അമേരിക്കയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ രഹസ്യരേഖകള്‍ ലോകത്തിന് മുന്നിലെത്തിച്ച് ശ്രദ്ധനേടിയ വിക്കിലീക്‌സിനെതിരെ സൈബര്‍ ആക്രമണം. കഴിഞ്ഞ ഒരാഴ്ച്ചയായി ആക്രമണത്തിനിരയായ വിക്കിലീക്‌സ് ഇപ്പോള്‍ വീണ്ടും ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങി.
'ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ ഓഫ് സര്‍വീസ്' (DDoS) ആക്രമണമാണ് വിക്കിലീക്‌സിനെതിരെ നടന്നത്. സെക്കന്‍ഡില്‍ 10 ഗിഗാബൈറ്റ്‌സ് എന്ന തോതിലുള്ള ട്രാഫിക്കാണ് വെബ്‌സൈറ്റിലേക്കുണ്ടായതെന്നും, അതാണ് വെബ്‌സൈറ്റിനെ മന്ദീഭവിപ്പിച്ചതെന്നും വിക്കീലീക്‌സ് അറിയിച്ചു.
തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന്
'ആന്റി ലീക്‌സ്' (Anti Leaks) എന്ന് സ്വയം വിളിക്കുന്ന ഗ്രൂപ്പ് അവകാശപ്പെട്ടു.
സോഫ്ട്‌വേര്‍ കമ്പനിയായ
'ട്രാപ്പ്‌വയര്‍' (Trapwire) നടത്തുന്ന ജാഗ്രതാപ്രവര്‍ത്തനം സംബന്ധിച്ച ഈമെയിലുകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ്, വൈബ്‌സൈറ്റിനെതിരെ ആക്രമണം ആരംഭിച്ചതെന്ന് വിക്കിലീക്‌സ് പ്രസ്സ് അറിയിച്ചു. വിക്കിലീക്‌സിനെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടാറുള്ളത് വിക്കിലീക്‌സ് പ്രസ്സ് ആണ്.
സി.സി.റ്റി.വി. (CCTV) ക്യാമറകളില്‍ നിന്നും നമ്പര്‍പ്ലേറ്റ് റീഡര്‍മാരില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച്, ഭീകാരാക്രമണ സാധ്യത പ്രവചിക്കുന്ന പ്രവര്‍ത്തനമാണ് ട്രാപ്പ്‌വയര്‍ നടത്തുന്നത്. യു.എസ്.കേന്ദ്രമായുള്ള രഹസ്യന്വേഷണ കമ്പനിയായ
'ട്രാറ്റ്‌ഫോര്‍' (Stratfor) ഹാക്ക് ചെയ്താണ് ട്രാപ്പ്‌വയറിന്റെ ഈമെയിലുകള്‍ ചോര്‍ത്തിയത്.
സ്ട്രാറ്റ്‌ഫോറില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഈമെയിലുകള്‍ കഴിഞ്ഞ ഫിബ്രവരി മുതല്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. അമേരിക്കന്‍ സുരക്ഷാവകുപ്പുകളുടേതാണ് അവയില്‍ വലിയൊരു പങ്കും.
എന്നാല്‍, ട്രാപ്പ്‌വയര്‍ കമ്പനിയുമായി ബന്ധപ്പെട്ട ഈമെയിലുകള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചതോടെയാണ്, വിക്കിലീക്‌സിനെതിരെ ആക്രമണം തുടങ്ങിയത്.
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് രാഷ്ട്രീയ അഭയം തേടി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണുള്ളത്. ഒരു ബലാത്സംഗകേസില്‍ തന്നെ സ്വീഡന് കൈമാറുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അസാന്‍ജ്. എംബസിക്ക് പുറത്തിറങ്ങിയാല്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് അസാന്‍ജ് അറസ്റ്റ് ചെയ്യപ്പെടും.