മാന്‍മത്ത് -ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം'

Posted on: 20 May 2012


-സ്വന്തം ലേഖകന്‍




ബ്രിട്ടനില്‍ തെക്കുകിഴക്കന്‍ വെയ്ല്‍സിലെ ചരിത്രപ്രാധാന്യമുള്ള ചെറുപട്ടണം മാത്രമായിരുന്നു ഇത്രകാലവും മാന്‍മത്ത്. ഹെന്‍ട്രി അഞ്ചാമന്റെ ജന്മദേശമായ ഈ സ്ഥലം ഇനി ലോകഭൂപടത്തില്‍ രേഖപ്പെടുത്തുക ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം' (Wikipedia town) എന്ന നിലയ്ക്കായിരിക്കും.

മാന്‍മത്തിന്റെ ചരിത്രവും പൈതൃകവും സാമൂഹികജീവിതവും ആ പട്ടണത്തിലെത്തുന്നവര്‍ക്ക് വിക്കിപീഡിയയുടെ സഹായത്തോടെ അനായാസം മനസിലാക്കാന്‍ ഇനി കഴിയും. പട്ടണത്തിലെ ചരിത്രസ്മാരകങ്ങള്‍, സ്‌കൂളുകള്‍, മ്യൂസിയങ്ങള്‍, എന്തിന് പബ്ബുകളില്‍ പോലും ഈ പദ്ധതിയുടെ ഭാഗമായി 'ക്വിക്ക് റെസ്‌പോന്‍സ് കോഡ്' അഥവാ ക്യു.ആര്‍.കോഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

ശനിയാഴ്ച്ചയാണ് മാന്‍മത്ത് 'വിക്കിപീഡിയ പട്ടണ'മായി രൂപപ്പെട്ടത്. പട്ടണത്തില്‍ സ്ഥാപിച്ചിട്ടുള്ള ആയിരത്തോളം ക്യു.ആര്‍.കോഡ് ബോര്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണിലെ റീഡറുപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍, മാന്‍മത്തിന്റെ വിശേഷങ്ങള്‍ വിക്കിപീഡിയ ലേഖനങ്ങളായി സന്ദര്‍ശകന്റെ ഫോണിലെത്തും.


ഇംഗ്ലീഷില്‍ മാത്രമല്ല, ഹിന്ദിയും ചെക്ക് ഭാഷയും ഉള്‍പ്പടെ 26 വ്യത്യസ്ത ഭാഷകളിലുള്ള വിക്കിപീഡിയ ലേഖനങ്ങള്‍ സന്ദര്‍ശകന് ലഭ്യമാകും. എന്നുവെച്ചാല്‍, ഹിന്ദിയറിയാവുന്ന ഒരാള്‍ക്ക് ഇനി മാന്‍മത്ത് സന്ദര്‍ശിക്കുമ്പോള്‍ ഹിന്ദിയില്‍ തന്നെ ആ പട്ടണത്തിന്റെ വിശേഷങ്ങള്‍ മനസിലാക്കാമെന്നര്‍ഥം.

വേണമെങ്കില്‍ 280 ലേറെ ഭാഷകളില്‍ വിക്കിപീഡിയയ്ക്ക് സൗജന്യമായി ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന്, വിക്കിപീഡിയ യു.കെ.യിലെ റോജര്‍ ബാംകിന്‍ അറിയിച്ചു. 'മാന്‍മത്ത്പീഡിയ' (Monmouthpedia) എന്ന പേരില്‍ വിക്കിപീഡിയ -യു.കെ. നടപ്പാക്കിയ പ്രോജക്ടാണ്, മാന്‍മത്തിനെ 'വിക്കിപീഡിയ പട്ടണ'മായി രൂപപ്പെടുത്തിയത്.


പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ആറുമാസം കൊണ്ട് ആ പട്ടണവുമായി ബന്ധപ്പെട്ട 450 പുതിയ ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ത്തതായി, പദ്ധതിയില്‍ ഉള്‍പ്പെട്ട സ്റ്റീവി ബെന്റന്‍ അറിയിച്ചു. നിലവിലുണ്ടായിരുന്ന 150 ലേഖനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു.

സമ്പന്നമായ സാംസ്‌കാരിക ചരിത്രമുള്ള പട്ടണമായതിനാലാണ്, ഇത്തരമൊരു പദ്ധതിക്ക് മാന്‍മത്ത് തിരഞ്ഞെടുത്തതെന്ന് ബെന്റന്‍ പറഞ്ഞു. ഹെന്‍ട്രി അഞ്ചാമന്‍ ജനിച്ച സ്ഥലം മാത്രമല്ല, പതിമൂന്നാം നൂറ്റാണ്ടിലെ പാലം ഉള്‍പ്പടെ ബ്രിട്ടീഷ് ചരിത്രത്തിന്റെ സമ്പന്നമായ ഒട്ടേറെ സ്മാരകങ്ങള്‍ ഇവിടെയുണ്ട്.
(ചിത്രങ്ങള്‍ കടപ്പാട് : Wikimedia Foundation / Wikimedia Commons)


TAGS:
wikipedia town  |  wikipedia history  |  wikipedia  |  wikimedia foundation  |  monmouth  |  wales  |  britain 


Stories in this Section