ആര്‍ക്കുമുണ്ടാക്കാം വിക്കിപീഡിയ ഇ-ബുക്ക്‌

Posted on: 06 Oct 2012


-ബി.എസ്. ബിമിനിത്‌




ആരെന്തൊക്കെ പറഞ്ഞാലും വിക്കിപീഡിയ വിട്ടുള്ള കളി നമുക്കില്ല. പ്രൈമറി ക്ലാസുകാരനും ഗവേഷകനും ഇതൊന്നുമല്ലാത്തവനും ഒരു ജാഡയുമിറക്കാതെ സമീപിക്കുന്ന സമത്വസുന്ദരലോകമാണ് വിക്കിപീഡിയ എന്ന സൗജന്യ വിജ്ഞാനകോശം. നമ്മളെല്ലാം ചേര്‍ന്ന് എഡിറ്റ് ചെയ്ത് സൃഷ്ടിക്കുന്ന വിക്കിപീഡിയയിലെ വിവരങ്ങള്‍ മൊത്തമായും ചില്ലറയായും ഡൗണ്‍ലോഡ് ചെയ്തു വെക്കാനുള്ള സൗകര്യവും അവര്‍ ഒരുക്കിയിട്ടുണ്ട്, ഇപ്പോള്‍ ഇതാ ഇ-ബുക്ക് ആക്കി സൂക്ഷിക്കാനും.

നമുക്ക് ആവശ്യമുള്ള ലേഖനവും അനുബന്ധ ലിങ്കുകളും മറ്റും അടുക്കിവെച്ച് ഇ-ബുക്ക് ആക്കി ഡെസ്‌ക്‌ടോപ്പിലിട്ടു തരും. പിഡിഎഫിലും വേഡിലുമൊക്കെയുള്ള ഇ-ബുക്ക് നേരത്തെ ലഭിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിലും ടാബുകളിലും അനായാസം വായിച്ചെടുക്കാവുന്ന ഇപബ് (EPUB - Electronic Publication) ഫോര്‍മാറ്റിലും വിക്കിപീഡിയയിലെ ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡു ചെയ്‌തെടുക്കാം.

വിക്കിപീഡിയയുടെ സൈഡ് ബാറില്‍ Print / Export എന്ന ലിങ്കില്‍ ചെല്ലുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണെന്ന് പിടികിട്ടും. അവിടെ ചെന്ന് Create a book എന്ന ലിങ്കില്‍ ക്ലിക്കു ചെയ്ത് ഇ-ബുക്കുണ്ടാക്കിത്തുടങ്ങാം. അടുത്ത പേജില്‍ പച്ച പ്രതലത്തിലുള്ള Start book creator എന്ന ബട്ടണ്‍ അമര്‍ത്തുക.

ഇനി മുതല്‍ വിക്കിപീഡിയയില്‍ നമ്മള്‍ സന്ദര്‍ശിക്കുന്ന എല്ലാ പേജിന്റെ മുകളിലും Book Creator എന്ന ബോക്‌സ് കണ്ടു തുടങ്ങും. ഇനി ആവശ്യമായ പേജ് സെര്‍ച്ച് ചെയ്ത ശേഷം ബോക്‌സിലുള്ള Add this page to your book എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യാം. അതോടെ ആ പേജ് ഇ-ബുക്കിലെ ഉള്ളടക്കമായിക്കഴിഞ്ഞു.

പേജിലെ ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്താനും സൗകര്യമുണ്ട്. ഓരോ ലിങ്കിനു മുകളിലും കര്‍സര്‍ വെച്ചാല്‍ Add linked wiki page to your book എന്ന് തെളിഞ്ഞു വരും. അവിടെ ക്ലിക്കു ചെയ്താല്‍ ആ ലിങ്കിലുള്ള ഉള്ളടക്കവും നമ്മുടെ ഇ-ബുക്കിലെത്തും. ഇനി സ്വതന്ത്രമായ മറ്റ് വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ സെര്‍ച്ച് ബോക്‌സ് ഉപയോഗിക്കാം.

ആവശ്യമായ പേജുകള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ മുകളിലെ ബുക്ക് ക്രിയേറ്റര്‍ ബോക്‌സിലുള്ള Show book എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ ചെന്നെത്തുന്നത് ഇ-ബുക്കിന്റെ പ്രധാന സെറ്റിങ് പേജിലാണ്. അവിടെ ടൈറ്റിലും സബ്‌ടൈറ്റിലും കൊടുക്കാം. നമ്മള്‍ ഉള്‍പ്പെടുത്തിയ ചാപ്റ്ററുകളും അവിടെയുണ്ടാകും. വേണ്ടാത്തവ ഒഴിവാക്കാം. (തൊട്ടപ്പുറത്ത് പുസ്തകം പ്രിന്റ് ചെയ്ത് വീട്ടിലെത്തിക്കാം എന്ന പ്രലോഭനവുമായി പ്രിന്റഡ് ബുക്കിന്റെ ലിങ്കുണ്ടാകും - അവിടെ പോയി തല വെക്കരുത്)

വലതുഭാഗത്ത് താഴെ ഡൗണ്‍ ലോഡ് ബോക്‌സില്‍ പോയി EPUB ഫോര്‍മാറ്റ് തിരഞ്ഞെടുക്കാം. PDF, Open Document, OpenZIM ഫോര്‍മാറ്റിലും ഇ-ബുക്ക് ലഭിക്കും. വേണ്ടത് സെലക്ട് ചെയ്ത് ഡൗണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത പേജില്‍ ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഇനി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. EPUB ഫോര്‍മാറ്റിലുള്ള ഇ-ബുക്ക് വായിക്കാന്‍ ഇപബ് റീഡര്‍ നെറ്റില്‍നിന്നും സൗജന്യമായി ലഭിക്കും.

വിക്കിപീഡിയ ഇ-ബുക്ക് എങ്ങനെ സൃഷ്ടിക്കാം എന്ന് ഈ വീഡിയോയില്‍ വിശദീകരിക്കുന്നു


Stories in this Section