
അക്ഷരത്തെറ്റ് ആര്‍ക്കും പറ്റാം. എന്നാല്‍, ആ തെറ്റില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്നത് 'നാണംകെട്ട പണി'യായി കാണുന്നവരാകും മിക്കവരും. 'നാണംകെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേട് ആ പണം നീക്കിക്കൊള്ളും' എന്ന് വിശ്വസിക്കുന്നവരുടെ കാര്യത്തില്‍ രക്ഷയില്ല. അത്തരക്കാര്‍ എല്ലാ മേഖലയിലും ഉണ്ട്; ഇന്റര്‍നെറ്റ് രംഗത്ത് പ്രത്യേകിച്ചും.
പ്രശസ്തമായ വെബ്‌സൈറ്റുകളുടെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അക്ഷരപ്പിശക് വരാം. അത്തരം പിശകുകള്‍ ഉപയോഗിച്ച് ആവശ്യമില്ലാത്ത ഒരു സൈറ്റിലേക്ക് ഉപഭോക്താവിനെ എത്തിക്കുന്ന ഏര്‍പ്പാടിന് 'ടൈപ്പോസ്‌ക്വാറ്റര്‍' (typosquatter) അഥവാ 'യുആര്‍എല്‍ ഹൈജാക്കിങ്' (URL hijacking) എന്നാണ് പേര്. ഒരുതരം കെണിയാണിത്.
ഏറ്റവും ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ
ഫെയ്‌സ്ബുക്കി (facebook) ന്റെ കാര്യം പരിഗണിക്കാം. facebook.com ന് പകരം faecbook.com എന്ന് ടൈപ്പിങില്‍ ചെറിയൊരു പിശക് പറ്റിയാല്‍ മതി - നിങ്ങള്‍ തെറ്റായ സൈറ്റിലേക്കോ, അല്ലെങ്കില്‍ ഒരു കെണിയിലേക്കോ എത്തിപ്പെടും. ഈ സൈറ്റ് മാത്രമല്ല, facebobk.com, facemook.com എന്നിങ്ങനെ നൂറോളം വ്യാജസൈറ്റുകള്‍ കമ്പനിയുടെ പ്രശസ്തിയും ട്രേഡ്മാര്‍ക്കുകളും ഉപയോഗിക്കുന്നതിനെതിരെ ഫെയ്‌സ്ബുക്ക് കഴിഞ്ഞ ജൂലായില്‍ കോടതിയെ സമീപിക്കുകയുണ്ടായി.
'അക്ഷരപിശാച്' ഇത്തരത്തില്‍ കെണിയൊരുക്കി ഉപഭോക്താക്കളെ വഴിതെറ്റിക്കുന്നതിനൊപ്പം, കമ്പനികള്‍ക്ക് വന്‍ സാമ്പത്തികനഷ്ടവും വരുത്തുന്നതായി
'ബ്ലൂംബര്‍ഗ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. വാഷിങ്ടണ്‍ കേന്ദ്രമായുള്ള ഇന്റര്‍നെറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ 'ഫെയര്‍വിന്‍ഡ്‌സ് പാര്‍ട്‌ണേഴ്‌സ്' (FairWinds Partners) 2010 ല്‍ നടത്തിയ ഒരു പഠനം പറയുന്നത്, ഏറ്റവുമധികം സന്ദര്‍ശകരുടെ 250 ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍ക്ക്, ടൈപ്പോസ്‌ക്വാറ്റര്‍ വഴി പ്രതിവര്‍ഷം 285 മില്യണ്‍ നഷ്ടമുണ്ടാകുന്നു എന്നാണ്.
ഒരു ജനപ്രിയ വെബ്‌സൈറ്റിന്റെ യുആര്‍എല്ലിന് ചിലപ്പോള്‍ ആയിരം അപരന്‍മാരെ വരെ കാണാനാകുമെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ബഞ്ചമിന്‍ ജി. ഇഡല്‍മാന്‍ പറയുന്നു. ടൈപ്പോസ്‌ക്വാറ്റിങിന്റെ ഉത്ഭവം തേടിപ്പോയാല്‍ നമ്മളെത്തുക, ഇന്റര്‍നെറ്റിന്റെ ആരംഭകാലത്തേക്കാകും. എന്നാല്‍, ഈ കള്ളക്കളിക്ക് ആക്കംകൂടിയത് ആഡ് നെറ്റ്‌വര്‍ക്കുകള്‍ വ്യാപകമായതോടെയാണ്. വ്യാജസൈറ്റുകള്‍ക്ക് പണമുണ്ടാക്കാന്‍ അത് അവസരമൊരുക്കി.
ഇത്തരം കള്ളക്കളികള്‍ക്കെതിരെ കമ്പനികള്‍ക്ക് നിയമനടപടിയെടുക്കാം. പക്ഷേ, വ്യാജസൈറ്റുകളുടെ ഉടമകളെ കണ്ടെത്തുക ശ്രമകരവും ഏറെ സമയമെടുക്കുന്ന സംഗതിയുമാണ്. ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ നാമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന 'ഐകാന്‍' (ICANN) സംഘടനയ്ക്ക് മുന്നിലും പരാതികള്‍ ഉന്നയിക്കാനാകും. കമ്പനിയുടെ പേര് 'മോശമായി' ഉപയോഗിക്കുന്നുവെന്ന് തെളിയിച്ചാലേ, വ്യാജന്‍മാര്‍ക്കെതിരെ ഐകാനിന്റെ നടപടിയുണ്ടാകൂ.
തങ്ങളുടെ പേരിനോട് സാമ്യമുള്ള മൂന്ന് വ്യാജസൈറ്റുകളെ (goggle.com,goggle.net, goggle.org) നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി, ഒക്ടോബറില്‍ യു.എസ്. നാഷണല്‍ ആര്‍ബിട്രേഷന്‍ ഫോറം തള്ളുകയുണ്ടായി. ഡേവിഡ് സ്യൂംറിക് എന്ന പേരുള്ള ബിസിനസുകാരനാണ് ഈ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐപാഡ് പോലുള്ള സമ്മാനങ്ങള്‍ നേടാന്‍ ഒരു സര്‍വ്വെയില്‍ പങ്കാളിയാകാനാണ് ആ സൈറ്റുകളിലെത്തുന്നവരോട് ആവശ്യപ്പെടാറ്. എന്നാല്‍, പല ഇന്റര്‍നെറ്റ് നിരീക്ഷകരും പറയുന്നത് ആ സൈറ്റുകള്‍ തട്ടിപ്പാണ്, ഒരു സമ്മാനവും അതിലെത്തുന്നവര്‍ക്ക് നല്‍കുന്നില്ല എന്നാണ്.
Weather Underground എന്ന ഓണ്‍ലൈന്‍ കാലാവസ്ഥാപ്രവചന സൈറ്റ്, തങ്ങളുടെ മൂന്നു ഡസനോളം വ്യാജന്‍മാര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ്. ഇത്തരം വ്യാജസൈറ്റുകള്‍ യൂസര്‍മാരെ ആശയക്കുഴപ്പത്തില്‍ പെടുത്തുകയും വഴിതെറ്റിക്കുകയും മാത്രമല്ല, അപകടങ്ങളിലും പെടുത്തുന്നു. യൂസര്‍മാര്‍ വഴി തെറ്റിയെത്തുന്നത് പലപ്പോഴും ദുഷ്ടപ്രോഗ്രാമുകള്‍ (മാള്‍വെയറുകള്‍) ഒളിപ്പിച്ചു വെച്ചിട്ടുള്ള സൈറ്റുകളിലേക്കാകും.
സന്ദര്‍ശകരെ കിട്ടാനുള്ള വിലകുറഞ്ഞ മാര്‍ഗമാണ് ടൈപ്പ്‌സ്‌ക്വാറ്റിങ്. കോംപീറ്റ് ഡോട്ട് കോം (Com-pete.com) എന്ന കമ്പനി പുറത്തുവിട്ട കണക്കു പ്രകാരം, goggle.com എന്ന സൈറ്റിന് സപ്തംബറില്‍ അമേരിക്കയില്‍ നിന്നു മാത്രം ലഭിച്ചത് 824,850 സന്ദര്‍ശകരെയാണ്.
ഗൂഗിള്‍ ഒരേസമയം ടൈപ്പ്‌സ്‌ക്വാറ്റിങിന്റെ ഇരയും ഗുണഭോക്താവുമാണെന്ന് ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ഇഡല്‍മാന്‍ അഭിപ്രായപ്പെടുന്നു. ഗൂഗിളിന്റെ കുറെ സന്ദര്‍ശകരെ വഴിതെറ്റിച്ച് ഇത്തരം സൈറ്റുകള്‍ കൊണ്ടുപോകുന്നു എന്നത് സത്യം തന്നെ. സ്വാഭാവികമായും അത് ഗൂഗിളിന് ദോഷമുണ്ടാക്കുന്ന സംഗതിയാണ്. എന്നാല്‍, ഇത്തരം സൈറ്റുകളില്‍ മിക്കതും കാശുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ തന്നെ ആഡ്‌സെന്‍സ് സര്‍വീസാണ്. അതില്‍ നിന്നുള്ള വരുമാനത്തില്‍ ഒരു വിഹിതം ഗൂഗിളിന് തന്നെയാണ് കിട്ടുക. പ്രതിവര്‍ഷം ഏതാണ്ട് 500 മില്യണ്‍ ഡോളറാണ് ഇത്തരം വ്യാജസൈറ്റുകളില്‍ നിന്ന് ഗൂഗിളിന് ലഭിക്കുന്നതെന്ന് ഇഡല്‍മാന്‍ പറയുന്നു.
യഥാര്‍ഥ സൈറ്റാണെന്ന് കരുതി വ്യാജസൈറ്റുകളിലേക്ക് ഈമെയിലുകള്‍ വഴി കോര്‍പ്പറേറ്റ് രഹസ്യങ്ങള്‍ എത്തുന്ന സംഭവങ്ങളും കുറവല്ല. സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സുരക്ഷാ കമ്പനിയായ 'ഗൊഡായ് ഗ്രൂപ്പ്' (Godai Group) ഇതുസംബന്ധിച്ച് ഒരു പഠനം നടത്തിയപ്പോള്‍ നടുക്കമുളവാക്കുന്ന ഫലമാണ് ലഭിച്ചത്. അമേരിക്കയിലെ 500 വന്‍കിട കമ്പനികളുടെ പേരിനോട് സാമ്യമുള്ള ഡൊമെയ്‌നുകള്‍ സൃഷ്ടിച്ചായിരുന്നു പഠനം.
എംപ്ലോയീ യൂസര്‍നെയിമുകള്‍, പാസ്‌വേഡുകള്‍, വാണിജ്യരഹസ്യങ്ങള്‍ എന്നിങ്ങനെയുള്ള രഹസ്യവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 120,000 ഈമെയിലുകളാണ് ഗവേഷകര്‍ക്ക് കൈക്കലാക്കാന്‍ സാധിച്ചത്. ശരിക്കും കോര്‍പ്പറേറ്റ് ചാരപ്പണിക്ക് പറ്റിയ വിവരങ്ങളാണ് തങ്ങള്‍ക്ക് ശേഖരിക്കാനായതെന്ന്, ഗൊഡായ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗാരെറ്റ് ഗീ പറയുന്നു. അപരന്‍മാര്‍ സൃഷ്ടിക്കുന്ന ഭീഷണിയുടെ ആഴം വെളിവാക്കുന്നതാണ് ഈ പഠനം. (കടപ്പാട് :
Bloomberg Businessweek)