പാഴ്‌സന്ദേശ റാക്കറ്റിനെതിരെ ട്വിറ്റര്‍ നിയമയുദ്ധത്തിന്

Posted on: 06 Apr 2012


-സ്വന്തം ലേഖകന്‍




ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്ക് പാഴ്‌സന്ദേശങ്ങള്‍ അഥവാ സ്പാം (spam) സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. ട്വിറ്റര്‍ പോലുള്ള സോഷ്യന്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളാണ് പാഴ്‌സന്ദേശ ആക്രമണങ്ങളുടെ മുഖ്യ ഇരകള്‍.

ഈ വിപത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ട്വിറ്റര്‍. പാഴ്‌സന്ദേശങ്ങള്‍ പടച്ചുവിടാന്‍ ആവശ്യമായ സംവിധാനമൊരുക്കുന്ന അഞ്ച് കമ്പനികള്‍ക്കെതിരെ സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ ട്വിറ്റര്‍ ഹര്‍ജി ഫയല്‍ചെയ്തു. ഔദ്യോഗിക ബ്ലോഗിലാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്.


അഞ്ചു കമ്പനികള്‍ക്കെതിരെയാണ് ട്വിറ്ററിന്റെ കേസ്. ട്വീറ്റ് അറ്റാക്ക്‌സ് (TweetAttacks), ട്വീറ്റ് ആഡര്‍ (TweetAdder), ട്വീറ്റ് ബഡ്ഡി (TweetBuddy), ജെയിംസ് ലൂസെറോ (James Lucero), ഗാര്‍ലന്‍ഡ് ഹാരിസ് (Garland Harris) എന്നിവയാണവ. ട്വിറ്റര്‍ സ്പാം റാക്കറ്റിലെ പ്രധാനകണ്ണികള്‍ ഇവയാണെന്ന് ട്വിറ്റര്‍ ആരോപിക്കുന്നു.

സ്പാം ചെയ്യുന്ന ദ്രോഹമെത്രയെന്ന് മനസിലാക്കാന്‍, വെറുതെ ഒന്ന് 'ഐപാഡ്' (iPad) എന്ന് ട്വിറ്ററില്‍ സെര്‍ച്ച് ചെയ്തുനോക്കിയാല്‍ മതി. ഡിസ്‌കൗണ്ടില്‍ 99 ഡോളറിന് ടാബ്‌ലറ്റുകള്‍ വാങ്ങാനുള്ള വ്യാജപോസ്റ്റുകളുടെ പ്രളയമാണുണ്ടാവുക.

ഇത്തരം വ്യാജസന്ദേശങ്ങള്‍ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ വന്‍തോതില്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്യാന്‍ സഹായിക്കുന്ന സോഫ്ട്‌വേര്‍ ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനികളെയാണ് ട്വിറ്റര്‍ കോടതി കയറ്റുന്നത്. ഇത്തരം കമ്പനികള്‍ക്കെതിരെയുള്ള നിയമനടപടി സ്പാം പടച്ചുവിടുന്നവരെ നിരായുധരാക്കുമെന്ന് ട്വിറ്റര്‍ കരുതുന്നു.

പാഴ്‌സന്ദേശ റാക്കറ്റുകള്‍ക്കെതിരെ നിയമനടപടിക്ക് പുറപ്പെടുന്ന ആദ്യ കമ്പനിയല്ല ട്വിറ്റര്‍. പല പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളും സ്പാംനിര്‍മാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

ആഡ്‌സെന്‍ഡ് മീഡിയ (Adscend Media) എന്ന കമ്പനിക്കെതിരെ ഫെയ്‌സ്ബുക്ക് അടുത്തയിടെ രണ്ട് കേസുകളാണ് ഫയല്‍ ചെയ്തത്. 'ക്ലിക്ക്ജാക്കിങ്' ('clickjacking') എന്ന കുതന്ത്രത്തിലൂടെ ഫെയ്‌സ്ബുക്കില്‍ സ്പാം പരത്തുന്നതിനെതിരെയാണ് ഈ നടപടി.

ഔഷധങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വ്യാജസന്ദേശങ്ങള്‍ പടച്ചുവിടുന്ന ചില കേന്ദ്രങ്ങള്‍ക്കെതിരെ ഗൂഗിളും നിയമനടപടിക്ക് ഒരുങ്ങിയിട്ടുണ്ട്.

പാഴ്‌സന്ദേശങ്ങള്‍ ഒഴിവാക്കാന്‍ കുറഞ്ഞത് ഏഴുലക്ഷം ഡോളര്‍ തങ്ങള്‍ക്ക് ചെലവിടേണ്ടി വന്നതായി ട്വിറ്റര്‍ പറയുന്നു. സ്പാമിനെതിരെയുള്ള പ്രവര്‍ത്തനം തങ്ങളുടെ എന്‍ജിനിയര്‍മാര്‍ തുടരുമെന്നും കമ്പനി വ്യക്തമാക്കി.
TAGS:
twitter  |  social media  |  social network  |  online security  |  spam 


Stories in this Section