മൊബൈല്‍ രംഗത്ത് മാറ്റുരയ്ക്കാന്‍ ഉബുണ്ടുവും

Posted on: 06 Nov 2011


-ഷെരീഫ് വെണ്ണക്കോട്‌




ആന്‍ഡ്രോയിഡും ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും രാജാക്കന്‍മാരായി വാഴുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം രംഗത്തേക്ക് അടുത്തയിടെയാണ് മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 മത്സരത്തിനെത്തിയത്. ഈ ഗണത്തിലേക്ക് പുതിയൊരു മത്സരാര്‍ഥി കൂടി എത്തുകയാണ് - പ്രശസ്ത ലിനക്‌സ് ഡിസ്ട്രിബ്യൂഷനായ ഉബുണ്ടു. അടുത്തയിടെ ഉബുണ്ടു ഡെവലപ്പര്‍മാരുടെ സമ്മേളനത്തില്‍ കനോനിക്കല്‍ കമ്പനി ഉടമ മാര്‍ക്ക് ഷട്ടില്‍വര്‍ത്താണ്, ഉബണ്ടുവിന്റെ മൊബൈല്‍ പതിപ്പ് എത്തുന്നതായി പ്രഖ്യാപിച്ചത്.

സ്്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമാണ് മൊബൈല്‍ രംഗത്തുള്ളത്. എന്നാല്‍, ഉബുണ്ടു ഈ രംഗത്ത് മാത്രമല്ല ഡിജിറ്റല്‍ ടിവി, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവേശിക്കുമെന്ന് ഷട്ടില്‍വര്‍ത്ത് പ്രഖ്യാപിച്ചു.

തങ്ങള്‍ ഈ രംഗത്ത് എത്താന്‍ വൈകിപ്പോയി എന്നു സമ്മതിച്ച ഷട്ടില്‍വര്‍ത്ത്, സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇതുവരെ യഥാര്‍ത്ഥ വിജയി ഉണ്ടായിട്ടില്ലെന്നും, ഈ രംഗത്ത് ഇനിയും അവസരങ്ങള്‍ തുറന്നുകിടക്കുകയാണെന്നും സൂചിപ്പിച്ചു. മികച്ച ഉത്പന്നങ്ങള്‍ രംഗത്തെത്തിക്കുന്നവര്‍ക്ക് മൊബൈല്‍ രംഗത്ത് ഇനിയും വിജയിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് തങ്ങളുടെതായ ചില സവിശേഷതകള്‍ ഉണ്ട്്. ആ കാര്‍ഡുപയോഗിച്ചായിരിക്കും പ്രവര്‍ത്തമെന്ന് അദ്ദേഹം അറിയിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോം നിര്‍മാണത്തിന്റെ ഭാഗമായി കഴിഞ്ഞ 18 മാസമായി ഹാര്‍ഡ്‌വേര്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നും, ഇതുവരെ അവസാന തീരുമാനത്തിലെത്തിയിട്ടില്ലെന്നും കനോനിക്കല്‍ കമ്പനി അറിയിച്ചു. 2014 ല്‍ മാത്രമേ ഉബുണ്ടുവിന്റെ മൊബൈല്‍ വകഭേദം പുറത്തിറങ്ങൂ.

സ്വതന്ത്ര മൊബൈല്‍ പ്ലാറ്റ്‌ഫോം ആയ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് തന്നെയാകും സ്വതന്ത്ര ഒഎസ് ആയ ഉബുണ്ടു ഭീഷണിയാവുക എന്നതില്‍ സംശയമില്ല. ഉബുണ്ടു കമ്പ്യൂട്ടര്‍ ഒഎസില്‍ പുതുതായി അവതരിപ്പിച്ച് പ്രശംസ നേടിയ യൂണിറ്റി ഇന്റര്‍ഫേസ് തന്നെയാകും ചെറിയ സ്‌ക്രീനിലേക്കും കൂടിയേറുക എന്ന് കരുതുന്നു.

കമ്പ്യൂട്ടര്‍ ഒഎസ് രംഗത്ത് പ്രചാരം നേടുന്ന ഉബുണ്ടു അതിന്റെ പുതിയ പതിപ്പുകളില്‍ ചില ടാബ്‌ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈലുകളും ടാബ്‌ലറ്റുകളിലുമാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമാണ്, പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോം തന്നെ നിര്‍മിക്കാനുള്ള നീക്കം. ഉബുണ്ടുവിന്റെ ആരാധകരെ ഏറെ സന്തോഷത്തിലാക്കുന്ന തീരുമാനമാണ് ഇതെന്നതില്‍ സംശയമില്ല.

ആന്‍ഡ്രോയിഡിന്റെ നിര്‍മാതാക്കളായ ഗൂഗിള്‍ അടുത്തിടെ മോട്ടറോള കമ്പനിയെ ഏറ്റെടുത്തത്, സാംസങ് അടക്കം ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ സ്മാര്‍ട്ട്‌ഫോണുകളിറക്കുന്ന കമ്പനികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. മോട്ടറോള വഴി ഗൂഗിള്‍ സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണുകള്‍ നിര്‍മിച്ചുവില്‍ക്കാന്‍ തുടങ്ങിയാല്‍, ആന്‍ഡ്രോയിഡിന്റെ പിന്‍ബലത്തില്‍ മുന്നേറിയ മറ്റു കമ്പനികള്‍ക്ക് അത് വെല്ലുവിളിയാകും. അങ്ങനെ സംഭവിച്ചാല്‍ അതിനൊരു ബദല്‍ എന്ന കണക്കിന് ഉബുണ്ടുവിന്റെ മൊബൈല്‍ ഒഎസിനെ അവര്‍ സ്വീകരിക്കാനുള്ള സാധ്യതയുണ്ട്.

ഇങ്ങിനെയൊക്കെയാണെങ്കിലും, 2012 ല്‍ അടുത്ത ഉബുണ്ടു കമ്പ്യൂട്ടര്‍ ഒഎസ് പുറത്തിറക്കിയ ശേഷമേ ഉബുണ്ടുവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ് നിര്‍മാണം ഉണ്ടാവൂ എന്നാണ് കനോനിക്കല്‍ കമ്പനി അറിയിച്ചത്. അടുത്ത ഉബുണ്ടു ഒ.എസ് 12.04 ഒരു ദീര്‍ഘകാല ഒഎസ് ആയിരിക്കുമെന്ന് കമ്പനി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. മൊബൈല്‍ രംഗത്തേക്കുള്ള തങ്ങളുടെ പ്രവേശനം നേരത്തെ മനസ്സില്‍ കണ്ടായിരിക്കണം ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ബ്ലാക്ക്‌ബെറി, എച്ച്പി വെബ് ഒഎസ്, നോക്കിയ സിമ്പിയന്‍ തുടങ്ങിയ മൊബൈല്‍ ഒഎസുകള്‍ പരാജയമം സമ്മതിച്ച രംഗത്ത് ഉബുണ്ടുവിന് എത്രമാത്രം വിജയിക്കാനാകും എന്നറിയാന്‍ ഇനിയും മൂന്നുവര്‍ഷം കാക്കണം എന്നിടത്താണ് പ്രശ്‌നം. അപ്പോഴേക്കും ആപ്പിളും ആന്‍ഡ്രോയിഡും വിന്‍ഡോസ് ഫോണും എത്ര മുന്നേറിയിട്ടുണ്ടാകും.


Stories in this Section