വോഡഫോണിന്റെ പുതിയ മൊബൈല്‍; വില 799 രൂപ

Posted on: 06 May 2010


-സ്വന്തം ലേഖകന്‍



അവിശ്വസനീയം - ഇന്ത്യയിലെ ഗ്രാമീണരെ മുന്നില്‍ കണ്ട് പ്രശസ്ത മൊബൈല്‍ കമ്പനിയായ വോഡഫോണ്‍ അവതരിപ്പിച്ച പുതിയ ഫോണിന്റെ വിലയെ സംബന്ധിച്ച് ഇതല്ലാതെ മറ്റൊരു വിശേഷണം ചേരില്ല. 799 രൂപയ്ക്കാണ് വി.എഫ്. 150 (VF 150) എന്ന മോഡല്‍ വില്‍ക്കുന്നത്. ഏതാനും ദിവസത്തിനകം രാജ്യത്താകമാനം ഫോണ്‍ ലഭ്യമാകും.

വില കുറവാണ് എന്നു കരുതി, പ്രത്യേകതകളും സൗകര്യങ്ങളും പുതിയ ഫോണില്‍ പരിമിതമാണെന്ന് കരുതരുത്. ഈ വിലയ്ക്ക് സാധ്യമാകുന്ന പരമാവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തന്നെയാണ് വോഡഫോണ്‍ (Vodafone) അതിന്റെ പുതിയ ഹാന്‍ഡ്‌സെറ്റിന് രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു കമ്പനി പുറത്തിറക്കുന്ന ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആണിത് (ഒരുപക്ഷേ, ലോകത്തെ തന്നെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍!).

ഒരിഞ്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്‌പ്ലേ (96 X 64 റെസല്യൂഷന്‍) യോടു കൂടിയ വി.എഫ്.150 ഫോണ്‍, തയ്‌വാന്‍ കേന്ദ്രമായുള്ള മീഡിയ ടെകിന്റെ 'നെപ്യൂണ്‍' പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക. ലളിതമായ ഒരു കണ്‍ട്രോള്‍ ബട്ടണ്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫോണ്‍ ജി.എസ്.എം 900/1800 സംവിധാനമുള്ളതാണ്.

ഇത്രയും കൊണ്ട് വി.എഫ്.150 ന്റെ സവിശേഷതകള്‍ തീരുന്നില്ല. പോളിഫോണിക് റിങ്‌ടോണുകള്‍, അലാറാം ക്ലോക്ക്, കാല്‍ക്കുലേറ്റര്‍, വൈബ്രേഷന്‍ മോഡ്, ടോര്‍ച്ച് ലൈറ്റ് - എന്നിങ്ങനെ ഗ്രാമീണര്‍ക്ക് അത്യാവശ്യം വേണ്ട മിക്ക സൗകര്യങ്ങളും അതിലുണ്ട്. മിനി യു.എസ്.ബി.കണക്ടര്‍, രണ്ട് ഗെയിമുകള്‍, കറന്‍സി കണ്‍വെര്‍ട്ടര്‍, ഫോണ്‍ബുക്കിലും എസ്.എം.എസ്. സ്‌റ്റോറേജിലുമായി നൂറോളം എന്‍ട്രികള്‍ സൂക്ഷിക്കാനുള്ള മെമ്മറി തുടങ്ങിയവയാണ് മറ്റ് സൗകര്യങ്ങള്‍.

കഴിഞ്ഞ ഫിബ്രവരിയില്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന 'വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസി'ലാണ് 'ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍' എന്ന പ്രഖ്യാപനത്തോടെ വോഡഫോണ്‍ വി.എഫ്.150 അവതരിപ്പിച്ചത്. വി.എഫ്.250 (VF 250) എന്ന പേരില്‍ മറ്റൊരു മോഡലും അന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആയിരം രൂപ വില വരുന്ന ആ മോഡലിന്റെ സവിശേഷത കളര്‍ സ്‌ക്രീനാണ്. ആ മോഡല്‍ താമസിയാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.





TAGS:


Stories in this Section