ജൂലിയന്‍ അസാന്‍ജിന് ഇക്വഡോര്‍ അഭയം നല്‍കി

Posted on: 16 Aug 2012




വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് രാഷ്ട്രീയ അഭയം നല്‍കാന്‍ ഇക്വഡോര്‍ തീരുമാനിച്ചു. ലണ്ടനിലെ ഇക്വഡോര്‍ എംബസില്‍ അസാന്‍ജ് അഭയംതേടി രണ്ടുമാസം പിന്നിടുമ്പോഴാണ് ഈ തീരുമാനം.

ബലാത്സംഗകേസില്‍ അസാന്‍ജിനെ സ്വീഡന് കൈമാറുമെന്ന് വന്നപ്പോഴാണ് അദ്ദേഹം ഇക്വഡോര്‍ എംബസില്‍ അഭയം തേടിയത്. വിക്കീലീക്‌സ് സ്ഥാപകന്റെ മനുഷ്യാവകാശങ്ങള്‍ ലംഘക്കപ്പെടുമെന്ന് ഭയമുള്ളതായി ഇക്വഡോര്‍ പറഞ്ഞു. അതിനാലാണ് ഈ തീരുമാനം രാജ്യം കൈക്കൊണ്ടത്.

ജൂലിയന്‍ അസാന്‍ജിന് രാഷ്ട്രീയ അഭയം നല്‍കാന്‍ ഇക്വഡോര്‍ തീരുമാനിച്ചതായി ക്വിട്ടോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി റിക്കാര്‍ഡോ പാഷിനോ അറിയിച്ചത്. അസാന്‍ജിനെ അറസ്റ്റുചെയ്യാന്‍ ലണ്ടനിനെ എംബസിക്കുള്ളില്‍ കടക്കുമെന്ന് ബ്രിട്ടന്‍ 'തുറന്ന ഭീഷണി' മുഴക്കുന്നതായി പാഷിനോ ആരോപിച്ചു.

യു.എസ്.നയതന്ത്ര കേബിള്‍ സന്ദേശങ്ങള്‍ വിക്കിലീക്‌സ് പുറത്തുവിട്ടതോടെ, അസാന്‍ജിനെതിരെ അന്താരാഷ്ട്രതലത്തില്‍ വ്യവസ്ഥാപിതകേന്ദ്രങ്ങള്‍ ആരംഭിച്ച നീക്കം ഇക്വഡോറിന്റെ ഈ തീരുമാനത്തോടെ പുതിയ തലത്തിലേക്ക് കടക്കുകയാണ്.

ലണ്ടനില്‍ ഹരോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിനരികില്‍ സ്ഥിതിചെയ്യുന്ന ഇക്വഡോര്‍ എംബസിക്ക് സമീപം, അസാന്‍ജിനെ അനുകൂലിക്കുന്നവര്‍ തടിച്ചുകൂടിയിട്ടുണ്ട്. വിക്കിലീക്‌സ് സ്ഥാപകന്റെ ചിത്രങ്ങളും ഇക്വഡോര്‍ പതാകളുമേന്തിയാണ് അവര്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ആവശ്യമെങ്കില്‍ അധികം അറിയപ്പെടാത്ത ഒരു പ്രത്യേകനിയമത്തിന്റെ സഹായത്തോടെ ഇക്വഡോര്‍ എംബസിയുടെ നയതന്ത്രപദവി ഒഴിവാക്കി അസാന്‍ജിനെ അറസ്റ്റുചെയ്യുമെന്ന്, ഇക്വഡോറിന്റെ തീരുമാനത്തിന് മുമ്പ് ബ്രിട്ടന്‍ പ്രസ്താവിച്ചിരുന്നു. അസാന്‍ജിനെ സ്വീഡനെ കൈമാറാന്‍ തങ്ങള്‍ക്ക് നിയമപരമായി ബാധ്യതയുണ്ടെന്ന്, ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് വക്താവ് പ്രസ്താവിച്ചു.

സാധാരണഗതിയില്‍ രാഷ്ട്രീയമല്ലാത്ത കുറ്റാരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കാറില്ല. അസാന്‍ജ് നേരിടുന്നത് രാഷ്ട്രീയ സ്വഭാവമുള്ള കുറ്റാരോപണമല്ല. പക്ഷേ, വിക്കിലീക്‌സ് സ്ഥാപകന്റെ മനുഷ്യാവകാശം കണക്കിലെടുത്താണ് തങ്ങളുടെ തീരുമാനമെന്ന് ഇക്വഡോര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇക്വഡോര്‍ രാഷ്ട്രീയ അഭയം നല്‍കിയതുകൊണ്ടു മാത്രം അസാന്‍ജിന്റെ അറസ്റ്റ് ഒഴിവാകില്ലെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്യുന്നു. എംബസിയില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയാല്‍ അറസ്റ്റു ചെയ്യപ്പെടും. ബ്രിട്ടീഷ് സുരക്ഷാഅധികൃതര്‍ എംബസിക്ക് പുറത്ത് ജാഗ്രത പാലിക്കുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജ് സ്ഥാപിച്ച വിക്കിലീക്‌സ് അമേരിക്കയുടെ രഹസ്യ നയതന്ത്രകേബില്‍ സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത് 2010 ലാണ്. തന്നെ സ്വീഡന് കൈമാറിയാല്‍, അവര്‍ തന്നെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുമെന്ന് അസാന്‍ജ് ഭയപ്പെടുന്നു. ഇക്കാര്യം അദ്ദേഹം ഇതിനകം പ്രസ്താവിച്ചു കഴിഞ്ഞു.

പ്രഭാഷണം നടത്താനായി സ്റ്റോക്ക്‌ഹോമിലെത്തിയ വേളയില്‍ തങ്ങളെ ലൈംഗീകമായി അസാന്‍ജ് പീഡിപ്പിച്ചതായി, മുന്‍ വിക്കിലീക്‌സ് വോളണ്ടിയര്‍മാരായ രണ്ടു സ്ത്രീകള്‍ 2010 ല്‍ ആരോപിക്കുകയായിരുന്നു.

എന്നാല്‍, ഉഭയകക്ഷിസമ്മതപ്രകാരമാണ് താന്‍ അവരുമായി ബന്ധപ്പെട്ടതെന്നും, ബലാത്സംഗ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അസാന്‍ജ് വാദിക്കുന്നു. അമേരിക്കയുടെ കണ്ണിലെ കരടായ സമയത്താണ് അസാന്‍ജിനെതിരെ ഇത്തരം ആരോപണമുയര്‍ന്നത് എന്നകാര്യം ശ്രദ്ധേയമാണ്.


Stories in this Section