിയ സ്ഥാപിക്കുന്നതിലെത്തിച്ചു. ചെറുപ്പത്തില്‍ വലിയ വായനക്കാരനായിരുന്നു വെയ്ല്‍സ്. കായികം ഒഴികെ മറ്റെന്തു വിഷയത്തെക്കുറിച്ചും 'ബൗദ്ധികമായി ജിജ്ഞാസ പുലത്തിയിരുന്ന വ്യക്തി' എന്നാണ്, പതിറ്റാണ്ടുകളോളം ജിമ്മിയുടെ അടുത്ത സുഹൃത്തായിരുന്ന ടെറി ഫൂട്ടെ അഭിപ്രായപ്പെടുന്നത് ('ദി ഇക്കണോമിസ്റ്റ്', ജൂണ്‍ 5, 2008). 'സാങ്കേതികരംഗവുമായി ബന്ധപ്പെട്ട് എന്നെങ്കിലും അദ്ദേഹം പ്രശസ്തനാകുമെന്ന് തോന്നിയിരുന്നു'-ഫൂട്ടെ പറയുന്നു. 'ഫൗണ്ടെന്‍ഹെഡ്', 'അറ്റ്‌ലസ് ഷ്രഗ്ഗ്ഡ്' തുടങ്ങിയ കള്‍ട്ട് നോവലുകളുടെ രചയിതാവായ ഐന്‍ റാന്‍ഡ് പ്രചരിപ്പിച്ചിരുന്ന 'ഒബ്ജക്ടിവിസം' (Objectivism) എന്ന ദര്‍ശനത്തില്‍ വെയ്ല്‍സ് ആകൃഷ്ടനായിരുന്നു. ആളുകളുടെ മനസും അഭിപ്രായങ്ങളും എന്തായിരുന്നാലും, സത്യം അതില്‍നിന്ന് സ്വതന്ത്രമായാണ് നിലനില്‍ക്കുന്നത്-ഇതാണ് ഒബ്ജക്ടിവിസം സത്യത്തെക്കുറിച്ച് മുന്നോട്ടുവെച്ച ദര്‍ശനം. ഈ ദര്‍ശനത്തിലുള്ള ആഭിമുഖ്യമാണ് 1990 കളുടെ തുടക്കത്തില്‍ ജിമ്മിയെ ദാര്‍ശനികനായ ലാറി സേഞ്ചറുമായി അടുപ്പിക്കുന്നത്. ഐന്‍ റാന്‍ഡിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ചര്‍ച്ച ജിമ്മി മോഡറേറ്റ് ചെയ്യുന്ന വേളയില്‍, ഒബ്ജക്ടിവിസത്തില്‍ സംശയാലുവായ ലാറി സേഞ്ചറും ചര്‍ച്ചയില്‍ പങ്കെടുത്തു, വെയ്ല്‍സിന്റെ വാദങ്ങളെ എതിര്‍ത്തു. പിന്നീട് ലാറി സേഞ്ചര്‍ സ്വന്തം ഓണ്‍ലൈന്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ വെയ്ല്‍സ് അവിടെ ഇടപെട്ടു, എതിര്‍വാദങ്ങളുമായി. അങ്ങനെ ഒടുവില്‍ ഇരുവരും സുഹൃത്തുക്കളായി മാറി.

1994 ല്‍ ഷിക്കാഗോ ഓപ്ഷന്‍സ് അസോസിയേഷനില്‍ വെയ്ല്‍സ് ജോലിക്കായി ചേര്‍ന്നു. പക്ഷേ, മാര്‍ക്ക് ആന്‍ഡ്രീസ്സനിന്റെ നേതൃത്വത്തില്‍ 1995 ല്‍ നടന്ന നെറ്റ്‌സ്‌കേപി (Netscape) ന്റെ ഐ.പി.ഒ. (ഇനിഷ്യല്‍ പബ്ലിക്ക് ഓഫര്‍-IPO), മറ്റ് പലരെയും പോലെ വെയ്ല്‍സിനെയും ഓണ്‍ലൈന്‍ രംഗത്തേക്ക് ആകര്‍ഷിച്ചു. അങ്ങനെയാണ് 'ബോമിസ്' (BOMIS) എന്ന വെബ്ബ്‌സൈറ്റിന്റെ ആവിര്‍ഭാവം. സെര്‍ച്ച്എഞ്ചിനെന്നോ, വെബ്ബ് ഡയറക്ടറിയെന്നോ വിശേഷിപ്പിക്കാവുന്ന സംരംഭമായിരുന്നു ബോമിസ്. കൂടുതലും നഗ്നചിത്രങ്ങളും മറ്റും വിറ്റിരുന്ന ആ സൈറ്റിന് 'ദി അത്‌ലാന്റിക് മന്ത്‌ലി' നല്‍കിയ വിശേഷണം 'ഇന്റര്‍നെറ്റിലെ പ്ലേബോയ്' എന്നാണ്! സാമ്പത്തികമായി വിജയമായിരുന്നില്ല ബോമിസ്. ആകെ നാല് പേര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ബോമിസ് പക്ഷേ, ഒരു ഓണ്‍ലൈന്‍ എന്‍സൈക്ലോപ്പീഡിയ എന്ന വെയ്ല്‍സിന്റെ ദീര്‍ഘകാലസ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ബോമിസ് എന്ന വെബ്ബ് പോര്‍ട്ടല്‍ കമ്പനിക്ക് കീഴിലാണ് ന്യൂപീഡിയ നിലവില്‍ വന്നത്. ബോമിസിന്റെ സി.ഇ.ഒ. ആയ വെയ്ല്‍സ്, ന്യൂപീഡിയയുടെ ചീഫ് എഡിറ്ററായി അന്ന് ഓഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറല്‍ വിദ്യാര്‍ഥിയായിരുന്ന ലാറി സേഞ്ചറെ ക്ഷണിച്ചു. സൂക്ഷ്മതയോടെ പരിശോധിക്കപ്പെടുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശം എന്ന നിലയ്ക്കാണ് 2000 മാര്‍ച്ച് 9 ന് ന്യൂപീഡിയ അവതരിപ്പിക്കപ്പെട്ടത്. വിവിധ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതാന്‍ വിദഗ്ധരെയും ക്ഷണിച്ചു. പരസ്യങ്ങള്‍ വഴി പണമുണ്ടാക്കാം എന്നായിരുന്നു പ്രതീക്ഷ.

ന്യൂപീഡിയ വിജയിക്കാന്‍ പോകുന്നില്ലെന്ന് മനസിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അങ്ങനെയാണ് വെയ്ല്‍സും സേഞ്ചറും വഴി മാറി ചിന്തിച്ചത്. ഓപ്പണ്‍സോഴ്‌സ് സോഫ്ട്‌വേറായ ലീനെക്‌സ് കെര്‍ണലിന്റെ വികസനവുമായി ബന്ധപ്പെട്ട് എറിക് എസ്.റെയ്മണ്ട് രചിച്ച 'ദി കത്തീഡ്രല്‍ ആന്‍ഡ് ദി ബസാര്‍' (The Cathedral and the Bazaar) എന്ന ഉപന്യാസം ഇരുവരും വായിച്ചിട്ടുണ്ടായിരുന്നു. ഓപ്പണ്‍സോഴ്‌സ് മാതൃകയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നായി ഇരുവരുടെയും ചര്‍ച്ച. അങ്ങനെയാണ് 'വിക്കിപീഡിയ' എന്ന ആശയത്തില്‍ എത്തുന്നത്. വിക്കിപീഡിയ സംബന്ധിച്ച ഏതൊക്കെ ആശയങ്ങള്‍ ആരുടേതാണെന്ന കാര്യം ഇപ്പോഴും തര്‍ക്കവിഷയമാണ്. എന്നാല്‍, 'ദി എക്കണോമിസ്റ്റ്' വാരിക പറയുന്നത്, യൂസര്‍മാര്‍ക്ക് ഉള്ളടക്കം സംഭാവന ചെയ്യാന്‍ പാകത്തിലുള്ളതാകണം പദ്ധതിയെന്ന ആശയം വെയ്ല്‍സിന്റേതാകണം എന്നാണ്. ഓണ്‍ലൈന്‍ കൂട്ടായ്മ അനായാസം സാധ്യമാകുന്ന 'വിക്കി' സോഫ്ട്‌വേര്‍ ഉപയോഗിക്കാം എന്നത് സേഞ്ചറുടെ ആശയമായിരുന്നു. തന്റെ പഴയ സുഹൃത്തുക്കളിലൊരാളായ ബെന്‍ കോവിറ്റ്‌സില്‍ നിന്ന് ഒരു മെക്‌സിക്കന്‍ റസ്‌റ്റോറന്റില്‍ വെച്ച്, 2001 ജനവരി രണ്ടിനാണ് 'വിക്കിവിക്കിവെബ്ബ്' എന്ന പ്രോഗ്രാമിനെക്കുറിച്ച് സേഞ്ചര്‍ അറിയുന്നത്. വാര്‍ഡ് കണ്ണിംഹാം രൂപംനല്‍കിയ ആ സോഫ്ട്‌വേറിന്റെ സാധ്യതയെക്കുറിച്ച് ഉടന്‍ തനിക്ക് ബോധ്യം വന്നെന്ന് സേഞ്ചര്‍ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 'വിക്കി' എന്ന പദവും 'എന്‍സൈക്ലോപ്പീഡിയ' എന്ന പദവും ചേര്‍ത്ത് 'വിക്കിപീഡിയ' എന്ന പേര് നിര്‍ദേശിച്ചയാളും സേഞ്ചര്‍ തന്നെ. ന്യൂപീഡിയയുടെ ഒരു പോഷകപദ്ധതിയെന്ന നിലയ്ക്ക് വിക്കിപീഡിയ ആരംഭിക്കുന്നതായി 2001 ജനവരി 10 ന് ചീഫ് എഡിറ്റര്‍ സേഞ്ചറുടെ അറിയിപ്പുണ്ടായി (അതിന്റെ തലേ ദിവസം, ജനവരി 9 നാണ് ആപ്പിള്‍ കമ്പനി അതിന്റെ ഐട്യൂണ്‍സ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്). www.wikipedia.com എന്ന പേരില്‍ പുതിയ പദ്ധതി 2001 ജനവരി 15 ന് നിലവില്‍ വന്നു. ഇംഗ്ലീഷ് പതിപ്പായിരുന്നു അത്. (പരസ്യങ്ങള്‍ വഴി വരുമാനമുണ്ടാക്കാന്‍ ആദ്യം ഉദ്ദേശമുണ്ടായിരുന്നു. പിന്നീട്, പരസ്യങ്ങള്‍ നല്‍കാതെ സ്വതന്ത്രമായി നിലനില്‍ക്കണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് wikipedia.org ആയി മാറിയത്).

വളര്‍ച്ച മിന്നല്‍വേഗത്തില്‍


ഇന്നത്തെ ലോകമായിരുന്നില്ല വിക്കിപീഡിയ നിലവില്‍ വരുമ്പോഴത്തേത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറക്കുമ്പോള്‍ ഡിജിറ്റല്‍ ലോകത്ത് സംഭവിക്കാന്‍ പോകുന്ന സര്‍വനാശത്തെക്കുറിച്ച് (Y2K പ്രശ്‌നം) ഒട്ടേറെപ്പേരെ ഗ്രസിച്ചിരുന്ന ആശങ്ക ഒഴിഞ്ഞ സമയം. ഗൂഗിള്‍ ആരംഭിച്ചിട്ട് മൂന്നുവര്‍ഷം തികഞ്ഞിരുന്നില്ല. വിനോദത്തെ വ്യക്തികേന്ദ്രതമാക്കിയതില്‍ മുഖ്യപങ്ക് വഹിച്ച ആപ്പിളിന്റെ ഐതിഹാസികമായ ആ മ്യൂസ്‌ക് പ്ലെയര്‍, ഐപോഡ് (iPod) രംഗത്തെത്തിയിരുന്നില്ല (2001 ഒക്ടോബര്‍ 3 നാണ് ഐപോഡ് അവതരിപ്പിക്കപ്പെടുന്നത്). ഫെയ്‌സ്ബുക്ക് എത്താന്‍ ലോകം പിന്നെയും മൂന്നുവര്‍ഷം കാക്കണമായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ ചിലത് പരീക്ഷണാര്‍ഥം വന്നതല്ലാതെ, സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തെപ്പറ്റി ആരും ചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ്, ഒബ്ജക്ടിവിസത്തില്‍ ആകൃഷ്ടനായ വെയ്ല്‍സും, ആ ദര്‍ശനത്തില്‍ സംശയാലുവായ സേഞ്ചറും ചേര്‍ന്ന് ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന ആര്‍ക്കും തിരുത്താവുന്ന ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം തുടങ്ങുന്നത്.


ചീഫ് എഡിറ്റര്‍ എന്ന നിലയ്ക്ക് ചില മാനദണ്ഡങ്ങള്‍ സേഞ്ചര്‍ മുന്നോട്ട് വെച്ചിരുന്നു. ലേഖനങ്ങളിലെ കാഴ്ച്ചപ്പാടുകള്‍ നിഷ്പക്ഷമായിരിക്കണം. ലേഖനമെഴുതുന്നവര്‍ക്ക് തെറ്റുകള്‍ വരുത്താം, പക്ഷേ അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഓരോ തിരുത്തലിന്റെയും ലക്ഷ്യം ലേഖനത്തെ കുറ്റമറ്റതാക്കുക എന്നതിലുപരി, അതിനെ മെച്ചപ്പെടുത്തുക എന്നതായിരിക്കണം. ശരിക്കുമൊരു മിഷണറിയുടെ സമര്‍പ്പണ ബുദ്ധിയോടെയാണ് സേഞ്ചര്‍ വിക്കിപീഡിയയെ മുന്നോട്ട് നയിച്ചത്. എന്നാല്‍, അത് അധികകാലം നീണ്ടില്ല. വിക്കിപീഡിയയില്‍ നിന്ന് ന്യൂപീഡിയയ്ക്ക് ലേഖനങ്ങള്‍ കിട്ടുമെന്ന് സേഞ്ചറും വെയ്ല്‍സും പ്രതീക്ഷിച്ചു. അതുണ്ടായില്ല (2003 ല്‍ ന്യൂപീഡിയ പൂട്ടി). വിക്കിപീഡിയയുമായി ബന്ധപ്പെട്ട പല കാര്യത്തിലും ഇരുവര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഒത്തുതീര്‍പ്പുകള്‍ക്ക് സാധ്യതയില്ലാത്ത നിലയിലേക്ക് അത് വളര്‍ന്നു. അതിനിടെ ന്യൂപീഡിയുടെ ഉടമസ്ഥരായ ബോമിസ് കമ്പനി തളര്‍ന്നു. കാശിന്റെ വരവ് കുറഞ്ഞു. 2002 ഫിബ്രവരിയില്‍ സേഞ്ചര്‍ ചീഫ് എഡിറ്റര്‍ പദവി ഒഴിഞ്ഞു. എങ്കിലും, വിക്കിപീഡിയയുടെ 'ചീഫ് ഇന്‍സ്റ്റിഗേറ്റര്‍' എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തനം തുടര്‍ന്നു. 2003 ജനവരിയില്‍ സേഞ്ചര്‍ വിക്കിപീഡിയ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും വിടവാങ്ങി.

ന്യൂപീഡിയ പോലെയായില്ല വിക്കിപീഡിയ. കാലം കാത്തിരുന്ന പദ്ധതിയായിരുന്നു അത്. വിക്കി സോഫ്ട്‌വേറിന്റെ ലാളിത്യവും സൗകര്യവും അനുഗ്രഹമായി. മാത്രമല്ല, അത്തരത്തിലൊരു ഓണ്‍ലൈന്‍ സംരംഭം ആദ്യത്തേതാണെന്ന ആനുകൂല്യവും വിക്കിപീഡിയയ്ക്ക് ലഭിച്ചു. മിന്നല്‍വേഗത്തിലായിരുന്നു വളര്‍ച്ച, അതും ഭാഷകളുടെ അതിരുകള്‍ കടന്ന്. 2001 ജനവരി 15 ന് ആരംഭിച്ച വിക്കിപീഡിയയിലെ ആദ്യ ലേഖനം U എന്ന അക്ഷരത്തെക്കുറിച്ചുള്ളതായിരുന്നു. ആദ്യമാസം തന്നെ ആയിരം ലേഖനങ്ങള്‍. 2001 അവസാനമാകുമ്പോഴേക്കും 18 ഭാഷകളിലേക്ക് വിക്കിപീഡിയയുടെ പതിപ്പുകള്‍ വ്യാപിച്ചു, ലേഖനങ്ങളുടെ എണ്ണം 20,000 ആയി. ഓരോ വര്‍ഷവും വളര്‍ച്ചാനിരക്ക് വര്‍ധിച്ചു. 2002 അവസാനം 26 ഭാഷകളില്‍ വിക്കിപീഡിയ എത്തി, അതിനടുത്ത വര്‍ഷം കഴിയുമ്പോഴേക്കും ഭാഷാ വിക്കിപീഡിയകളുടെ എണ്ണം 46 ആയി. 2004 അവസാനമാകുമ്പോഴേക്കും, തലേ വര്‍ഷത്തേതിന്റെ ഏതാണ്ട് നാലുമടങ്ങായി ഭാഷാവിക്കികളുടെ എണ്ണം-161. 2007 സപ്തംബര്‍ 9 ന് വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പില്‍ 20 ലക്ഷം ലേഖനങ്ങള്‍ തികഞ്ഞു. അതോടെ, ലോകത്തെ ഏറ്റവും വലിയ വിജ്ഞാനകോശം എന്ന ബഹുമതി ഏതാണ്ട് ആറ് നൂറ്റാണ്ടായി നിലനിര്‍ത്തിപ്പോന്ന ചൈനയിലെ 'യോംഗിള്‍ എന്‍സൈക്ലോപീഡിയ' (Yongle Encyclopedia)യ്ക്ക് ആ പദവി നഷ്ടമായി.

വിക്കിപീഡിയയുടെ ഭാഷാപതിപ്പുകളില്‍ മലയാളം വിക്കിയും ഉള്‍പ്പെടുന്നു. മാതൃസംരംഭം ഉദ്ഘാടനം ചെയ്യപ്പെട്ട് ഏതാണ്ട് രണ്ടുവര്‍ഷം കഴിഞ്ഞ്, 2002 ഡിസംബര്‍ 21-നാണ് മലയാളംവിക്കിയുടെ ആരംഭം. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് മേനോന്‍ എം.പി.യായിരുന്നു അതിനു പിന്നില്‍. രണ്ടുവര്‍ഷത്തോളം മലയാളം വിക്കി നിലനിര്‍ത്താന്‍ യത്‌നിച്ചതും അദ്ദേഹം തന്നെ. 2004 മധ്യത്തോടെ മലയാളം കമ്പ്യൂട്ടിങ് രംഗത്തുണ്ടായ മുന്നേറ്റം വിക്കിക്കും അനുഗ്രഹമായി. ഇക്കാലത്താണ് മലയാളഭാഷയില്‍ യുണീകോഡ് എഴുത്തുസാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായിത്തുടങ്ങിയത്. ഒപ്പം മലയാളം ബ്ലോഗുകളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബ്ലോഗിങ്ങിലെ താത്പര്യം മൂലം കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പഠിച്ച കുറെപ്പേര്‍ മലയാളം വിക്കിയ്ക്കും സംഭാവന ചെയ്യാന്‍ തയ്യാറായി രംഗത്തെത്തി. അതില്‍ കൂടുതലും കേരളത്തിന് വെളിയില്‍ ജോലി ചെയ്യുന്ന മലയാളികളായിരുന്നു. ആ സമയത്താണ് കേരളത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന മന്‍ജിത് കൈനിക്കര അമേരിക്കയിലെത്തുന്നത്. അദ്ദേഹം സജീവമാകുന്നതോടെ മലയാളംവിക്കിയുടെ പുതിയ ഘട്ടം തുടങ്ങി. മുഖ്യ താള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ മലയാളംവിക്കിയിലേക്ക് ആകര്‍ഷിക്കുന്നതിനുമൊക്കെ മന്‍ജിത് നടത്തിയ ശ്രമം ഒരു പരിധിവരെ ഫലം കണ്ടു. 2005 സപ്തംബറില്‍ മന്‍ജിത് മലയാളംവിക്കിയുടെ ആദ്യ സിസോപ്പ് ആയി ചുമതലയേറ്റു. സാങ്കേതിക കാര്യങ്ങളില്‍ മലയാളംവിക്കി ഏതാണ്ട് സ്വയംപര്യാപ്തത നേടുന്നത് ഈ സമയത്താണ്. ഭാരതീയഭാഷകളില്‍ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ഒന്നാണ് ഇപ്പോള്‍ മലയാളം വിക്കി. 2010 നവംബര്‍ പത്തിന് മലയാളം വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം 15000 തികഞ്ഞു. ഇപ്പോള്‍ 16,200 ലേറെ ലേഖനങ്ങള്‍ മലയാളം വിക്കിയിലുണ്ട്.

വിജയരഹസ്യം, വിമര്‍ശനം


ഇന്റര്‍നെറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സൈറ്റുകളിലൊന്നായി വിക്കിപീഡിയ മാറിയത് എന്തുകൊണ്ട്? സാധാരണക്കാരും പണ്ഡിതരും സാങ്കേതികവിദഗ്ധരും വിദ്യാര്‍ഥികളും ഉള്‍പ്പടെ ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ വിക്കിപീഡിയയ്ക്ക് വേണ്ടി സന്നദ്ധസേവനം ചെയ്യാന്‍ ലോകമെങ്ങും തയ്യാറാകുന്നതിന് പിന്നിലെ രഹസ്യമെന്താണ്. നൂറ്റാണ്ടുകളായി മനുഷ്യന്‍ വിജ്ഞാനകോശങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അവ വളരുന്നുമുണ്ട്. സാധാരണഗതിയില്‍ ഒരു വിജ്ഞാനോകോശം വളരുമ്പോള്‍ എന്താണ് സംഭവിക്കുക. കൂടുതല്‍ ലേഖനങ്ങള്‍, സ്വാഭാവികമായും കൂടുതല്‍ പേജുകള്‍, കൂടുതല്‍ എഴുത്തുകാര്‍, കൂടുതല്‍ ഇന്‍ഡെക്‌സിങ്, കൂടുതല്‍ ചെലവ്, കൂടുതല്‍ പിഴവുകള്‍.....കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ട്. ഇതാണ് സംഭവിക്കുക. ലോകത്തെ ഏറ്റവും വിജയം വരിച്ച വിജ്ഞാനകോശങ്ങള്‍ പോലും അച്ചടിക്കുന്ന പേജുകള്‍ക്ക് പരിധി വെയ്ക്കാറുണ്ട്. എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാണിക്കയുടെ 1974 ല്‍ പുറത്തിറങ്ങിയ പതിനഞ്ചാം എഡിഷന്റെ കാര്യം ഉദാഹരണത്തിന് പരിഗണിക്കാം. 30 വാല്യങ്ങളുണ്ട് അതിന്. ഏതാണ്ട് 65 കിലോഗ്രാം ഭാരം. ഒരു അലമാരയില്‍ നിന്ന് അത് മറ്റൊന്നിലേക്ക് മാറ്റുന്ന കാര്യം എത്ര ബുദ്ധിമുട്ടാണെന്ന് ആലോചിച്ചു നോക്കൂ.

അതേസമയം, ഡിജിറ്റല്‍ ലോകം ഈ പൊല്ലാപ്പുകള്‍ക്കെല്ലാം പരിഹാരം നല്‍കുന്നു. കടലാസിന്റെയോ വലിപ്പത്തിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ല. ഹൈപ്പര്‍ലിങ്കുകള്‍ വഴി ഏത് ലേഖനത്തെയും പരസ്പരം അനായാസമായി ബന്ധിപ്പിക്കാം. മൈക്രോസോഫ്ട് അതിന്റെ 'എന്‍കാര്‍ട്ട' (Encarta)യെന്ന ഡിജിറ്റല്‍ വിജ്ഞാനകോശം 1993 ലാണ് പുറത്തിറക്കിയത്. ബ്രിട്ടാണിക്ക ആദ്യ സിഡി-റോം അതിനടുത്ത വര്‍ഷം രംഗത്തെത്തിച്ചു. പക്ഷേ, ഒരു പ്രശ്‌നം അവശേഷിച്ചു. ഇത്തരം ഡിജിറ്റല്‍ വിജ്ഞാനകോശങ്ങള്‍ ചെലവേറിയതായിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച സങ്കല്‍പ്പങ്ങളെയാകെ വിക്കിപീഡിയ മാറ്റിമറിച്ചു. പരസ്പരം അറിയാത്തവരാണ് വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നവരിലേറെയും. ആരും അവര്‍ക്ക് പ്രതിഫലം കൊടുക്കുന്നില്ല. 'വിക്കിപീഡിയ റവല്യൂഷന്‍' എന്ന ഗ്രന്ഥത്തില്‍ ആന്‍ഡ്രു ലിഹ് വിവരിക്കുന്നത്, എങ്ങനെ 'ആരുമല്ലാത്തവര്‍' ലോകത്തെ ഏറ്റവും മഹത്തായ എന്‍സൈക്ലോപ്പീഡിയയ്ക്ക് രൂപംനല്‍കി എന്നാണ്. 'ആരുമല്ലാത്തവര്‍' എന്തിന് ഈ സംരംഭത്തില്‍ പങ്കുചേരുന്നു. ഒരു വിജ്ഞാനകോശത്തില്‍ എഴുതാന്‍ കഴിയുക എന്നത് ഒരുതരം ത്രില്ലാണ്, അതാണ് കാരണം. ബൗദ്ധികമായ ഏര്‍പ്പാടാണത്. ബൗദ്ധികമായ ഏര്‍പ്പാടെന്നാല്‍ ജീവിതത്തിന് കൂടുതല്‍ അര്‍ഥമുണ്ടാക്കുന്ന പ്രവര്‍ത്തനം. 'ഒരു കാര്യത്തെക്കുറിച്ച് എഴുതുകയും അത് ഉടന്‍തന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വായിക്കാന്‍ ലഭ്യമാകുകയും ചെയ്യുകയെന്നു വെച്ചാല്‍, അത് തനിക്ക് ചിലതൊക്കെ അറിയാമെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള അവസരമാണ്. അത്തരം പ്രവര്‍ത്തനം നല്‍കുന്നത് കറയറ്റ ആഹ്ലാദമാണ്'-അടുത്തയിടെ ഒരു അഭിമുഖത്തില്‍ ലാറി സേഞ്ചര്‍ പറഞ്ഞു. ബൗദ്ധികമായ സംതൃപ്തിയും ആഹ്ലാദവുമാണ് ആയിരങ്ങളെ വിക്കിപീഡിയയോട് അടുപ്പിച്ച് നിര്‍ത്തുന്നത്.

വിക്കിപീഡിയയ്ക്ക് വേണ്ടി അധ്വാനിക്കുന്ന 'അജ്ഞാതസൈന്യ'ത്തിന്റെ സ്വഭാവമെന്താണെന്ന് മനസിലാക്കാന്‍ വിക്കിപീഡിയ തന്നെ ചില കണക്കെടുപ്പുകള്‍ നടത്താറുണ്ട്. വിക്കിപീഡിയ ശരിക്കും ഒരു പുരുഷമേധാവിത്തലോകമാണെന്നാണ് 2009 ല്‍ 'ന്യൂയോര്‍ക്ക് ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. വിക്കിപീഡിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകളില്‍ 80 ശതമാനത്തിലേറെയും പുരുഷന്‍മാരാണ്. മാത്രമല്ല, വിക്കിസമൂഹത്തില്‍ 65 ശതമാനവും അവിവാഹിതരോ വിവാഹബന്ധം വേര്‍പെടുത്തിയവരോ ആണത്രേ. വിക്കിപീഡിയയ്ക്കായി പ്രവര്‍ത്തിക്കുന്നവരില്‍ 85 ശതമാനവും കുട്ടികളില്ലാത്തവരാണ്. 70 ശതമാനവും 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. സ്വാഭാവികമായും വിക്കിസമൂഹത്തിന്റെ ഈ സ്വഭാവം വിക്കിപീഡിയയിലെ പൊതുസംസ്‌ക്കാരത്തില്‍ പ്രതിഫലിക്കുക സ്വാഭാവികം മാത്രം. ലക്ഷക്കണക്കിന് ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെടുന്നു എന്ന് പറയുമ്പോള്‍ തന്നെ, അവയില്‍ ഗൗരവമുള്ള വിഷയങ്ങളുടെ അനുപാതം കുറയുന്നത് അടുത്തകാലത്തായി വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. വിക്കിപീഡിയയുടെ 'പരപ്പ് വര്‍ധിക്കുന്നു, ആഴം വര്‍ധിക്കുന്നില്ല' എന്നാണ് ആക്ഷേപം. 70 ശതമാനം പേരും 30 വയസ്സില്‍ താഴെയുള്ള ഒരു സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത് ഇതു തന്നെയെന്ന് ആശ്വസിക്കുന്നവരുമുണ്ട്. ചില ടെലിവിഷന്‍ പരിപാടികളിലെയും കമ്പ്യൂട്ടര്‍ ഗെയിമിലെയും കഥാപാത്രങ്ങളുടെ പേരില്‍ നൂറു കണക്കിന് ലേഖനങ്ങള്‍ വിക്കിയില്‍ ആവശ്യമുണ്ടോ എന്ന് സംശയിക്കുന്ന വിക്കിപ്രവര്‍ത്തകരുണ്ട്. ബാലിശമായ അത്തരം കാര്യങ്ങള്‍ അനുവദിച്ചുകൂടാ എന്നവര്‍ വാദിക്കുന്നു. എന്നാല്‍, ഏത് വിവരവും വിക്കിപീഡിയയ്ക്ക് അന്യമല്ല എന്ന് വാദിക്കുന്ന മറ്റൊരു വിഭാഗവും വിക്കിപീഡിയയിലുണ്ട്. കര്‍ക്കശമായ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സന്നദ്ധപ്രവര്‍ത്തകരുടെ ആവേശം നഷ്ടമാകുമെന്നവര്‍ ഓര്‍മിപ്പിക്കുന്നു. ഗൗരവമുള്ള കാര്യങ്ങള്‍ എന്നത് ഏത് മനദണ്ഡമനുസരിച്ച് തീരുമാനിക്കണം തുടങ്ങിയ ചര്‍ച്ചകള്‍ വിക്കിപീഡിയയില്‍ സജീവമാണ്.

വിക്കിപീഡിയ നേരിടുന്ന മറ്റൊരു പ്രശ്‌നം മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിയത് 2009 നവംബറിലാണ്. മാഡ്രിഡിലെ റേ ജുവാന്‍ കാര്‍ലോസ് സര്‍വകലാശാലയിലെ ഫെലിപ്പി ഒര്‍ട്ടേഗയുടെ ഒരു ഗവേഷണപ്രബന്ധമാണ് അതിന് കാരണമായത്. 2009 ലെ ആദ്യ മൂന്നു മാസക്കാലം വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പിന് 49,000 എഡിറ്റര്‍മാരെ നഷ്ടമായി എന്ന് ഒര്‍ട്ടേഗ വെളിപ്പെടുത്തി. 2008 ല്‍ അതേ കാലയളവില്‍ ഈ സംഖ്യ വെറും 4900 ആയിരുന്നു. വിക്കിപീഡിയ തിരുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയതായി ഏര്‍പ്പെടുത്തിയ നിബന്ധനകളും തര്‍ക്കങ്ങളുമാണ്, വിക്കിപീഡിയയില്‍ നിന്ന് വലിയ തോതില്‍ കൊഴിഞ്ഞുപോക്കുണ്ടാക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഈ പഠനത്തിന്റെ രീതിശാസ്ത്രം ശരിയല്ലെന്നും അതുകൊണ്ടു തന്നെ ഈ കണ്ടെത്തല്‍ വിശ്വാസയോഗ്യമല്ലെന്നും ജിമ്മി വെയ്ല്‍സ് വാദിച്ചു. എന്നിരുന്നാലും ഒരുകാര്യം വാസ്തവമാണെന്ന് 'ദി എക്കണോമിസ്റ്റ്' പറയുന്നു. 2007 ഒക്ടോബര്‍ മുതലുള്ള അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്, വിക്കിപീഡിയ സൈറ്റിലെ യൂസര്‍മാരുടെ പങ്കാളിത്തം (ഒരോ ലേഖനവും എത്ര തവണ തിരുത്തപ്പെടുന്നു, ഓരോ മാസവും ആകെ എത്ര തിരുത്തലുകള്‍ നടക്കുന്നു തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍) കുറഞ്ഞു വരുന്നു എന്നാണ്. പരമ്പരാഗത മാധ്യമങ്ങളായ പത്രങ്ങളുടെയും മറ്റും സര്‍ക്കുലേഷന്റെ കാര്യത്തില്‍ സംഭവിക്കുന്ന കാര്യമാണ്, പ്രചാരം ഒരു തലത്തിലെത്തിയാല്‍ പിന്നീടത് വര്‍ധിപ്പിക്കുക ദുഷ്‌ക്കരമാവും എന്നത്. വിക്കിപീഡിയ പോലുള്ള നവമാധ്യമ രൂപങ്ങളും അത്തരം പ്രതിസന്ധികള്‍ക്ക് വിധേയമാകുമെന്നാണോ മനസിലാക്കേണ്ടത്.

അവലംബം

1. Decontructing Wikipedia; by Chris Lydgate, Reed Magazine, June 2010
2. The free-knowledge fundamentalits; Technology Quarterly, The Economist, Jun 5, 2008
3. Wikipedia
4. The battle for Wikipedia's Soul; The Economist, Mar 6, 2008
5. Wikipedia Looks Hard at Its Culture; Noam Cohen, The NewYork Times, Aug 31, 2009
6. Wikipedia Stays ad-free; turns 10 on Jan. 15; by Balasubramanyam Seshan, International Business Times, Jan 3, 2011
7. മലയാളം വിക്കി ഡോട്ട്‌കോം; ജോസഫ് ആന്റണി, മാതൃഭൂമി വാരാന്തപ്പതിപ്പ്, സപ്തംബര്‍ 2, 2007
8. The Early History of Nupedia and Wikipedia: A Memoir; Slashdot, Posted by timothy on Mon Apr 18, 2005

TAGS:


Stories in this Section