വധഭീഷണിയുടെ രൂപത്തില്‍ പുതിയ മൊബൈല്‍ തട്ടിപ്പ്‌

Posted on: 24 Jul 2012


-സ്വന്തം ലേഖകന്‍




'മൂന്നുലക്ഷം രൂപ 48 മണിക്കൂറിനകം നല്‍കണം; ഇല്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളൂ' എന്നൊരു ടെക്‌സ്റ്റ് സന്ദേശം നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന കാര്യം ആലോചിച്ചു നോക്കൂ. അത് തട്ടിപ്പാണെന്ന് കരുതി തള്ളിക്കളയാന്‍ പലര്‍ക്കും കഴിഞ്ഞെന്ന് വരില്ല. പലരുടെയും ഉറക്കംകെടുത്താന്‍ അത്തരമൊരു സന്ദേശം ധാരാളം.

ഇത്തരം മൊബൈല്‍ വധഭീഷണി വഴി ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. അയ്യായിരം ഓസ്‌ട്രേലിയന്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളൂ എന്ന സന്ദേശമാണ് ഓസ്‌ട്രേലിയക്കാരുടെ മൊബൈലുകളിലേക്ക് എത്തിയത്. അതെത്തുടര്‍ന്ന് പോലീസിലേക്ക് പരാതി പ്രവഹിക്കാന്‍ തുടങ്ങി.

ഇത്ര വിപുലമായ തട്ടിപ്പ് അധികൃതരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. സംഘടിതമായ ഒരു ക്രിമിനല്‍ സംഘം ഇതിന് പിന്നിലുണ്ടാകുമെന്ന് അവര്‍ കരുതുന്നു.

ഇത്തരം ഭീഷണി സന്ദേശങ്ങളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ അരുത്. പേടിക്കേണ്ട ആവശ്യമില്ല-ക്യൂന്‍സ്‌ലന്‍ഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബ്രിയാന്‍ ഹായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സന്ദേശം ലഭിച്ചാലുടന്‍ അത് ഡിലീറ്റ് ചെയ്യാന്‍ അദ്ദേഹം മൊബൈല്‍ ഉപയോഗിക്കുന്നവരെ ഉപദേശിച്ചു.

തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയയില്‍ പലരുടെയും മൊബൈലുകളിലേക്ക് സന്ദേശം എത്താന്‍ തുടങ്ങിയത്. അതിങ്ങനെയായിരുന്നു: 'നിങ്ങളെ വധിക്കാന്‍ എനിക്ക് ഒരാള്‍ കാശ് നല്‍കിയിരിക്കുന്നു. അതൊഴിവാക്കാന്‍ 48 മണിക്കൂറിനുള്ളില്‍ 5000 ഡോളര്‍ നല്‍കുക. പോലീസിനെയോ മറ്റാരെയെങ്കിലുമോ അറിയിച്ചാല്‍ മരണം സുനിശ്ചിതം' ('Sum1 paid me to kill you. Get spared, 48hrs to pay $5000. If you inform the police or anybody, death is promised.')

രണ്ടുദിവസംകൊണ്ട് ആയിരങ്ങള്‍ക്ക് ഭീതിപ്പെടുത്തുന്ന ഈ സന്ദേശം ലഭിച്ചു. ഒരു യാഹൂ ഈമെയില്‍ അക്കൗണ്ടിലേക്കാണ് സന്ദേശത്തില്‍നിന്ന് ലിങ്ക് നല്‍കിയിരിക്കുന്നത്. ആ ഈമെയില്‍ ഐഡി പോലീസ് ഇടപെട്ട് നിര്‍വീര്യമാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിമിനലുകളാണോ ഇതിന് പിന്നിലെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് ബ്രിയാന്‍ ഹായി അറിയിച്ചു. ഇത്ര വിപുലമായ ഒരു തട്ടിപ്പ് ശ്രമം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
TAGS:
text scam  |  death threat  |  australia  |  mobile scam 


Stories in this Section