ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ ഫോണ്‍ സൗകര്യം ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. പെട്ടെന്നൊരു കോള്‍ വന്നാല്‍ സ്വീകരിക്കാനും അത്യാവശ്യമായി ഒരാളെ വിളിക്കാനുമൊക്കെ ടാബുകള്‍ പ്രയോജനപ്പെടില്ലെന്ന് പലരും കരുതുന്നു. പക്ഷേ, എല്ലാറ്റിലും പരമാവധി ഉപയോഗം കണ്ടെത്തുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ നേരെ മറിച്ചാണ് അഭിപ്രായം. ഇവിടെ ഫോണ്‍ വിളിക്കാനുള്ള സൗകര്യം കൂടിയുള്ള ടാബ്‌ലറ്റുകള്‍ക്കാണ് പ്രിയം. അത്തരമൊരു ഗാഡ്ജറ്റ് സ്വന്തമാക്കിയാല്‍ പിന്നെ സ്മാര്‍ട്‌ഫോണ്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ലല്ലോ എന്നതാകും പലരുടെയും ചിന്ത.
വോയ്‌സ് കോളിങ് സൗകര്യത്തോടു കൂടിയ പുതിയൊരു ടാബ്‌ലറ്റ് അവതരിപ്പിച്ചിരിക്കുകയാണ് വീഡിയോകോണ്‍. വിടി75സി ( VT75C ) എന്നു പേരിട്ടിരിക്കുന്ന ഈ ടാബ് ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നു.
800 X 480 പിക്‌സല്‍ റിസൊല്യൂഷനോടു കൂടിയ ഏഴിഞ്ച് എല്‍.സി.ഡി. കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി. റാം എന്നിവയാണ് ഇതിലുള്ളത്. നാല് ജി.ബി. ഇന്റേണല്‍ മെമ്മറിയോടു കൂടിയെത്തുന്ന ടാബില്‍ 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനാകും. രണ്ട് മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും വീഡിയോകോളിങിനായി 0.3 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയും ഇതിലുണ്ട്. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, എച്ച്.ഡി.എം.ഐ., എഡ്ജ് എന്നീ സംവിധാനങ്ങളാണ് വീഡിയോകോണ്‍ ടാബിലുളളത്.
നോട്ട്പാഡ്, മീഡിയ ലൈബ്രറി, സ്‌കൈപ്പ്, ഫെയ്‌സ്ബുക്ക്, ടൈംസ് ഓഫ് ഇന്ത്യ, യൂട്യൂബ്, ഗൂഗിള്‍ ടോക്ക് തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ ടാബ്‌ലറ്റില്‍ ഇന്‍ബിള്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 3000 എം.എ.എച്ച്്. ബാറ്ററിയാണ് ഉപയോഗിച്ചരിക്കുന്നത്. 3.5 എം.എം. ഓഡിയോജാക്ക്, ആക്‌സിലറോമീറ്റര്‍, ജിസെന്‍സര്‍ എന്നിവയും ഇതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.
വില തന്നെയാണ് വീഡിയോകോണ്‍ വിടി75സി - യുടെ ഏറ്റവും വലിയ ആകര്‍ഷണം. 5,965 രൂപയ്ക്കാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകളായ ഫ്ലാപ്കാര്‍ട്ടും ഇന്‍ഫിബീമും ഈ ടാബ്‌ലറ്റ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഫോണ്‍ വിളിക്കാന്‍ സൗകര്യമുളള സാംസങ് ഗാലക്‌സി ടാബ് 2 വിന് 15,990 രൂപയും മൈക്രോമാക്‌സ് ഫണ്‍ബുക്കിന് 9499 രൂപയുമാണ് വിലയെന്നറിയുക.
ഒരു സാധാരണ മൊബൈല്‍ ഫോണിന്റെ വിലയ്ക്ക് ടാബ്‌ലറ്റ് നല്‍കുകയെന്ന വിപ്ലവം തന്നെയാണ് വീഡിയോകോണ്‍ നടത്തുന്നതെന്നര്‍ഥം. ഇതിലും വിലക്കുറവില്‍ ടാബ്‌ലറ്റുകള്‍ കിട്ടാനുണ്ടെങ്കിലും വീഡിയോകോണിന്റെ ബ്രാന്‍ഡ് നാമവും വില്പനാന്തര സേവനവും ഈ മോഡലിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. വിടി 10, വിടി71 എന്നീ രണ്ടു ടാബ്‌ലറ്റ് മോഡലുകള്‍ നേരത്തെ വീഡിയോകോണ്‍ വിപണിയിലെത്തിച്ചിരുന്നു.