ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ക്കായി യു.എസ്.വിദേശകാര്യ വകുപ്പ് ചെലവിട്ടത് 630,000 ഡോളര്‍
യു.എസ്.ഭരണകൂടം കടുത്ത ചെലവുചുരുക്കല്‍ നടപടികളുമായി മുന്നേറുന്ന വേളയില്‍, വിദേശകാര്യ വകുപ്പ് (സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്) ഫെയ്‌സ്ബുക്ക് 'ലൈക്കുകള്‍'ക്കായി ചെലവിട്ടത് 630,000 ഡോളര്‍ (3.78 കോടി രൂപ). ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ നേടാന്‍ രണ്ടുവര്‍ഷംകൊണ്ടാണ് ഇത്രയും തുക ചെലവിട്ടതെന്നാണ് വെളിപ്പെടുത്തല്‍.
ഓഫീസ് ഓഫ് ദി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്, യു.എസ്.ഭരണകൂടത്തെ വെട്ടിലാക്കുന്ന ഈ വിവരമുള്ളത്.
ഗ്ലോബല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിദേശത്തുള്ള പ്രേക്ഷകരെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ഫാനുകളാക്കാനായി, വിദേശകാര്യ വകുപ്പ് 2011, 2012 വര്‍ഷങ്ങളില്‍ രണ്ട് പ്രചാരണ പരിപാടികള്‍ നടത്തി. അതിനാണ് ഇത്രയും തുക ചെലവിട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഫെയ്‌സ്ബുക്ക് ആരാധകരെ 'വിലയ്ക്ക് വാങ്ങാനുദ്ദേശിച്ചുള്ള' പ്രചാരണമായിരുന്നു വിദേശകാര്യ വകുപ്പിന്റേത്. ഫോട്ടോയോ ഫെയ്‌സ്ബുക്ക് പോസ്‌റ്റോ, യഥാര്‍ഥ താത്പര്യമില്ലാത്ത ആളുകളെക്കൊണ്ട് ലൈക്ക് ചെയ്യിക്കുകയാണ് ചെയ്തത്-റിപ്പോര്‍ട്ട് പറയുന്നു.
യു.എസ്.വിദേശകാര്യ വകുപ്പിന് കീഴിലുള്ള 'ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ ഇന്‍ഫര്‍മേഷന്‍ പ്രോഗ്രാംസി'ന് നാല് ഫെയ്‌സ്ബുക്ക് പേജുകളാണുള്ളത്. അവയില്‍ ഓരോന്നിലും 25 ലക്ഷം വരെ ലൈക്കുകള്‍ നേടാന്‍ സാധിച്ചു.
പക്ഷേ, അതില്‍ വെറും രണ്ടുശതമാനം മാത്രമാണ്, ആത്മാര്‍ഥതയോടെ വിഷയങ്ങള്‍ ലൈക്കു ചെയ്യുകയും ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മിക്ക പോസ്റ്റുകളിലും നൂറില്‍ താഴെ മാത്രം കമന്റുകളേ ഉള്ളൂ. ഷെയര്‍ ചെയ്യുന്നതിന്റെ തോതും അതുപോലെ തന്നെ - റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, അതില്‍ പറഞ്ഞിട്ടുള്ള ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുമെന്നും വിദേശകാര്യ വകുപ്പ് വക്താവ് ജെന്‍ സാകി അറിയിച്ചു.