അമേരിക്ക 'വേട്ടയാടല്‍' അവസാനിപ്പിക്കണം : അസാന്‍ജ്‌

Posted on: 19 Aug 2012




ലണ്ടന്‍: വിക്കിലീക്‌സിനും തനിക്കുമെതിരെയുള്ള അമേരിക്കയുടെ 'വേട്ടയാടല്‍' അവസാനിപ്പിക്കണമെന്ന് വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ആവശ്യപ്പെട്ടു. അസാന്‍ജിന് രാഷ്ട്രീയ അഭയം നല്‍കിയ ഇക്വഡോറിന്റെ ലണ്ടന്‍ എംബസിയില്‍ വെച്ചാണ് അസാന്‍ജ് ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടു മാസത്തിന് ശേഷം ആദ്യമായാണ് അസാന്‍ജ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

അസാന്‍ജ് എംബസിക്ക് പുറത്തു കടന്നാല്‍ അറസ്റ്റുചെയ്യുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് എംബസിയുടെ ബാല്‍ക്കണിയില്‍ നിന്നാണ് അസാന്‍ജ് സംസാരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ബാരമ ഒബാമ ശരിയായ കാര്യങ്ങള്‍ ചെയ്യണമെന്നും രഹസ്യങ്ങള്‍ പുറത്തുവിടുവന്നവര്‍ക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും അസാന്‍ജ് ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനങ്ങളെ ശിക്ഷിക്കുമെന്ന തരത്തിലുള്ള മണ്ടന്‍ പ്രഭാഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവിഷ്‌ക്കാര സ്വാതന്ത്യം അനുവദിക്കണമെന്നും അസാന്‍ജ് ആവശ്യപ്പെട്ടു.

ഓരോ രാജ്യത്തിന്റെയും എംബസിക്ക് നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച് രണ്ടുമാസമായി ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ ബ്രിട്ടന് അറസ്റ്റു ചെയ്യാനാവാതിരുന്നത്. 41-കാരനായ അസാന്‍ജിനെ സ്വീഡന് കൈമാറി കോടതിവിധി നടപ്പാക്കുന്നതിനായി ഇക്വഡോര്‍ എംബസിയുടെ നയതന്ത്ര പദവി എടുത്തുകളയുന്ന കാര്യം ബ്രിട്ടന്‍ ആലോചിച്ചിരുന്നു. ഇക്കാര്യം വിദേശകാര്യ ഓഫീസ് രേഖാമൂലം ഇക്വഡോറിനെ അറിയിക്കുകയും ചെയ്തു. സ്വന്തം മണ്ണിലുള്ള മറ്റു രാജ്യങ്ങളുടെ എംബസികളുടെ പദവി റദ്ദാക്കാന്‍ അനുമതി നല്‍കുന്ന നിയമം ഉപയോഗിക്കാനായിരുന്നു ആലോചന. 1984 ല്‍ ലണ്ടനിലെ ലിബിയന്‍ എംബസിക്ക് പുറത്ത് കൊലപാതകം നടന്നപ്പോഴാണ് ബ്രിട്ടന്‍ ഈ നിയമം പാസാക്കിയത്.

അസാന്‍ജിന്റെ വിക്കിലീക്‌സ് വെബ്‌സൈറ്റ് 2010 ല്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച യു.എസ്. നയതന്ത്ര രഹസ്യരേഖകള്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് സ്വീഡനില്‍ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിപ്രകാരം അസാന്‍ജിനെതിരെ മാനഭംഗക്കേസെടുത്തത്. അമേരിക്കയ്ക്കു വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് അസാന്‍ജിന്റെ ആരോപണം.

സ്വീഡനിലേക്ക് തന്നെ നാടുകടത്തിയാല്‍ അവിടെ നിന്ന് അമേരിക്കയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്നാണ് അസാന്‍ജിന്റെ ഭയം. സ്വീഡനു കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് അസാന്‍ജ് ജൂണില്‍ നല്‍കിയ അപേക്ഷ ബ്രിട്ടനിലെ സുപ്രീംകോടതി തള്ളിയിരുന്നു. ജാമ്യത്തില്‍ കഴിയവേയാണ് രാഷ്ട്രീയ അഭയം ആവശ്യപ്പെട്ട് അസാഞ്ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെത്തിയത്.


Stories in this Section