ആഗോള 'ജാഗ്രതാവ്യവസായം' തുറന്നുകാട്ടാന്‍ വിക്കിലീക്‌സ്
Posted on: 02 Dec 2011
-സ്വന്തം ലേഖകന്‍
വ്യക്തിഗത രഹസ്യങ്ങളും കമ്മ്യൂണിറ്റി വിവരങ്ങളും ശേഖരിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഒത്താശ ചെയ്യുന്ന വന്‍കിട കമ്പനികളെയും അവരുടെ സങ്കേതങ്ങളെയും തുറന്നുകാട്ടാന്‍ വിക്കിലീക്‌സ് പുതിയ പദ്ധതി ആരംഭിച്ചു. പ്രൈവസി ഇന്റര്‍നാഷണലുമായി കൈകോര്‍ത്ത്, ആറ് രാജ്യങ്ങളിലെ മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ചാണ് 'സ്‌പൈ ഫയല്‍സ്' (Spy Files) എന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
സീമന്‍സ്, നോര്‍ത്രോപ് ഗ്രുമ്മാന്‍, അല്‍കാടെല്‍-ലൂസെന്റ് തുടങ്ങിയ വന്‍കിട കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെ, ആഗോള ജാഗ്രതാവ്യവസായം (surveillance industry) വഴി കോടികള്‍ കൊയ്യുന്ന 160 കമ്പനികളുടെ പേരുകള്‍ വിക്കിലീക്‌സ് പുറത്തിറക്കി. പശ്ചിമേഷ്യയിലെ ചില ഏകാധിപത്യ ഭരണകൂടങ്ങളും ഈ കമ്പനികളുടെ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതായി വിക്കിലീക്‌സ് പറയുന്നു.
സ്‌പൈവേറുകളുടെയും ചാരസങ്കേതങ്ങളുടെയും സഹായത്തോടെ വന്‍തോതിലുള്ള ജാഗ്രതാപ്രവര്‍ത്തനം ഇപ്പോള്‍ സാധ്യമാണ്. പാശ്ചാത്യ ഇന്റലിജന്‍സ് കരാറുകാരാണ് ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാസങ്കേതങ്ങള്‍ ലഭ്യമാക്കുന്നത്. ആഗോളതലത്തില്‍ ശതകോടികളുടെ ബിസിനസാണ് അതെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറിയിച്ചു.
കാരിയര്‍ ഐക്യു (Carrier IQ) എന്ന അമേരിക്കന്‍ കമ്പനിയുടെ രഹസ്യ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കവും മനസിലാക്കി, അത് രഹസ്യമായി കൈമാറുന്നതായുള്ള റിപ്പോര്‍ട്ട് ലോകമെങ്ങും വിവാദം സൃഷ്ടിക്കുന്നതിനിടെയാണ്, പുതിയ പദ്ധതിയുമായി വിക്കിലീക്‌സ് രംഗത്തെത്തിയിരിക്കുന്നത്.
സാധാരണ പൗരന്‍മാര്‍ക്കെതിരെയും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെയും ഉപയോഗിക്കാന്‍ കഴിയുന്ന സ്‌പൈവേറുകളും മറ്റ് ദുഷ്ടപ്രോഗ്രാമുകളും ഭരണകൂടങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിക്കിലീക്‌സ് പറയുന്നു.
'ആരുടെ പക്കലാണ് ഐഫോണുള്ളത് ? ആരാണ് ബ്ലാക്ക്ബറി ഉപയോഗിക്കുന്നത്, അല്ലെങ്കില്‍ ജിമെയില്‍ ഉപയോക്താവ്...നിങ്ങളെല്ലാം ജാഗ്രതാവ്യവസായത്തിന്റെ ഇരയാവുകയാണ്'-ലണ്ടനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അസാന്‍ജ് ചൂണ്ടിക്കാട്ടി. 'അത്തരക്കാരെയെല്ലം ഉള്‍പ്പെടുത്താനുള്ള സംവിധാനം ജാഗ്രതാവ്യവസായ കരാറുകരുടെ പക്കലുണ്ട്'.
വകതിരിവില്ലാത്ത രീതിയില്‍ വന്‍തോതില്‍ ചാരപ്രവര്‍ത്തനം സാധ്യമാകുന്ന രീതിയില്‍ 10 വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു, വ്യാഴാഴ്ച ആരംഭിച്ച സ്‌പൈ ഫയല്‍സ് വെബ്‌സൈറ്റ്‌സില്‍ വിക്കിലീക്‌സ് പറയുന്നു. 287 രേഖകളും വിക്കിലീക്‌സ് പുറത്തിറക്കി. അവയില്‍ മിക്കതും ജാഗ്രതാപ്രവര്‍ത്തനത്തിനുപയോഗിക്കാവുന്ന ഉപകരണങ്ങളുടെ ബ്രോഷറുകളോ മാര്‍ക്കറ്റിങ് രേഖകളോ ആണ്.
മുഴുവന്‍ രാജ്യങ്ങളിലെയും ഫോണ്‍വിളികള്‍ സ്ഥിരമായി റിക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണം വില്‍ക്കുന്ന കമ്പനിയാണ് VASTech. ചിലര്‍ ഓരോ മൊബൈല്‍ ഫോണിന്റെയും ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങള്‍ രേഖപ്പെടുത്തി കൈമാറുന്നു. ഓരോ ഫെയ്‌സ്ബുക്ക് യൂസറിന്റെ അക്കൗണ്ടിലേക്കും, ഓരോ സ്മാര്‍ട്ട് ഉപയോക്താവിലേക്കും എത്താന്‍ കഴിയുന്ന ദുഷ്ടപ്രോഗ്രാമുകളുമുണ്ട്. മുഴുവന്‍ ജനതയ്‌ക്കെതിരെയും ഒരു ഭരണകൂടത്തിന് ചാരപ്രവര്‍ത്തനം നടത്താന്‍ ഇത് സഹായിക്കുന്നു-വിക്കിലീക്‌സ് മുന്നറിയിപ്പ് നല്‍കി.
പ്രൈവസി ഇന്റര്‍നാഷണല്‍ കൂടാതെ, ബഗ്ഗ്ഡ് പ്ലാനെറ്റ്, ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം സ്‌പൈ ഫയല്‍സ് പദ്ധതിയുമായി സഹകരിക്കുന്നു. ജാഗ്രതാവ്യവസായത്തിലെ കരാറുകാരെ തുറന്നുകാട്ടുക മാത്രമല്ല, ഇത്തരം ഏര്‍പ്പാടുകളെക്കുറിച്ചുള്ള ബോധവത്ക്കരണവും പദ്ധതിയുടെ ലക്ഷ്യമാണ്.