ഇംഗ്ലീഷ് വിക്കിപീഡിയയില്‍ 4,130,771 ലേഖനങ്ങളുണ്ട്. അതില്‍ 2012 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ചത്
'ഫെയ്‌സ്ബുക്കി'നെക്കുറിച്ചുള്ള ലേഖനമായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
മറ്റ് ഭാഷാവിക്കികളില്‍ പക്ഷേ, കൂടുതല്‍ പേര്‍ തിരഞ്ഞത് മറ്റ് വിഷയങ്ങളാണ്. ജപ്പാനീസ് വിക്കിപീഡിയയില്‍ ഒരു അഡള്‍ട്ട് വീഡിയോ താരമാണ് ഒന്നാംസ്ഥാനത്തെങ്കില്‍, ഡച്ച് വിക്കിയില്‍ ലോകത്തെ ഏറ്റവും അപകടം പിടിച്ച പര്‍വതപാതയുള്ള ചൈനീസ് പര്‍വതമേഖലയായ ഹുവ ഷാന്‍ (Hua Shan) ആണ് താരം.
വിക്കിട്രെന്‍ഡ്‌സ് പ്രോജക്ടിന്റെ ഭാഗമായി സ്വീഡിഷ് സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍ ജോഹാന്‍ ഗുന്നാര്‍സനാണ് വിക്കിപീഡിയയിലെ ഈവര്‍ഷത്തെ സെര്‍ച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
പേര്‍ഷ്യന്‍ വിക്കിയില്‍ കൂടുതല്‍ പേര്‍ തിരഞ്ഞത് ഇറാന്‍, ടെഹ്‌റാന്‍ എന്നിവയാണ്. അറബി ഭാഷാവിക്കിയില്‍ ഈജിപ്താണ് മുന്നിലെത്തിയത്. 1805 ല്‍ ഭരണാധികാരിയായ ഓട്ടൊമാന്‍ കമാന്‍ഡര്‍ മുഹമ്മദ് അലി പാഷയുടെ ചരിത്രമാണ് അറബിയില്‍ രണ്ടാംസ്ഥാനത്ത്.
ഇന്‍ഡൊനീഷ്യന്‍ വിക്കിപീഡിയയില്‍ സ്‌പോര്‍ട്‌സ് വിഷയങ്ങള്‍ ആദ്യ പത്തില്‍ പ്രമുഖ സ്ഥാനം നേടി. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ എന്നിവ ആദ്യ പത്തില്‍ വന്നു.
റഷ്യന്‍ വിക്കിയില്‍ റഷ്യ തന്നെയാണ് മുകളിലെത്തിയത്, രണ്ടാംസ്ഥാനം യുട്യൂബിനും. സ്പാനിഷ് ഭാഷാവിക്കിയില്‍
@ ചിഹ്നമാണ് രണ്ടാമതായി തിരയപ്പെട്ടത്!
അതേസമയം, ഫെയ്‌സ്ബുക്കിലെ ജനപ്രിയ ഫോട്ടോഷെയറിങ് സര്‍വീസായ ഇന്‍സ്റ്റഗ്രാം വിക്കി പട്ടികകളിലൊന്നും ഇടംനേടിയില്ല. എന്നാല്‍, ഇന്‍സ്റ്റഗ്രാം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍
പോയവര്‍ഷം ഏറ്റവുമധികം ഫോട്ടോയെടുക്കപ്പെട്ട സ്ഥലം തായ്‌ലന്‍ഡിലെ സുവര്‍ണഭൂമി വിമാനത്താവളമാണ്.
സുവര്‍ണഭൂമി വിമാനത്താവളത്തില്‍ നിന്നെടുത്ത ഒരുലക്ഷത്തിലേറെ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കിടപ്പെട്ടു.
ഇംഗ്ലീഷ് വിക്കിപീഡിയയില്‍ 2012 ല്‍ ഏറ്റവുമധികം തിരയപ്പെട്ട പത്ത് ലേഖനങ്ങള്‍
1. Facebook
2. Wiki
3. Deaths in 2012
4. One Direction
5. The Avengers
6. Fifty Shades of Grey
7. 2012 phenomenon
8. The Dark Knight Rises
9. Google
10. The Hunger Gamse