ഫോട്ടോ പങ്കിടാനും ട്വിറ്റര്‍

Posted on: 04 Jun 2011


-സ്വന്തം ലേഖകന്‍




140 ക്യാരക്ടറുകളുടെ തടവില്‍ നിന്ന് ട്വിറ്റര്‍ പുറത്തു കടക്കുകയാണ്. ആയിരം വാക്കുകളെക്കാള്‍ ശക്തമാണ് ഒരു ചിത്രം എന്ന തത്ത്വം അംഗീകരിച്ചുകൊണ്ട്, തങ്ങളും ഫോട്ടോപങ്കിടല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം മൂന്നു ദിവസം മുമ്പാണ് ട്വിറ്റര്‍ വെളിപ്പെടുത്തിയത്.

ഇത്രകാലവും ട്വിറ്റ്പിക്, വൈഫ്രോഗ് തുടങ്ങിയ തേര്‍ഡ്പാര്‍ട്ടി സര്‍വീസുകള്‍ വഴിയാണ് ട്വിറ്ററില്‍ ഫോട്ടോ പങ്കിടല്‍ സാധ്യമായിരുന്നത്. ട്വിറ്ററില്‍ നേരിട്ട് ഫോട്ടോ ഷെയര്‍ ചെയ്യാവുന്ന അവസ്ഥയാണ് പുതിയ സര്‍വീസ് സാധ്യമാക്കുക. ഏതാണ്ട് 800 കോടി ഫോട്ടോകളും വീഡിയോകളും ഉള്‍ക്കൊള്ളുന്ന 'ഫോട്ടോബക്കറ്റു'മായി കൈകോര്‍ത്താണ് പുതിയ സര്‍വീസ് ട്വിറ്റര്‍ ആരംഭിക്കുന്നത്.

ട്വിറ്റര്‍ അതിന്റെ സെര്‍ച്ച് രീതിയില്‍ മാറ്റം വരുത്തുന്ന സമയത്ത് തന്നെയാണ്, ഫോട്ടോ പങ്കിടല്‍ സര്‍വീസും ആരംഭിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. സെര്‍ച്ച് ഫലം കാണിക്കുന്ന ട്വിറ്റര്‍ പേജുകളില്‍ ഇപ്പോള്‍ ആ വിഷയവുമായി ബന്ധപ്പെട്ട ജനപ്രിയ ഫോട്ടോകലും വീഡിയോകളും പ്രത്യക്ഷപ്പെടും. സെര്‍ച്ച് ഫലത്തിനൊപ്പമുള്ള വീഡിയോ വരുന്നത് യൂട്യൂബ്, വിമിയോ തുടങ്ങിയ സൈറ്റുകളില്‍ നിന്നാണ്.

ഫോട്ട് അപ്‌ലോഡ് ചെയ്യാനും അത് ട്വിറ്റുകള്‍ക്കൊപ്പം കൂട്ടിയിണക്കാനും സഹായിക്കുന്ന ഫീച്ചര്‍ കുറെ ആഴ്ചകള്‍ക്കുള്ളില്‍ ഏര്‍പ്പെടുത്തുമെന്ന് ട്വിറ്റര്‍ ബ്ലോഗ് അറിയിക്കുന്നു.

ട്വിറ്റര്‍ പരിസ്ഥിതിയില്‍ ഫോട്ടോ പങ്കിടലിന്റെ സ്വഭാവം എന്തായിരിക്കുമെന്നറിയാന്‍, സോഷ്യല്‍ മീഡിയ ഗവേഷണസ്ഥാപനമായ സ്വിസോമൊസ് കഴിഞ്ഞ ദിവസം ഒരു പഠനം നടത്തുകയുണ്ടായി. ഒരു ദിവസത്തെ മുഴുവന്‍ ട്വിറ്റുകളുമാണ് പരിശോധിച്ചത്.

ആകെ ട്വിറ്റുകളില്‍ 1.25 ശതമാനത്തില്‍ ഏതെങ്കിലുമൊരു ഫോട്ടോഷെയറിങ് സര്‍വീസില്‍ നിന്ന് ലിങ്കുള്ളതായി പഠനത്തില്‍ കണ്ടു. ലിങ്കുകളോടെ പോസ്റ്റു ചെയ്യപ്പെടുന്ന ട്വിറ്റുകള്‍ 13.6 ശതമാനാണ്. മൊത്തം ലിങ്കുകളുള്ള ട്വിറ്റുകളില്‍ പന്ത്രണ്ടിലൊന്നിലാണ് ചിത്രങ്ങളുടെ ലിങ്കുള്ളത്. എന്നുവെച്ചാല്‍, ദിവസം 21.25 ലക്ഷം ട്വിറ്റുകള്‍ തേര്‍ഡ് പാര്‍ട്ടി സര്‍വീസുകളില്‍ നിന്നുള്ള ചിത്രങ്ങളുടെ ലിങ്കുകളോടെ പോസ്റ്റ് ചെയ്യപ്പെടുന്നു.

തേര്‍ഡ് പാര്‍ട്ടി സര്‍വീസുകളുടെ സഹായമില്ലാതെ ട്വിറ്ററില്‍ നേരിട്ട് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാമെന്ന സ്ഥിതി വന്നാല്‍, പങ്കുവെയ്ക്കപ്പെടുന്ന ഫോട്ടോകളുടെ സംഖ്യ പതിന്‍മടങ്ങ് വര്‍ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

TAGS:
twitter  |  twitpic  |  yfrog  |  photobucket  |  photo sharing  |  social media 


Stories in this Section