വെങ്കിട്ടരാമന്‍ രാമകൃഷ്ണനും ജോനാതന്‍ ഐവിനും സര്‍ സ്ഥാനം

Posted on: 31 Dec 2011




നൊബേല്‍ ജേതാവായ വെങ്കിട്ടരാമന്‍ രാമകൃഷ്ണനും ആപ്പിളിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ ജോനാതന്‍ ഐവും 2012 ല്‍ ബ്രിട്ടനില്‍ സര്‍ സ്ഥാനം നല്‍കുന്നവരുടെ പട്ടികയില്‍ ഇടംനേടി.

2009 ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ വെങ്കിട്ടരാമന്, 'തന്മാത്രാജീവശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി'യാണ് ബ്രിട്ടന്‍ ഈ ബഹുമതി നല്‍കാന്‍ തീരുമാനിച്ചത്. പദവി ലഭിക്കുന്നതോടെ അദ്ദേഹത്തെ സര്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ എന്ന് അഭിസംബോധന ചെയ്യാം.

തമിഴ്‌നാട്ടില്‍ കടലൂര്‍ ജില്ലയിലെ ചിദംബരത്ത് 1952 ല്‍ ജനിച്ച വെങ്കിട്ടരാമന്‍, റൈബോസോമുകളെക്കുറിച്ച് നടത്തിയ സുപ്രധാന ഗവേഷണത്തിനാണ് തോമസ് സ്റ്റീട്‌സ്, ആദ യോനാത് എന്നിവര്‍ക്കൊപ്പം നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്.

ബറോഡയില്‍ നിന്ന് ബിരുദം നേടിയ വെങ്കിട്ടരാമന്‍, അമേരിക്കയില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കഴിഞ്ഞ 12 വര്‍ഷമായി ബ്രിട്ടനില്‍ കേംബ്രിഡ്ജിലെ എംആര്‍സി ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ ഗവേഷകനാണ് അദ്ദേഹം.

ഐപോഡ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയ ആപ്പിളിന്റെ ഐതിഹാസിക ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് ജോനാതന്‍ ഐവ്. 1992 ല്‍ ആപ്പിളിലെത്തിയ ജോനാതന്‍, അതിന് ശേഷം ആപ്പിള്‍ നേടിയ വിജയത്തില്‍ വലിയ പങ്ക് വഹിച്ചു.

ഗ്രാഫീന് രൂപംനല്‍കിയതിന് 2010 ലെ ഭൗതികശാസ്ത്ര നൊബേല്‍ നേടിയ മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരായ ആഡ്രെ ഗീം, കൊണ്‍സ്റ്റാന്റിന്‍ നൊവൊസെലോവ് എന്നിവരും ഇത്തവണത്തെ പ്രഭുപദവിക്കാരുടെ പട്ടികയില്‍ സ്ഥാനംനേടി.

2012 ലെ പട്ടികയില്‍ മൂന്നു ശതമാനം പേരാണ് ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ നിന്ന് ഉള്ളവര്‍.


Stories in this Section