
'ഇനിയീ പരിപാടി നടപ്പില്ല' -പറയുന്നത് ട്വിറ്ററിന്റെ കോഡിങ് ചീഫ് റ്യാന്‍ സാര്‍വര്‍. ട്വിറ്ററിനെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സോഫ്ട്‌വേര്‍ ഡെവലപ്മാരോടാണ് റ്യാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിനെ ഉപജീവിച്ചു പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ കടുത്ത നിലപാടെടുക്കുമെന്ന റ്യാനിന്റെ പ്രഖ്യാപനം സൈബര്‍ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു.
140 ക്യാരക്ടറുകള്‍ മാത്രമുപയോഗിച്ച് ആശയവിനിമയം നടത്തുന്ന ട്വിറ്റര്‍ എന്ന സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റിന് ലോകമെങ്ങും ഇപ്പോള്‍ കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ഒരുദിവസം 14 കോടി ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലുടെ കൈമാറ്റം ചെയ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഇതു 4.8 കോടിയായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഈ വര്‍ധനവിന്റെ സാമ്പത്തികനേട്ടം മുഴുവന്‍ കൊയ്യുന്നത് അന്യകമ്പനികളാണെന്നതാണ് ട്വിറ്റര്‍ നടത്തിപ്പുകാരെ ചൊടിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് തങ്ങളുടെ പ്രൈവസി നയങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
ടോപ്ട്വീറ്റ്, ട്വീറ്റ്ബീപ്, ട്വീറ്റ്‌ഡെക്ക്, ട്വിറ്റ്‌ഫ്രോഗ്, ട്വീറ്റ്മി, ട്വിറ്റര്‍മെന്റ്.... ട്വിറ്ററിനെ ഉപജീവിച്ച് തേഡ്പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന ഇത്തരം സൈറ്റുകള്‍ നൂറിേലറെയുണ്ട്. സ്‌ക്വിഡ്ഡൂ എന്ന വെബ്‌സൈറ്റിലെ കണക്കുപ്രകാരം 275 വെബ്‌സൈറ്റുകള്‍ ട്വിറ്ററിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ട്വിറ്ററില്‍ നിന്ന് നമുക്കാവശ്യമുള്ള ട്വീറ്റുകള്‍ തിരഞ്ഞെടുക്കാനും ഫോട്ടോകള്‍ പോസ്റ്റ്‌ചെയ്യാനും ട്വീറ്റുകളുടെ നീളം കൂട്ടാനുമൊക്കെ ഈ സൈറ്റുകള്‍ സഹായിക്കുന്നു. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് ട്വിറ്ററില്‍ നിന്നുള്ള ട്വീറ്റുകള്‍ ഉപയോഗിച്ചുതന്നെ. മൊബൈല്‍ഫോണുകളില്‍ ട്വീറ്റുകള്‍ വായിക്കാനുള്ള അപ്ലിക്കേഷനുകളും നിരവധി. പലകമ്പനികളും വന്‍തോതില്‍ പരസ്യവരുമാനവും ഇതുവഴിയുണ്ടാക്കുന്നു.
ഇതൊക്കെ മനസിലാക്കിയതുകൊണ്ടാണ് ട്വിറ്റര്‍ കോഡിങ് ചീഫ് റ്യാന്‍ സാര്‍വര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. '' ട്വിറ്ററിനെ ആശ്രയിച്ച് ഇനിയും വന്‍ലാഭമുണ്ടാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണുത്തരം. സമാനമായ പേരുകളുള്ള നിരവധി സൈറ്റുകള്‍ ട്വിറ്ററിലെ ട്വീറ്റുകള്‍ കൈാര്യം ചെയ്യുന്നതുകൊണ്ട് വലിയ ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്. ജനങ്ങള്‍ക്ക് യഥാര്‍ഥ ട്വിറ്റര്‍ അനുഭവം നിഷേധിക്കുകയാണ് ഈ സൈറ്റുകള്‍. ഇനിയീ രീതി നടപ്പില്ലെന്ന് ഞാന്‍ വ്യക്തമാക്കട്ടെ''- കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ബ്ലോഗില്‍ റ്യാന്‍ നയം വ്യക്തമാക്കി.
നിലവിലുള്ള കമ്പനികള്‍ തങ്ങളുടെ സേവനം തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും റ്യാന്‍ സൂചിപ്പിച്ചു. എന്നാല്‍ ഇനിയും പുതിയ കമ്പനികള്‍ ഈ രംഗത്തേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കില്ല. അതിനായി കമ്പനിയുടെ പ്രൈവസി നയങ്ങളില്‍ മാറ്റം വരുത്തും.
നിലവില്‍ ഐഫോണ്‍, ബ്ലാക്ക്‌ബെറി, ഐപാഡ്, വിന്‍ഡോസ് ഫോണ്‍, ആന്‍ഡ്രോയ്ഡ് എന്നിവയെല്ലാം ഉപയോഗിക്കുന്നത് ട്വിറ്റര്‍ തന്നെ വികസിപ്പിച്ചെടുത്ത ഔദ്യോഗിക അപ്ലിക്കേഷനുകളാണ്. അവര്‍ക്ക് തുടര്‍ന്നും തടസങ്ങളില്ലാതെ ട്വിറ്ററിന്റെ സേവനങ്ങള്‍ ആസ്വദിക്കാം. അനധികൃത അപ്ലിക്കേഷനുകള്‍ക്കെതിരെയാണ് കമ്പനി നടപടിയെടുക്കുകയെന്നും റ്യാന്‍ പറഞ്ഞു.
'' ട്വിറ്ററില്‍ ഒരാള്‍ നടത്തുന്ന ട്വീറ്റ് മറ്റൊരു വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഉപഭോക്താക്കള്‍ക്ക് അതുവഴി നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുകയെന്നതും ഞങ്ങളുടെ ഈ തീരുമാനത്തിനു പിന്നിലുണ്ട്''-റ്യാന്‍ തുടരുന്നു.
റ്യാന്‍ സാര്‍വറിന്റെ ഈ നിലപാടിനെതിരെ ഡെവലപ്പര്‍മാരുടെ സമൂഹം പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു. ട്വിറ്ററിന് ഇത്ര ജനപ്രീതി നേടിക്കൊടുത്തത് തങ്ങളെപോലുള്ളവരുണ്ടാക്കിയ വെബ്‌സൈറ്റുകളാണെന്നതാണ് ഇവരുടെ വാദം. ട്വിറ്ററിന്റെ ബഹുസ്വര സംസ്‌കാരം തകര്‍ത്ത് പണം കൊയ്യാനുള്ള മുതലാളിത്ത നീക്കമാണിതെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നുണ്ട്. ''ഇത്രയും പേരിലേക്ക് ട്വിറ്റര്‍ എത്തിച്ചതിന് നന്ദി. ഇനി പോയി തുലഞ്ഞോ'' എന്നതാണ് റ്യാന്‍ സാര്‍വര്‍ പറഞ്ഞതിന്റെ പച്ചമലയാളമെന്ന് ഒരു ഡെവലപ്പര്‍ കമന്റ് ചെയ്തിരിക്കുന്നു. ട്വിറ്ററിന്റെ ഭീഷണിയെ മറികടക്കാന്‍ ടെക്ക്‌പോരാളികള്‍ എന്തൊക്കെ ചെയ്യുമെന്നാണ് ഇനി കാണാനുള്ളത്.
ട്വിറ്റര്‍ അപ്ലിക്കേഷനുകളുടെ വിശദമായ പട്ടിക കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കാം.
http://www.squidoo.com/twitterapps