ഈവര്‍ഷം ട്വിറ്ററില്‍ നിറഞ്ഞത് ഈജിപ്ത്‌

Posted on: 06 Dec 2011



കടന്നുപോവുന്ന വര്‍ഷത്തില്‍ ലോകത്ത് നടന്ന ഏറ്റവും വാര്‍ത്താപ്രാധാന്യമുള്ള സംഭവം അല്‍ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ വധമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഉസാമയെയും കടന്ന് ട്വിറ്റര്‍ സന്ദേശങ്ങളില്‍ നിറഞ്ഞത് ജനാധിപത്യപ്രക്ഷോഭം ആളിപ്പടര്‍ന്ന ഈജിപ്തും അവിടത്തെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ഹുസ്‌നി മുബാറക്കുമാണ്.

ഇന്‍റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മാസൈറ്റായ ട്വിറ്ററില്‍ 2011-ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഹാഷ് ടാഗുകളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് വാര്‍ത്താ വിഭാഗത്തില്‍ ഈജിപ്ത് ഒന്നാം സ്ഥാനത്തെത്തിയത്. ഉസാമവധം പട്ടികയില്‍ തൊട്ടടുത്ത സ്ഥാനമുറപ്പിച്ചു. ജപ്പാനില്‍ കനത്ത നാശം വിതച്ച സുനാമിയാണ് മൂന്നാം സ്ഥാനത്ത്. ഒരേ വിഷയത്തെപ്പറ്റി നല്‍കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ ഒരുമിച്ചുചേര്‍ക്കാനാണ് ഹാഷ് (R#) ടാഗ് ഉപയോഗിക്കുന്നത്.

പൊതുവിഭാഗത്തില്‍ ഈജിപ്ത്തന്നെയാണ് ഒന്നാം സ്ഥാനത്ത്. പ്രശസ്ത യു.എസ്. നടന്‍ ചാര്‍ലി ഷീന്‍ നടത്തിയ 'ടൈഗര്‍ബ്ലഡ്' എന്ന പരാമര്‍ശമാണ് രണ്ടാം സ്ഥാനത്ത്. സംഗീതവിഭാഗത്തില്‍ റബേക്ക ബ്ലാക്ക് എന്ന യു.എസ്. പെണ്‍കുട്ടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. യു ട്യൂബില്‍ 'ഫ്രൈഡേ' എന്ന പേരില്‍ അസംബന്ധ ഗാനം പോസ്റ്റ് ചെയ്ത് ഏറെ വിമര്‍ശങ്ങളും തെറിയും നേരിട്ട റബേക്ക ബ്ലാക്ക് കുപ്രസിദ്ധിയിലൂടെയാണെങ്കിലും പല പ്രമുഖരെയും അട്ടിമറിച്ച് ഒന്നാം സ്ഥാനത്തെത്തി.
TAGS:


Stories in this Section