|
|
മിഷ്‌കിന്‍ ഇംഗവേല്‍ ടെഡ് വേദിയില്‍ |
എല്ലാവരും മൂത്രമൊഴിക്കുന്നു, എല്ലാവരുടെയും പക്കല്‍ മൊബൈല്‍ ഫോണുമുണ്ട്. എന്തുകൊണ്ട് ഇതുരണ്ടും കൂട്ടിയിണക്കി, മൂത്രപരിശോധന നവീകരിച്ചുകൂടാ! ഇന്ത്യക്കാരനായ യുവഗവേഷകന്‍ മിഷ്‌കിന്‍ ഇംഗവേല്‍ ഈ ആശയത്തെ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്റെ രൂപത്തില്‍ സാക്ഷാത്ക്കരിച്ചിരിക്കുകയാണ്.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് മൂത്രപരിശോധന അനായാസമാക്കാന്‍ ഇംഗവേല്‍ രൂപംനല്‍കിയതാണ്
'യുചെക്ക്' (Uchek) എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്. ലോസ് ആഞ്ചലിസില്‍ നടക്കുന്ന ഈവര്‍ഷത്തെ
ടെഡ് (Technology, Education and Design þ TED 2013) വേദിയില്‍, ടെഡ് ഫെലോ കൂടിയായ
ഇംഗവേല്‍ തന്റെ പുതിയ കണ്ടെത്തല്‍ അവതരിപ്പിച്ചു.
പരിശോധിക്കേണ്ട മൂത്രത്തില്‍ ഒരു ടെസ്റ്റ് സ്ട്രിപ്പ് മുക്കിയ ശേഷം, സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് അതിന്റെ ഫോട്ടോയെടുത്താല്‍ മതി. യുചെക്ക് ട്രിപ്പിലെ നിറങ്ങള്‍ വിശകലനം ചെയ്ത് പരിശോധനാഫലങ്ങള്‍ മുന്നിലെത്തിക്കും. പ്രമേഹം, മൂത്രനാളിയിലെ അണുബാധ എന്നിങ്ങനെ 25 രോഗങ്ങളുടെ പരിശോധനയ്ക്ക് യുചെക്ക് സഹായിക്കും.
സാധാരണ ഗതിയില്‍ മൂത്രപരിശോധനയ്ക്ക് വേണ്ടിവരുന്ന നടപടിക്രമങ്ങളോ സങ്കീര്‍ണതകളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ, സ്വന്തംനിലയ്ക്ക് ആര്‍ക്കും കുറഞ്ഞ ചെലവില്‍ പരിശോധന നടത്താനുള്ള അവസരമാണ് യുചെക്ക് ഒരുക്കുന്നത്.
|
|
യുചെക് ആപ് - ഐഫോണില്‍ |
മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറയല്‍ ആസ്പത്രിയില്‍ യുചെക്കിന്റെ പരീക്ഷണം നടന്നുവരികയാണെന്ന്, ടെഡ് ശ്രോതാക്കളെ ഇംഗവേല്‍ അറിയിച്ചു. 1200 സാമ്പിളുകള്‍ ഇതിനകം പരിശോധിച്ചപ്പോള്‍ കൃത്യമായ ഫലങ്ങളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഐഫോണിനായുള്ള യുചെക്ക് ആപ്, ആപ്പിള്‍ ആപ് സ്റ്റോറിന്റെ അനുമതി കാക്കുകയാണ്. മാര്‍ച്ച് അവസാനത്തോടെ അത് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് ആപ് തയ്യാറായി വരികയാണെന്ന് ഇംഗവേല്‍ പറഞ്ഞു.
സ്വന്തംനിലയ്ക്ക് ടെസ്റ്റ് നടത്താനാവശ്യമായ കളര്‍-കോഡഡ് മാപ്പും ടെസ്റ്റ് സ്ട്രിപ്പുമടങ്ങിയ ഒരു പാക്കറ്റ് 20 ഡോളറിന് (ഏതാണ്ട് 1000 രൂപ) ഇംഗവേലിന്റെ മെഡിക്കല്‍ കമ്പനി നല്‍കും. സ്മാര്‍ട്ട്‌ഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ 99 സെന്റ് (ഏതാണ്ട് 50 രൂപ) ചെലവ് വരുമെന്ന് 'വയേര്‍ഡ്' റിപ്പോര്‍ട്ട് ചെയ്തു.
ഹൃദയമിടിപ്പിന്റെ തോത് നോക്കാനും, ഉറക്കത്തിന്റെ രീതി വിശകലനം ചെയ്യാനും, മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ മനസിലാക്കാനും ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപുകള്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന സമയമാണിത്. ബയോകെമിസ്ട്രിയെ യൂസര്‍മാരുടെ കൈകളിലെത്തിക്കുന്ന ആപുകള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് ഇംഗവേല്‍ നിരീക്ഷിച്ചു.
ചെലവുകുറഞ്ഞ മെഡിക്കല്‍ സങ്കേതങ്ങള്‍ സാധാരണക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ബയോസെന്‍സ് ടെക്‌നോളജീസി'ന്റെ സഹസ്ഥാപകനാണ് 29-കാരനായ ഇംഗവേല്‍.
ശരീരത്തില്‍ നിന്ന് രക്തം കുത്തിയെടുക്കാതെ രക്തപരിശോധന സാധ്യമാക്കുന്ന സങ്കേതം കഴിഞ്ഞ വര്‍ഷം ഇംഗവേല്‍ അവതരിപ്പിച്ചിരുന്നു.
'ടച്ച്എച്ച്ബി' (TouchHb) എന്നാണ് രക്തത്തിലെ ഹീമോഗ്ലോബിന്‍ നില മനസിലാക്കാന്‍ രൂപപ്പെടുത്തിയ സങ്കേതത്തിന്റെ പേര്. എല്‍.ഇ.ഡി.കളുടെയും ഫോട്ടോഡയോഡുകളുടെയും സഹായത്തോടെയാണ് ടച്ച്എച്ച്ബിയില്‍ രക്തപരിശോധന നടത്തുന്നത്.
വിളര്‍ച്ച മൂലമുള്ള സ്ത്രീകളുടെ അകാല മരണം തടയാനായി രൂപംനല്‍കിയ ആ സങ്കേതം, ആരോഗ്യപ്രവര്‍ത്തകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്.