ഏഴിഞ്ചില്‍ സൈ്വപ്പിന്റെ ത്രീഡി വിപ്ലവം

Posted on: 19 Feb 2013





ടാബ്‌ലറ്റ് പിസിയായാലും മൊബൈല്‍ ഫോണായാലും വാങ്ങുന്നതിന് മുമ്പ് വമ്പന്‍ ബ്രാന്‍ഡുകള്‍ വേണോ അതോ വലിയ പേരില്ലാത്ത വിശ്വാസ്യയോഗ്യമായ കുഞ്ഞു ബ്രാന്‍ഡുകള്‍ മതിയോ എന്ന ചോദ്യത്തിനാവും നമ്മള്‍ ആദ്യം ഉത്തരം കണ്ടെത്തുക. ചൈന എന്ന പേരിന് മാര്‍ക്കറ്റില്‍ പുത്തന്‍ ബ്രാന്‍ഡ് 'മൂല്യം' വന്നതില്‍ പിന്നെ രണ്ടാമത്തെ വിഭാഗത്തിന്റെ പിന്നാലെ പോകുന്നവര്‍ വളരെയേറെയാണ്. അതായത് പേരിലെന്തിരിക്കുന്നു കാര്യം നടന്നാല്‍ പോരെ എന്ന ലൈന്‍. ടാബുകളുടെ കാര്യത്തിലും അങ്ങനെ തന്നെ.

ആകാശ് വിപ്ലവം എന്ന് പറഞ്ഞുകേട്ടു തുടങ്ങിയതുമുതല്‍ വിലകുറഞ്ഞ ടാബ്‌ലറ്റുകള്‍ക്ക് വിപണിയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കുഞ്ഞു ബ്രാന്‍ഡുകള്‍ തമ്മിലുള്ള മത്സരത്തിലും വന്നു പുതിയ മാനങ്ങള്‍. ഓരോരുത്തരും പുതിയ ഫീച്ചറുകളുമായി രംഗത്തെത്തി. ജന്മംകൊണ്ട് സിലിക്കണ്‍ വാലിക്കാരനായ സൈ്വപ്പ് ടാബുകളും അങ്ങനെയാണ് ഇന്ത്യന്‍ വിപണിയില്‍ രംഗപ്രവേശനം ചെയ്തത്. Swipe 3D Life Tab എന്നാല്‍ പ്രത്യേകതയെന്താണെന്ന് പേരില്‍ തന്നെയുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ടാബ് എന്നാണ് പരസ്യവാചകം. ഏഴിഞ്ചില്‍ തീര്‍ത്ത ത്രീഡി വിപ്ലവമെന്നും പറയാം. കൂടെക്കിട്ടുന്ന രണ്ട് നിറങ്ങളില്‍ ഗ്ലാസുകളുള്ള കണ്ണടയുപയോഗിച്ച് ത്രീഡി വീഡിയോകള്‍ കാണാം. തരക്കേടില്ലാത്ത കാഴ്ചാനുഭവം തരുന്നുണ്ട്. ആറായിരം രൂപ മുതല്‍ മുകളിലേക്കാണ് വില എന്നു കേള്‍ക്കുമ്പോള്‍ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. ആദ്യത്തെ ഡ്യുവല്‍ സിം ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റ് എന്നവകാശപ്പെടുന്ന മോഡലിന് 11,999 രൂപ വരും.

സൈ്വപ്പ് x743D മോഡലിന് ആന്‍ഡ്രോയ്ഡ് 4.0.3 ഐസ്‌ക്രീം സാന്റ്‌വിച്ചാണ് ഓപ്പറേറ്റിങ് സിസ്റ്റം. 1.5 മെഗാഹെഡ്‌സ് ആല്‍വിന്നര്‍ ബോക്‌സ്ചിപ്പ് പ്രൊസസര്‍, ഏഴിഞ്ചില്‍ 5 പോയന്റ് മള്‍ട്ടി ടച്ച് കപാസിറ്റീവ് ടച്ച് സ്‌കീന്‍, രണ്ട് മെഗാപിക്‌സ് ഫ്രണ്ട് ക്യാമറ, നാലു ജിബി ഇന്‍ബില്‍റ്റ് മെമ്മറി, 32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്, വൈഫൈ, 3ജി... അങ്ങനെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞാല്‍ ഒട്ടും മുഷിപ്പു തോന്നാത്ത സ്‌പെസിഫിക്കേഷനാണുള്ളത്. നാലുമോഡലുകളില്‍ സൈ്വപ്പ് ടാബുകള്‍ ലഭിക്കും.

-ബി.എസ്‌


Stories in this Section